Breaking News

Trending right now:
Description
 
Jul 30, 2014

മീനൂട്ടിയുടെ വിളിപ്പാടകലെയുണ്ടെന്ന്‌ മഞ്‌ജുവാര്യര്‍

image നടി മഞ്‌ജുവാര്യരുടെ വിവാഹമോചനം തീരുമാനമായ സാഹചര്യത്തില്‍ മകള്‍ മീനൂട്ടിക്കുവേണ്ടി അവകാശം ഉന്നയിക്കില്ലെന്നും ദിലീപ്‌ എടുക്കുന്ന തീരുമാനങ്ങള്‍ നല്ലതാകട്ടെ എന്നും മഞ്‌ജുവാര്യര്‍ പറയുന്നു. ഫേസ്‌ ബുക്കില്‍ കഴിഞ്ഞദിവസമാണ്‌ ഇക്കാര്യം കുറിച്ചത്‌. മീനൂട്ടിക്ക്‌ അച്ഛനോടുള്ള സ്‌നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും. അവളുടെ മേലുള്ള അവകാശത്തിന്റെ പിടിവലിയില്‍ അവളെ ദുഖിപ്പിക്കാന്‍ എനിക്കാഗ്രമില്ല. അവള്‍ക്ക്‌ ഈ അമ്മ എന്നും ഒരു വിളിപ്പാടകലെയുണ്ട്‌. മീനൂട്ടി അകലെയാണെന്ന്‌ എനിക്കു തോന്നുന്നില്ല. കാരണം അമ്മയുടെ ഉള്ളിലാണല്ലോ മകള്‍ എന്നും....ദിലീപിന്‌ കലാജീവിത്തല്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്നാണ്‌ എല്ലാസമയത്തും എന്റെ പ്രാര്‍ഥന. എല്ലാം എനിക്ക്‌ ഒന്നില്‍നിന്നു തുടങ്ങേണ്ടിയിരിക്കുന്നു. ജീവിതവും സമ്പാദ്യവും എല്ലാം. ഒരു തരത്തില്‍ ഒരു പുനര്‍ജനനം. ഒരു അപേക്ഷയുണ്ട്‌.... എന്റെ നല്ല സുഹൃത്തുക്കളെ കുറ്റപ്പെടുത്തരുതേ. എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒപ്പം നിന്ന സുഹൃത്തുക്കളാണ്‌ ഗീതു, സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേതാമേനോന്‍ തുടങ്ങിയവര്‍. എന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക്‌ ഇവരാണ്‌ ഉത്തരവാദികള്‍ എന്നു ചില പ്രചാരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടു. അവരെ അത്‌ വേദനിപ്പിക്കുന്നുണ്ട്‌. ഒപ്പം എന്നെയും. എന്റെ തീരുമാനങ്ങള്‍ എന്റേതും അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക്‌ ഉത്തരവാദി ഞാന്‍ മാത്രവും ആണ്‌. അവരുടെ പ്രേരണയോ നിര്‍ബന്ധമോ ഇതിനു പിന്നിലില്ല. ഇവരാരും ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയോ ആരുടെയെങ്കിലും ശത്രുതയ്‌ക്ക്‌ ഇരയാകുകയോ ചെയ്യരുതെന്ന്‌ എനിക്കു നിര്‍ബന്ധമുണ്ട്‌. മറിച്ചുള്ള പ്രചാരണങ്ങള്‍ അവരുടെ വ്യക്തിജീവിതത്തെയും കലാജീവിതത്തെയും കൂടി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ കുറിപ്പോടെ അത്തരം തെറ്റിദ്ധാരണകള്‍ അവസാനിക്കും എന്നു കരുതുന്നു. ഞാന്‍ കാരണം, എന്റെ തീരുമാനങ്ങള്‍ കാരണം അവര്‍ക്കുണ്ടായ എല്ലാ വേദനകള്‍ക്കും ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.