Breaking News

Trending right now:
Description
 
Jul 20, 2014

ഗംഗാതീരത്തേയ്‌ക്ക്‌ ഒരു യാത്ര പോകാം

Dipin Augustine
image നമുക്ക് ഒരു യാത്ര പോവാം ഗംഗാ തീരത്തേക്ക്. ഗംഗയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി കൊണ്ടുള്ള "നമാമി ഗംഗ"യ്ക്കായി 6300 കോടി രൂപയാണ് കേന്ദ്ര സർക്കാർ വകയിരിത്തിയിരിക്കുന്നത്, ആ നിലയിൽ ഈ യാത്രയ്ക്ക് പ്രാധാന്യമേറെയാണ്.

ആദ്യമേ വാരാണസിയിൽ നിന്നും തുടങ്ങാം. അവിടെ ജീർണാവസ്ഥയിലുള്ള ഒരു നദിയെ നമുക്ക് കാണാൻ കഴിയും. പരിതാപകരമായ അവസ്ഥയിലുള്ള നദി, സ്വർഗ്ഗത്തിൽ നിന്നും ഉത്ഭവിച്ച ആ നദി ,  ഇന്ന് ലോകത്തിലെ ഏറ്റവും മലിനമായ 10 നദികളിലൊന്നായി തീർന്നിരിക്കുന്നു. അവിടെ തീരങ്ങളിൽ തീർത്ഥാടകർ കുളിക്കുകയും വസ്ത്രങ്ങൾ അലക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യസ്നാനം കൊണ്ടൊന്നും മഹത്തായ ഈ നദി മലിനപ്പെടില്ലെന്നു സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാവും. പിന്നെ എന്താണ് കാരണം? 

വരൂ അൽപനേരം നടക്കാം.. പുലർകാറ്റേറ്റ് പടവുകളിലൂടെ നടക്കുമ്പോൾ, ഇരുണ്ടു തടിച്ച അനവധി കുഴലുകൾ ഗംഗയിലേക്ക് നീളുന്നത് കാണാം. തീരത്തുള്ള ഹൊട്ടെലുകളുടെയും റിസോർട്ട്കളുടെയും മാലിന്യം പേറുന്ന കുഴലുകളാണവ. കക്കൂസ് മാലിന്യമുൾപ്പെടെയാണ് ഗംഗയിലേക്ക് തള്ളുന്നത്. നമുക്കതൊന്നും കാണേണ്ട. കണ്ടാൽ തന്നെ മിഴികൾ അവിടെന്ന് വലിച്ചെടുത്ത്‌ യാത്ര തുടരാം.പടവുകൾ അവസാനിക്കുനിടത്തുനിന്ന് അല്പദൂരം വഞ്ചിയിൽ സഞ്ചരിക്കാം. ഇനി കാണപ്പെടുന്ന കുഴലുകളുടെ ഉറവിടം തേടിപോയാൽ എത്തുന്നത് വ്യവസായ ശാലകളുടെയും തുണിമില്ലുകളുടെയും വാതിൽപടിക്കലാവും.അവിടേക്ക് നോക്കാതെ നമുക്ക് യാത്ര തുടരാം. 

എന്തും ഏറ്റുവാങ്ങാൻ ഗംഗ ഉള്ളപ്പോൾ എന്തിനു വേറെ മാലിന്യ സംസ്കരണം ? ഗംഗയിലൂടെ ഒഴുകി നടക്കുന്ന പാതിവെന്ത മൃത ദേഹങ്ങത്തിനു നേരെ ചൂണ്ടിയ എന്റെ വിരൽ ഞാൻ മനപൂർവം മടക്കുകയാണ്. വിശ്വാസങ്ങളെ ചോദ്യം ചെയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് ചരിത്രമുറങ്ങുന്ന, വാരണാസി എന്ന പ്രദേശത്തെ മാത്രം കാഴ്ചയാണ്. ഗംഗയിൽ തുപ്പിയാൽ പിഴ ഈടാക്കും" എന്ന് പറഞ്ഞ മന്ത്രിയെക്കുറിചോർത്ത് ചിരിച്ച് വയറ്റിൽ നീര് വീണെങ്കിൽ ഇനി അല്പം മുകളിലേക്ക് പോവാം, ഉത്തരാഖണ്ടിലേക്ക്. അവിടെ ദേവപ്രയാഗ് എന്ന മനോഹരഭൂമിയിൽ എത്തുമ്പോൾ അളകനന്ദ, ഭാഗീരഥി എന്നീ നദികൾ ഒന്നുചേർന്ന് ഗംഗയായി മാറുന്നു.  പവിത്രമായ ആ ജലവും ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന മൃതയായ ഗംഗയും തമ്മില്ലുള്ള വ്യതിയാനം മനസ്സിലാവണമെങ്കിൽ കുറച്ചുകൂടി സഞ്ചരിക്കണം. ഗംഗയുടെ ഉത്ഭവത്തെ തേടിയുള്ള യാത്രയിൽ ഭീകരമായ പ്രകൃതി ചൂഷണമാണ് നമുക്ക് കാണാൻ കഴിയുക. അവിടെ വമ്പൻ സ്രാവുകളാണ്എതിർ ദിശയിൽ. ഖനനം മുതൽ അണക്കെട്ടുകൾ നിർമ്മിച്ച്‌ ഗംഗയെ തിരിച്ചു വിടുന്നത് പോലും കാണാം. അതിനെതിരെ പ്രതികരിച്ച സന്യാസികൾ ഉൾപ്പെടെയുള്ളവർ "നിർബന്ധിത ആത്മഹത്യ" ചെയ്യാൻ വിധിക്കപ്പെട്ടവരാണ്.

 
ഇനി ഒരു ചോദ്യം മാത്രമാണ് ബാക്കിയുള്ളത്. ഈ 6300 കോടി കൊണ്ട് എന്താണ് പ്രയോജനം? ഗംഗയുടെ ആഴംകൂട്ടാനോ? അപ്പോഴും ഈ മാലിന്യ കുഴലുകളും, ഖനനവും, അണക്കെട്ടുകളും ഇതേ നിലയിൽ തുടരുന്നുണ്ടാവും. ഗംഗയെ രക്ഷിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ കോടികൾ ആവശ്യമില്ല അതിനു ചങ്കൂറ്റം എന്ന ഒരു വസ്തു ഉണ്ടായാൽ മതി. മേൽ പറഞ്ഞവർക്ക് നേരെ നടപടി എടുക്കാനുള്ള ചങ്കൂറ്റം അതിനു കഴിവിലെങ്കിൽ കോടികൾ ഒഴുക്കി കളഞ്ഞുകൊണ്ട്‌ ഗംഗയുടെ പേരിലുള്ള ഈ പ്രഹസനം അവസാനിപ്പിക്കൂ. 


 ഇനി സംഭവിക്കാൻ സാധ്യതയുള്ളത്: ഗംഗയെ രക്ഷിക്കാനായി, ലക്ഷങ്ങളുടെ പ്രതിഫലമുള്ള സമിതികളും, ശാസ്ത്രീയ സംഘങ്ങളും പ്രത്യക്ഷപ്പെടും. നക്ഷത്ര സൌകര്യത്തിൽ ഗംഗയിലൂടെ സഞ്ചരിക്കുന്ന അവരാരുംതന്നെ ഈ കുഴലുകളും അണക്കെട്ടുകളും കാണില്ല. മാസങ്ങളോ വർഷങ്ങളോ നീണ്ട പഠനത്തിനുശേഷം അവരും സമർപ്പിക്കും നല്ലൊരു "റിപ്പോർട്ട്‌". ജനങ്ങൾക്ക്‌ ചിന്തിക്കാനോ പ്രവചിക്കാനൊ കഴിയാത്ത അത്ര അസാധാരണമായ വിവരങ്ങളായിരിക്കും അതിന്റെ ഉള്ളടക്കം. അതിങ്ങനെ ആയിരിക്കും" ഗംഗ ഭീകരമായി മലിനീകരിക്കപ്പെടുന്നു" .