Breaking News

Trending right now:
Description
 
Aug 03, 2014

എലൈവ്‌ കോര്‍ ഇസിജി മൊബൈല്‍ഫോണ്‍

image വീട്ടിലോ, ജോലിസ്ഥലത്തോ മറ്റേതെങ്കിലും പൊതുവേദിയിലോവച്ച്‌ നെഞ്ചില്‍ അസ്വസ്ഥത ഉണ്ടായാല്‍ ആശുപത്രി തേടി ഇനി ഓടേണ്ട. എലൈവ്‌ കോര്‍ ഇസിജി മോണിട്ടര്‍ ഘടിപ്പിച്ചിട്ടുള്ള മൊബൈല്‍ഫോണ്‍ കൈയിലുണ്ടായാല്‍ മതി. ഫോണിന്റെ കെയ്‌സിലുള്ള ഇലക്ട്രോഡുകള്‍ ഇരുകളിലെയും ഓരോ വിരലുകള്‍ ചേര്‍ത്തുവയ്‌ക്കുകയേ വേണ്ടൂ. സെക്കന്‍ഡുകള്‍ക്കകം ഇസിജി രേഖകള്‍ ഫോണിന്റെ മോണിട്ടറില്‍ തെളിയും. എലൈവ്‌ ഇസിജി എന്ന ആപ്പില്‍ ശേഖരിക്കപ്പെടുകയും ചെയ്യും. ഇസിജി ഉടന്‍ ഡോക്ടര്‍ക്ക്‌ അയച്ചുകൊടുക്കാവുന്നതാണ്‌. ഇസിജി കണ്ട ഡോക്ടറുടെ നിര്‍ദേശം ഉടന്‍ ലഭിക്കുന്നതോടെ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്താവുന്നതാണ്‌. ഗുരുതരമായ പ്രശ്‌നമാണോ അല്ലയോ എന്നറിയുന്ന മുറയ്‌ക്ക്‌ ഡോക്ടറെ സമീപിക്കാം. ഉടനടി ചികിത്സ ലഭിച്ചില്ലെങ്കില്‍ സംഭവിച്ചേക്കാവുന്ന പെട്ടെന്നുള്ള മരണത്തില്‍നിന്ന്‌ രോഗിക്ക്‌ അത്ഭുതകരമായി രക്ഷപ്പെടാനാവും.

അമേരിക്കയിലെ ഒക്കലഹോമയിലുള്ള ഹൃദ്രോഗവിദഗ്‌ധന്‍ ഡേവിഡ്‌ ആല്‍ബര്‍ട്ട്‌ കണ്ടുപിടിച്ചതാണ്‌ ഈ നൂതന സംവിധാനം. രണ്ടുസവിശേഷതരം ഇലക്ട്രോഡുകള്‍ പുറത്തു സ്ഥാപിച്ചിട്ടുള്ള മൊബൈല്‍ഫോണ്‍ കെയ്‌സ്‌. ഈ കെയ്‌സിനുള്ളിലാണ്‌ കൈക്കൂമ്പിളിലൊതുങ്ങുന്ന ഇസിജി മെഷീനുള്ളത്‌. ഹൃദയമിടിപ്പിന്റെ താളം തെറ്റലുകളെ ഉടനടി കണ്ടുപിടിച്ച്‌ ചികിത്സാ സംവിധാനം കൊടുക്കാന്‍ ഉതകുന്ന ഒരുപൂര്‍വ പരിശോധനോപകരണമായിട്ടാണ്‌ എലൈവ്‌ കോര്‍ രംഗപ്രവേശനം ചെയ്‌തിരിക്കുന്നത്‌. ഈ ഉപകരണത്തിന്റെ കൃത്യത 96 ശതമാനമാണ്‌. ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ്‌ സര്‍ജറി, കത്തീറ്റര്‍ അബ്ലേഷന്‍ തുടങ്ങിയ ചികിത്സകള്‍ നടത്തിയവര്‍ക്കും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ എലൈവ്‌ കോര്‍ ഏറെ സഹായിക്കും. രോഗലക്ഷണമില്ലാത്തവര്‍ക്കും അപ്പപ്പോഴുള്ള സ്‌ക്രീനിങ്‌ ടെസ്‌റ്റായി ഇത്‌ പ്രയോജനപ്പെടുത്താം.