Breaking News

Trending right now:
Description
 
Jul 24, 2014

സിനിമയില്‍ നായകനാകന്‍ 10 ലക്ഷം; തട്ടിപ്പ്‌ നടത്തിയ സംവിധായകനെതിരെ കേസ്‌

image സിനിമയില്‍ നായകവേഷം വാഗ്‌ദാനം ചെയ്‌തു 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ സംവിധായകന്‍ തിരുവനന്തപുരം കല്ലയം സ്വദേശി രാജു അംബരനെതിരെ കേസെടുത്ത്‌ അന്വേഷണം നടത്താന്‍ കോടതിയുടെ ഉത്തരവ്‌. തൊടുപുഴ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ പൊലീസിന്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. തൊടുപുഴ മടക്കത്താനം സ്വദേശി അനില്‍ ജോസഫാണ്‌ പരാതിക്കാരന്‍. ഒരവസരം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകവേഷം നല്‍കാമെന്നായിരുന്നു അനില്‍ജോസഫിന്‌ സംവിധായകന്റെ വാഗ്‌ദാനം. ഇതിനായി മൂന്നുതവണയായി സംവിധായന്‍ രാജു അംബരന്‍ 10 ലക്ഷം രൂപാവാങ്ങി. സംവിധായകന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചാണ്‌ പണം വാങ്ങിയത്‌. സിനിമയ്‌ക്കാണെന്നു വിശ്വസിപ്പിച്ച്‌ ഒരു നടിയുമൊത്ത്‌ ഫോട്ടോ എടുക്കുകയും ചെയ്‌തു. പുതുമുഖ നടന്‍മാര്‍ ആദ്യം അഭിനയിക്കുമ്പോള്‍ 20-25 ലക്ഷം രൂപവരെ മുടക്കാറുണ്ടെന്നും വിശ്വസിപ്പിച്ചിരുന്നു. ഈ പണം സിനിമ റിലീസാകുന്ന മുറയ്‌ക്ക്‌ തിരികെ നല്‍കുമെന്നായിരുന്നു വാഗ്‌ദാനം. 2013 ഡിസംബര്‍ അവസാനം ഷൂട്ടിംഗ്‌ ആരംഭിക്കുമെന്നാണ്‌ പറഞ്ഞിരുന്നത്‌. പിന്നീട്‌ ഓരോ കാരണങ്ങള്‍ പറഞ്ഞു തീയതി നീട്ടിക്കൊണ്ടുപോയി. അവസാനം ഫോണ്‍ എടുക്കാതെയായപ്പോഴാണു തട്ടിപ്പിന്റെ കഥ മനസിലായതും പരാതി നല്‍കിയതും. പരാതിക്കാരനായ അനില്‍ ജോസഫ്‌ ചെന്നൈ ശിവാജിഗണേശന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു ഫിലിം ആക്ടിംഗ്‌ ഡിപ്ലോമ കോഴ്‌സ്‌ പാസായിട്ടുണ്ട്‌. ഇതിനുശേഷം പ്രമുഖ സംവിധായകര്‍ക്ക്‌ അനില്‍ ബയോഡാറ്റ അയച്ചുകൊടുത്തിരുന്നു.