Breaking News

Trending right now:
Description
 
Jul 26, 2014

സിപിഎം കണ്ണുരുട്ടി, പന്ന്യന്‍ വിരണ്ടു; ബിജിമോള്‍ക്കും പാര്‍ട്ടി വിലക്ക്‌ വരുന്നു

image അമേരിക്കന്‍ യാത്രയ്‌ക്ക്‌ പോകുവാന്‍ കോണ്‍സുലേറ്റ്‌ ഇന്‍ര്‍വ്യുവും ടിക്കറ്റും ലഭിക്കുന്നതുവരെ അമേരിക്കന്‍ യാത്രയെ അനുകൂലിച്ച സിപിഐ, ബിജിമോള്‍ എംഎല്‍എയുടെ അമേരിക്കന്‍ യാത്ര വിലക്കാന്‍ നീക്കം നടത്തുന്നു. പാര്‍ട്ടിയിലെ ഒരുകൂട്ടം മുതിര്‍ന്ന നേതാക്കളുടെ ഒത്താശയോടെയാണ്‌ സിപിഎം മാതൃക പിന്‍തുടര്‍ന്നു വിലക്കണമെന്ന്‌ മുറവിളി കൂട്ടുന്നത്‌.എന്നാല്‍ സിപിഎമ്മാകട്ടെ യാത്ര തീരുമാനിച്ചു അനുമതി തേടിയപ്പോള്‍ തന്നെ എംഎല്‍എമാരോട്‌ പോവേണ്ട എന്നു പറഞ്ഞിരുന്നു. എന്നാല്‍ സിപിഐ അനുമതി നല്‌കി യാത്രയ്‌ക്ക്‌ ദിവസങ്ങള്‍ ബാക്കി നിലക്കെ, സിപിഎം എംഎല്‍എയെ വിടേണ്ട എന്ന തീരുമാനം മാധ്യമ വാര്‍ത്തയാക്കിയതോടെ അമേരിക്ക വിരുദ്ധരായി സിപിഐയും മാറിയത്‌.

പൂര്‍ണമായി അമേരിക്ക പണം മുടക്കിയാണ്‌ നല്‍പത്തിയഞ്ചു വയസില്‍ താഴെയുള്ള യുവ എംഎല്‍എമാരെ അമേരിക്കയിലേക്ക്‌ ക്ഷണിച്ചിരിക്കുന്നത്‌. പിസി വിഷ്‌ണുനാഥ്‌, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്‌, വി ടി ബല്‍റാം, ഐ സിബാലകൃഷ്‌ണന്‍, എന്‍ ഷംസുദിന്‍, കെ എം ഷാജി, മോന്‍സ്‌ ജോസഫ്‌, ഇ എസ്‌ ബിജിമോള്‍ എന്നിവരാണ്‌ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍. അമേരിക്കന്‍ ഫെഡറല്‍ സംവിധാനവും വനിത വികസനം, വിവിധ കാര്‍ഷിക വികസന പദ്ധതികള്‍ എന്നിവ പഠിക്കാനാണ്‌ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള യുവ നേതാക്കളെ അമേരിക്കയിലേക്ക്‌ അമേരിക്കന്‍ ചിലവില്‍ ക്ഷണിച്ചിരിക്കുന്നത്‌.


ഒരു മാസം മുമ്പ്‌ നിശ്ചയിക്കപ്പെട്ട യാത്രയുടെ കോണ്‍സുലേറ്റ്‌ ഇന്റര്‍വ്യു ജൂലൈ 16ന്‌ ചെന്നൈ വച്ചായിരുന്നു. അന്നൊന്നും വിലക്കാത്ത പാര്‍ട്ടി ഇന്നലെ ഈ വാര്‍ത്ത പുറത്തു വന്നതോടെയാണ്‌ അമേരിക്കന്‍ യാത്രയെ വിലക്കാന്‍ നീക്കം നടത്തുന്നത്‌. പാലസ്‌തീനെ ആക്രമിക്കുന്ന ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അമേരിക്കയുടെ ക്ഷണം സ്വീകരിക്കേണ്ട എന്നതാണ്‌ കാരണമായി പറയുന്നത്‌. എന്നാല്‍ സിപിഎമ്മിനെ പേടിച്ചാണ്‌ എംഎല്‍എയെ സിപിഐ വിലക്കുന്നത്‌.പാര്‍ട്ടി വിലക്കിയാല്‍ യാത്രയ്‌ക്ക്‌ പോവില്ലെന്നു ബിജിമോള്‍ വ്യക്തമാക്കി.തിരഞ്ഞെടുത്തപ്പോള്‍ മുതല്‍ കോണ്‍സുലേറ്റ്‌ ഇന്റര്‍വ്യുവരെയുള്ള കാര്യങ്ങള്‍ പാര്‍ട്ടിയെ വ്യക്തമായി അറയിയിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി.

എന്നാല്‍ കേരള നിയമസഭയിലെ പാര്‍ലമെന്ററികാര്യസമിതി ചെയര്‍മാനായ സിപിഐയുടെ സി ദിവാകരനടക്കമുള്ള നേതാക്കള്‍ അടുത്ത മാസം വാഷിങ്‌ടണിലേക്ക്‌ പോകുകയാണ്‌. അതു കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത്‌ കേരളത്തിന്റെ ഖജനാവിലെ പണം ഉപയോഗിച്ചാണ്‌ ഈ യാത്ര.