Breaking News

Trending right now:
Description
 
Jul 25, 2014

ആന വണ്ടീലൊരു റ്റാറ്റാ പോയാലോ?

ജനറ്റ്‌ ആന്‍ഡ്രൂസ്‌
image കഴിഞ്ഞാഴ്‌ച ഒരു സുപ്രഭാതത്തില്‍ എഴുന്നേറ്റു വന്നപ്പോള്‍ ജൂണ്‍ മാസത്തില്‍ മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ കളക്ടറെങ്ങാനും സ്‌കൂളിനവധി പ്രഖ്യാപിച്ചാലോ എന്ന ആകാംഷയോടെ റേഡിയോ വാര്‍ത്തയ്‌ക്ക്‌ കാതോര്‍ക്കുന്ന കുട്ടി മനസായിരുന്നു എനിക്ക്‌. കാപ്പിയിട്ട്‌ അടുക്കളയില്‍ നിന്നു വരുന്ന വഴി ഞാന്‍ പ്രഖ്യാപനം നടത്തി.ഞാനിന്ന്‌ ബാങ്കിലേക്കില്ല. എനിക്കിന്ന്‌ മഴ കാണണം. ഒന്നെങ്കില്‍ പച്ചപ്പില്‍, അല്ലെങ്കില്‍ വെള്ളത്തില്‍. നീണ്ടുരുള്ള ചെമ്മാച്ചന്‍ ഗാര്‍ഡന്‍സിലെ ഏറുമാടം എന്റെ ലക്ഷ്യമാണെന്നറിയാവുന്നതു കൊണ്ടോ എന്തോ " രാവിലെ ഏലപ്പാറയ്‌ക്ക്‌ വിട്ടോ ജിജിമോളുടെ വീട്ടില്‍ പോയി റിലാക്‌സ്‌ ചെയ്‌തിട്ട്‌ നാലുമണിയുടെ വണ്ടിക്ക്‌ തിരിച്ചു കേറിയാല്‍ മതിയല്ലോ" എന്ന കണവന്റെ മൊഴി. (നീണ്ടൂര്‍ക്ക്‌ പോയാല്‍ യൂണിവേഴ്‌സിറ്റിക്ക്‌ പോകുന്ന കണവനൊപ്പം കൂടും എന്നതിനാല്‍ സ്‌നേഹാബുദ്ധിയാല്‍ വഴി തിരിച്ചുവിട്ടതാണെന്നാണ്‌ ഇപ്പോഴെന്റെ വിശ്വാസം.) മനസ്‌ ഫ്രീയാകും, തിരിച്ചു വരുന്ന വഴിക്ക്‌ വാഗമണ്ണില്‍ നിന്ന്‌ കുറച്ചു ഹോംമെയ്‌ഡ്‌ ചോക്കളേറ്റ്‌ കൂടി മേടിച്ചോ" എന്നൊരു നിര്‍ദ്ദേശവും മുന്നില്‍ വച്ചു.

അങ്ങനെ എന്റെ യാത്ര തീരുമാനിക്കപ്പെട്ടു. എട്ടുമണിക്ക്‌ വീട്ടില്‍ നിന്നിറങ്ങി പാല കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്‍ഡിലെത്തി. എട്ടരയോടെ കട്ടപ്പന ബസില്‍ കയറി സൈഡ്‌ സീറ്റ്‌ തരപ്പെടുത്തി ഇരുപ്പുറപ്പിച്ചു. 50 രൂപ കൊടുത്ത്‌ നാലാംമൈലിന്‌ ടിക്കറ്റ്‌ എടുത്തു. ബാഗ്‌ മടിയില്‍ ചേര്‍ത്തു ഞാന്‍ മെല്ലെയുറങ്ങി. 

തീക്കോയി,വെള്ളികുളം വരെ ഉറങ്ങുക തന്നെ. ഓഫ്‌ റോഡ്‌ ഡ്രൈവിങ്ങിനു വേണ്ടി സഞ്ചാരികളെ കാത്തുകിടക്കുന്ന ജീപ്പു കണ്ടപ്പോള്‍ ചാടിയിറങ്ങാന്‌ഡ തോന്നി. പിന്നെ ഒറ്റയ്‌ക്കാതിനാല്‍ ആശയടക്കി. പിന്നെ കണ്ണും കാതും തുറന്നു വച്ചു. പ്രകൃതി വിസ്‌മയ ചെപ്പുതുറന്ന പോലെ കാഴ്‌ചകള്‍. പച്ചപ്പട്ടുസാരിയില്‍ വെള്ളി നൂലുകള്‍ കൊണ്ട്‌ ചിത്രപണി ചെയ്‌തപോലെ പതഞ്ഞൊഴുകുന്ന കുഞ്ഞരുവികള്‍. 

മഴ കുറവാണെങ്കിലും കുളിര്‌ തൊടും പോലെ. പാറക്കെട്ടുകളും മലകളും. തേയിലക്കാടുകളുടെ ഹരിത സൗന്ദര്യം. വാഗമണ്ണിലെ മൊട്ടക്കുന്നുകളും ചെറിയ ഡാമുകളും. വാഗമണ്ണിന്റെ ദൃശ്യഭംഗി വാക്കുകളില്‍ പറഞ്ഞവസാനിപ്പിക്കുന്നതെങ്ങനെ?തങ്ങളുപാറയുടെ സൗന്ദര്യം ബസിലിരുന്ന്‌ ആസ്വദിക്കുമ്പോള്‍ പാറകാണാന്‍ മുമ്പു പോയതോര്‍ക്കുന്നു. ബസ്‌ പൈന്‍ ഫോറസ്‌റ്റിനടുത്ത്‌ കൂടി കടന്നു പോയപ്പോള്‍ ഓര്‍ത്തു കൂട്ടുണ്ടായിരുന്നെങ്കില്‍ ഇറങ്ങിയിട്ട്‌ അടുത്ത ബസിന്‌ പോയാല്‍മതിയല്ലോയെന്ന്‌.കിട്ടാത്ത മുന്തിരി പുളിക്കുന്നതു പോലെ ഞാന്‍ മനസില്‍ പറഞ്ഞു `മഴക്കാലമായതുകൊണ്ടു തോട്ടപ്പുഴു കാണും`. പച്ചപ്പിനിടയിലെ സെമിത്തേരി കണ്ടു. ബസിലെല്ലാവരും ടൂറിന്റെ മൂഡിലാണെന്നു തോന്നി. ഒരു `ഓര്‍ഡിനറി` യാത്ര പോലെ.


എലപ്പാറ എത്തിയപ്പോള്‍ ഒരു കൂട്‌ കപ്പലണ്ടി മേടിച്ചു തിന്നു.തിരിച്ചുവന്ന വഴി വാഗമണ്ണിലിറങ്ങി ചോക്കളേറ്റ്‌ മേടിച്ചു വന്ന ബസില്‍ കയറി. മനസാകെ ഒന്നു തണുത്തു. തിരികെപോകും വഴി വെണ്ണികുളം കഴിഞ്ഞതേ ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. മനസില്‍ കണ്ട്‌ത്ര പച്ചപ്പിനെ തിരിച്ചുവിളിച്ചു. കാരിക്കാട്‌ ടോപ്പില്‍ നിന്ന്‌ രാവിലെ അഞ്ചരയ്‌ക്ക്‌ മൂടല്‍മഞ്ഞില്‍ മറഞ്ഞ്‌ കൊക്കയിലേക്കു മറിഞ്ഞ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍. വണ്ടി നിറുത്തി. അച്ഛന്റെയും മകളുടെയും അനന്തരനടപടികള്‍ക്കായി പോലീസ്‌ പട. 


തെല്ലൊന്നു ഈ കാഴ്‌ച എന്നെ അലോസരപ്പെടുത്തിയെങ്കിലും ഞാന്‍ കണ്ട പച്ചപ്പിന്റെ സ്വപ്‌നത്തെ തിരിച്ചു വിളിച്ചു, മനസില്‍ കുടിയിരിക്കാന്‍ ശ്രമിച്ച മരണത്തിന്റെ കാര്‍മേഘങ്ങളെ ആട്ടിയകറ്റി. എന്റെ ഏകാന്ത സഞ്ചാരം എന്നെ ഹാപ്പിയാക്കി. പിറ്റേന്ന്‌ ബാങ്കില്‍ വന്ന ഒരു ചേട്ടന്‍ " എന്താ മോള്‍ക്ക്‌ പ്രമോഷന്‍ കിട്ടിയോ, മുഖത്തൊരു തിളക്കം.....?? "