Breaking News

Trending right now:
Description
 
Jul 28, 2014

മണ്ണാത്തിപുള്ള്

Dipin Augustine - കേരളത്തിലെ പക്ഷിജാലങ്ങളുടെ ചിറകടിത്താരയിലൂടെ ഒരു യാത്ര
image വര്‍ണച്ചിറകുകള്‍ - 2

മണ്ണാത്തിപ്പുള്ള്‌ (Oriental Magpie Robin)

കേരളത്തില്‍ എവിടെയും കാണപ്പെടുന്ന പക്ഷിയാണ്‌ മണ്ണാത്തിപ്പുള്ള്‌ അല്ലെങ്കില്‍ വണ്ണാത്തിപ്പുള്ള്‌. ഉല്ലാസപൂര്‍ണമായ പ്രകൃതമാണ്‌ ഇവയ്‌ക്ക്‌. പറമ്പുകളിലും തൊടിയിലുമെല്ലാം അത്രമേല്‍ ആവേശപൂര്‍വം ചാടി നടക്കുന്ന ഇവയെ ശബ്ദസൗന്ദര്യവും രൂപസൗന്ദര്യവും വിളക്കിച്ചേര്‍ത്താണ്‌ പ്രകൃതി സൃഷ്ടിച്ചിരിക്കുന്നത്‌.

മണ്ണാത്തി തുണി അലക്കുന്നതുപോലെ ഇവ കൂടെക്കൂടെ വാല്‌ ഭംഗിയായി ഉയര്‍ത്തുന്നതുകൊണ്ടാണ്‌ ഇവയ്‌ക്ക്‌ മണ്ണാത്തിപ്പുള്ള്‌ എന്നു പേരുവരാന്‍ കാരണം. തിളങ്ങുന്ന കറുപ്പില്‍ വെളുത്ത നിറം ചേര്‍ന്നതാണ്‌ ഇവയുടെ രൂപഭാവം.

വേനല്‍ക്കാലങ്ങളില്‍ സംഗീതസാന്ദ്രമാകുന്ന നമ്മുടെ പുലരികളില്‍ ഇക്കൂട്ടരുടെ പാട്ടുകേള്‍ക്കാത്തവര്‍ ആരുംതന്നെ ഉണ്ടാവില്ല. വ്യത്യസ്‌ത ശബ്ദത്തിലുള്ള സുന്ദരവും ആനന്ദകരവുമായ ഇവയുടെ പാട്ടുകള്‍ക്ക്‌ പിന്നില്‍ മനുഷ്യര്‍ക്ക്‌ അനുഭവവേദ്യമാകാത്ത അജ്ഞാതമായ ചില കാര്യങ്ങള്‍കൂടി ഉണ്ടെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌.

പുലര്‍ച്ചെ ഉച്ചത്തിലുള്ള ചൂളംവിളി അവയുടെ അതിര്‍ത്തി നിര്‍ണയമാണെന്നാണ്‌ കണ്ടെത്തല്‍. സിംഹമുള്‍പ്പെടെയുള്ള പല വന്യജീവികളും സ്വന്തം വിഹാരകേന്ദ്രങ്ങളുടെ അതിരുകള്‍ ഇങ്ങനെ രേഖപ്പെടുത്താറുണ്ട്‌. തന്റെ ശബ്ദവീചികള്‍ സഞ്ചരിക്കുന്നത്രം സ്വന്തം അതിര്‍ത്തിയായി ഇവ കണക്കാക്കുമത്രേ. ചുരുക്കത്തില്‍ ഈ ചൂളംവിളി ഒരു മത്സരമാണ്‌. പരാജയപ്പെടുന്ന കക്ഷി എളുപ്പത്തില്‍ സ്ഥലം വിടണം. സ്വന്തം വര്‍ഗത്തില്‍പെട്ട മറ്റു പക്ഷികള്‍ക്ക്‌ പിന്നീട്‌ ഇവിടേയ്‌ക്ക്‌ പ്രവേശനമില്ലത്രേ. 



പുഴുക്കളും പ്രാണികളും ഇഷ്ടഭക്ഷണമായ ഇവയ്‌ക്ക്‌ പരിസര ശുചീകരണത്തിലും നല്ലൊരു പങ്കുണ്ട്‌. പൂന്തേനും പഥ്യമാണ്‌. മരപ്പൊത്തുകളിലും ഇരുണ്ട മാളങ്ങളിലുമാണ്‌ കൂടൊരുക്കുന്നതെങ്കിലും മനുഷ്യര്‍ വച്ചു നല്‌കുന്ന മണ്‍കലങ്ങളിലും ചട്ടികളിലും കൂട്‌ കെട്ടുന്നതായി കണ്ടുവരുന്നു.