Breaking News

Trending right now:
Description
 
Jul 20, 2014

നാം അറിയാതെ പോകുന്ന ആയൂര്‍വേദത്തിലെ അത്ഭുതങ്ങള്‍..

Sreeja Nair
image കര്‍ക്കിടക മാസമെന്നാല്‍ ആയുര്‍വേദ മാസമാണ്‌. മനസിനും ശരീരത്തിനും ഉന്മേഷവും ആരോഗ്യവും നല്‌കുന്ന ആയൂര്‍വേദ ചികിത്സക്ക്‌ ഏറ്റവും ഉത്തമമായ മാസം. നാം മനസിലാക്കാതെ പോകുന്ന ആയുര്‍വേദ നന്മകളെക്കുറിച്ചു ശ്രീജ നായര്‍ എഴുതുന്നു. പ്രമുഖ ടെലിവിഷന്‍ അവതാരകയും സോഷ്യല്‍ മീഡിയ ഉപയോഗിച്ചു വ്യത്യസ്‌തമായ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയുമാണ്‌ ശ്രീജ.

ഇതെന്റെ അടുത്ത സുഹൃത്ത്‌ ഡോക്ടര്‍ ഫിര്‍ദൗസ്‌ ഇക്‌ബാല്‍. ചങ്ങമ്പള്ളി തിരുനാവായിലെ പ്രശസ്‌തമായ ചങ്ങമ്പള്ളി ആയൂര്‍വേദിക്‌ റിസര്‍ച്ച്‌ സെന്ററിലെ കണ്‍സള്‍ട്ടന്റും അതിന്റെ ഉടമയും. പ്രശസ്‌ത കളരി-മര്‍മ്മ ചികിത്സകനായ ഡോ. കുഞ്ഞാലന്‍ ഗുരുക്കളുടെ മകളാണ്‌ ഡോ. ഫിര്‍ദൗസ്‌.  

ഞങ്ങൾ സുഹൃത്തുക്കളായിട്ട് ഇപ്പോൾ പത്തു വർഷങ്ങൾ കഴിയുന്നു. അതിൽ വളരെ അടുപ്പമായിട്ട് ഒരു ആറ് വർഷവും ദൂരദർശനിൽ വ്യത്യസ്ഥങ്ങളായ ചികിത്സാരീതികളെ കുറിച്ചു അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാമിന്റെ അവതരണവും കോഡിനേഷനും ചെയ്തിരുന്ന സമയത്താണ് ഒരു ദിനപത്രത്തിൽ പ്രശസ്ത കളരി- മർമ്മ ചികിൽസകനായ ഡോക്റ്റർ. കുഞ്ഞാലൻ ഗുരുക്കൾക്ക്‌ ഒരു അവാർഡ് കിട്ടിയ വാർത്ത ഞാൻ കാണാനിടയായത്. ചങ്ങമ്പള്ളി ആയുർവേദ ആശുപത്രി എന്ന് മാത്രമേ അതിൽ പറഞ്ഞിരുന്നുള്ളൂ..ഞാൻ ബി.എസ് .എൻ .എൽ -ൽ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഫോണ്‍ നമ്പർ തിരക്കി ഇറങ്ങി. 

അപ്പോഴാണ്‌ അറിയുന്നത് തൃശൂർ - പാലക്കാട് , തൃശൂർ - കോഴിക്കോട് റൂട്ടുകളിൽ ഏകദേശം പത്തോളം ചങ്ങമ്പള്ളി വൈദ്യശാലകളും, മരുന്ന് നിർമ്മാണ യൂണിറ്റുകളും, ഒക്കെ പ്രവർത്തിക്കുന്നുണ്ടെന്ന് . അതിൽ ഓരോന്നിന്റെയും ഫോണ്‍നമ്പർ കണ്ടെത്തി ഓരോരുത്തരെയും വിളിച്ചു തുടങ്ങി. ഇതെല്ലാം എപ്പോഴോ പിരിഞ്ഞു പോയ ഒരു കുടുംബക്കാരാണെങ്കിലും പലർക്കും പരസ്പരം അറിയില്ല എന്നുള്ളതാണ് വാസ്തവം. അവസാനം ഏകദേശം ഒരാഴ്ച്ച കഴിഞ്ഞപ്പോൾ തിരുനാവായ എന്ന സ്ഥലത്തുള്ള ചങ്ങമ്പള്ളി ആയുർവേദ ഹോസ്പിറ്റലിന്റെ നമ്പർ കിട്ടി. അന്നാണ് ഞാൻ ആദ്യമായി ഡോക്റ്റർ. ഫിർദൗസിനെ പരിചയപ്പെടുന്നത്. ആ ദൂരദർശൻ പ്രോഗ്രാം അപ്പോഴൊന്നും നടന്നില്ലെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കളായി..

അവർ അവിടെ ക്യാൻസറിന്റെ ചികിത്സക്കാണ്കൂടുതൽ പ്രാധാന്യം നല്കിയിരുന്നത്.ഒപ്പം കളരി - മർമ്മ ചികിൽസകളും ആ സമയത്താണ് തിരുവനന്തപുരത്ത് നിംസ് മെഡി സിറ്റിയുടെ ഉദയം..ചെറിയ ഹോസ്പിറ്റൽ ആയി ആരംഭിച്ച് തുടർന്ന്ഹാർട്ട്  ഫൌണ്ടേഷൻ തുടങ്ങിയ സമയമായിരുന്നു അത്.  എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അതിന്റെ എം.ഡി ആയ ഫൈസൽ ഖാൻ. ഒരു ദിവസം സംസാര മദ്ധ്യേ ഞാൻ ഡോക്റ്റർ. ഫിർദൗസുമായുള്ള അടുപ്പത്തെ കുറിച്ചു ഫൈസലിനോട് പറഞ്ഞു. നിംസിൽ  പുതിയ പല ഡിപ്പാർട്ട്മെന്റുകളും  ആ സമയത്ത് തുടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു ഫൈസൽ. 

ഒരു ആയുർവേദ  ഡിപ്പാർട്ടുമെന്റ് കൂടിയാകാം എന്ന് ഫൈസൽ തീരുമാനിക്കുകയും തുടർന്ന്  ഡോക്റ്റർ.ഫിർദൗസിനെ ഫോണിൽ വിളിക്കുകയും ചെയ്യുന്നു. .അതിനു ശേഷം അദ്ദേഹം കോഴിക്കോടിനുള്ള ഒരു യാത്രയിൽ ചങ്ങമ്പള്ളി ആശുപത്രി സന്ദർശിക്കുകയും  ഡോക്റ്ററെ നിമ്സിലേക്ക് ക്ഷണിക്കുകയുംചെയ്തു. തുടർന്ന് ഡോക്ടറും ഭർത്താവും കൂടി തിരുവനന്തപുരത്ത് ഹോസ്പിറ്റൽ കാണാൻ വേണ്ടി വന്നു. അന്ന് വൈകുന്നേരം അവർ എന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു- " ഞങ്ങൾ തിരുവനന്തപുരത്തുണ്ട്. ഇവിടെ ഒരു ഹോസ്പിറ്റലിൽ ആയുവേദ ഡിപ്പാർട്ട്മെന്റ് തുടങ്ങാൻ പോകുന്നു. അതിന്റെ ആവശ്യത്തിന് വന്നതാണ്.. ശ്രീജയെ ഒന്ന് കാണണമെന്നുണ്ട്. ഒന്ന് ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ വരാമോ" എന്ന്. ഞാൻ ഹോട്ടലിൽ ചെന്നു . അപ്പോഴും ഞാൻ പറഞ്ഞിരുന്നില്ല ഞാനാണ് ഡോക്റ്ററുടെ ഫോണ്‍ നമ്പർ കൊടുത്തതെന്ന്. അവർ നിമ്സിനെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചു. ഞാൻ പറഞ്ഞു ധൈര്യമായി ജോയിൻ ചെയ്തോളാൻ എന്നിട്ട് അവർ എന്നോട്പറഞ്ഞു " എങ്ങനെയാണോ ആവോ എന്റെ നമ്പർ അവർക്ക്കിട്ടിയതെന്ന് "..അപ്പോഴാണ്‌ ഞാനാണ് ഫോണ്‍ നമ്പർ കൊടുത്തതെന്നൊക്കെ അവരോടു വിശദീകരിച്ചത്. ഡോ. ഫിര്‍ദൗസും ഡോ. കുഞ്ഞാലന്‍ ഗുരുക്കളും

എന്തായാലും ഡോക്റ്റർ മാസത്തിൽ ഒരു തവണ കണ്‍സൽറ്റെഷൻ എന്ന നിലയിൽ നിമ്സിന്റെ ആയുർവേദ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയി ചാർജ് എടുത്തു. ഇന്നും ആ ഡിപ്പാർട്ട്മെന്റ് മറ്റു 3 - 4 ആയുർവേദ ഡോക്റ്റർമാരും ധാരാളം രോഗികളുമായി വളരെ നന്നായി പോകുന്നു. ഈ ഡിപ്പാർട്ട്മെന്റ് ലോഞ്ച് ചെയ്തത് പഴയ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ടീച്ചർ ആയിരുന്നു. ആ ദിവസം ഡോക്റ്റർ ചികിത്സിച്ചു ഭേദമാക്കിയ 20 ഓളം ക്യാൻസർ രോഗികളെ ഞങ്ങൾ ലോഞ്ചിംഗ് നടന്ന തിരുവനന്തപുരത്തെ മുത്തൂറ്റ് പ്ളാസയിൽ എത്തിച്ചിരുന്നു . ഇവരെയെല്ലാം ഫോണിൽ ബന്ധപ്പെട്ടിരുന്നത് ഞാനാണ്.  

പലർക്കും പറയാനുണ്ടായിരുന്നത് വളരെ ഹാർട്ട് ടച്ചിംഗ് ആയ കഥകളായിരുന്നു. അതിൽ ഒരാൾ കോഴിക്കോടുകാരനായ ഒരു പ്രശാന്ത് ആണ്. അയാൾ തന്റെ 20 വയസ്സു മുതൽ ഗൾഫിൽ ജോലി ചെയ്തുവരികയായിരുന്നു.. 22 -ആം വയസ്സിൽ തലവേദന തുടങ്ങി. ടെസ്റ്റുകളിൽ നിന്നും ബ്രെയിൻ റ്റ്യുമർ ആണെന്ന് മനസ്സിലായി. ആദ്യം അലോപ്പതി ചികിത്സ ആയിരുന്നു. അയാളുടെ റ്റ്യുമർ ഓപറേഷൻ ചെയ്ത് മാറ്റാൻ പറ്റാത്തിടത്താണ് . അതുകാരണം മരുന്ന് ചികിത്സ മാത്രമാണ് സാധിക്കുക. ഇതിനിടയിൽ അയാളുടെ ഒരു കണ്ണിന്റെ കാഴ്ച്ച ശക്തി നഷ്ടമായി. തുടർന്ന് അലോപ്പതി മാറ്റി ലഭ്യമായ മറ്റേല്ലാ ചികിത്സാരീതികളും ചെയ്തുതുടങ്ങി. എന്നാൽ അയാളുടെ മറ്റേ കണ്ണിന്റെയും കാഴ്ച്ച മങ്ങിത്തുടങ്ങുന്നതായി കണ്ടു.അയാൾക്ക്‌ ആദ്യ കണ്ണിന്റെ കാഴ്ച്ച പോയപ്പോൾ തന്നെ ഗൾഫിൽ നിന്നും മടങ്ങേണ്ടി വന്നിരുന്നു. ചികിത്സകളൊന്നും ഏൽക്കാതെ വന്നപ്പോൾ അയാൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. അവസാനം ചിന്ത സീരിയസ് ആയി.. അയാൾ ആത്മഹത്യ ചെയ്യാൻ പ്ളാൻ ചെയ്തിരുന്ന ദിവസം അയാളുടെ ഒരു സുഹൃത്തിനെ അവിചാരിതമായി കാണുകയും അയാൾ പ്രശാന്തിനോട് ചങ്ങമ്പള്ളി ഹോസ്പിറ്റലിനെ കുറിച്ചു പറയുകയും ചെയ്തു. എന്തായാലും ഇവിടെയും കൂടി അവസാനമായി ഒന്ന് പരീക്ഷിച്ചേക്കാം എന്ന് അയാൾ തീരുമാനിച്ചു.  


ഡോക്റ്റർ. ഫിർദൗസിന്റെ ചികിത്സയിൽ അയാൾക്ക്‌ വളരെ ആശ്വാസം അനുഭവപ്പെട്ടു.ഡോക്റ്ററുടെ മരുന്നിൽ റ്റ്യുമർ ചുരുങ്ങി തുടങ്ങി.നഷ്ട്ടപ്പെട്ട ഒരു കണ്ണിന്റെ കാഴ്ച്ച ശക്തി വീണ്ടെടുക്കാനായില്ലെങ്കിലും മറ്റേ കണ്ണിന്റെ കാഴ്ച്ച ശക്തി പൂർണ്ണമായും പോകാതിരിക്കാൻ ഈ ചികിത്സ ഉപകരിച്ചു . ഞാൻ ഫോണ്‍ ചെയ്യുന്ന സമയത്ത് ചികിത്സ പൂർത്തിയായി രണ്ടു വർഷം പിന്നിട്ടിരുന്നു. അതിനുശേഷം വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമായി. പ്രശാന്തിനെ പോലെ നിരവധിയാൾക്കാരെ ഞാൻ അങ്ങനെ പരിചയപ്പെട്ടിരുന്നു.അവരുടെയെല്ലാം മനസ്സിൽ ഡോക്റ്റർക്ക്‌ ഒരു ദൈവത്തിന്റെ സ്ഥാനമാണ് അവർ നല്കിയിരിക്കുന്നത്. നിമ്സിൽ ചാർജെടുക്കുന്ന സമയത്ത് അവിടെ 16 വയസ്സായ ഒരു ബ്രെയിൻ റ്റ്യുമർ രോഗിയെ അഡ്മിറ്റ്‌ ചെയ്തിരുന്നു - വിഷ്ണു. മൂന്നു വർഷങ്ങൾക്കിടക്കുള്ള അവന്റെ നാലാമത്തെ റ്റ്യുമർ ആയിരുന്നു അത്. ആദ്യ രണ്ടെണ്ണം തിരുവനന്തപുരം മെഡിക്കൽ കോളേജിലും അടുത്തത് തിരുവനന്തപുരം ശ്രീ ചിത്രയിലും ഓപറേഷൻ ചെയ്തു മാറ്റിയ ശേഷമാണ് ഇപ്പോൾ വീണ്ടും. 

നിമ്സിലെ ന്യുറോ സർജൻ ആയിരുന്ന ഡോക്റ്റർ. ബിജു പറഞ്ഞത് ഇടയ്ക്കിടയ്ക്ക് ചെറിയ ഇടവേളകളിൽ വരുന്ന ഒരുതരം റ്റ്യുമറാണ് വിഷ്ണുവിന് വന്നിരിക്കുന്നതെന്നായിരുന്നു.. ഡോക്റ്റർ. ബിജുവിന്റെ പൂർണ്ണ സഹകരണം ഉണ്ടായിരുന്നത് കൊണ്ട് വിഷ്ണുവിന്റെ റ്റ്യുമർ ഓപറേഷൻ ചെയ്ത് മാറ്റിയ ശേഷം ഐ.സി.യു . വിൽ നിന്നും രോഗിയെ മാറ്റാൻ പറ്റിയ അവസരത്തിൽ വിഷ്ണുവിനെ ആയുർവേദ ചികിത്സക്കായി തിരുനാവായയ്ക്ക് കൊണ്ടുപോയി. ആ സമയം അവിടുള്ള ആയുവേദ ഡിപ്പാർട്ട്മെന്റിൽ ഇത്തരം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനം റെഡിയായിരുന്നില്ല. ഡിപ്പാർട്ട്മെന്റ് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. തിരുനാവായയിൽ രണ്ടു മാസത്തെ ചികിത്സ കഴിഞ്ഞു അവർ തിരുവനന്തപുത്തേക്ക് മടങ്ങി. ആറ് മാസങ്ങൾക്കിടയിൽ വരുമായിരുന്ന വിഷ്ണുവിന്റെ റ്റ്യുമർ കഴിഞ്ഞ 3 വർഷം വരെയും വന്നിരുന്നില്ല. ഇപ്പോൾ ഫോളോ അപ്പിന് അവരെ കാണാറില്ല എന്ന് ഇടയ്ക്കു ഡോക്റ്റർ പറഞ്ഞിരുന്നു.. 

മറ്റൊരു അനുഭവം നിമ്സിലെ തന്നെ ഗാസ്ട്രോ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ലിവർ ക്യാൻസർ രോഗികളെ ആയുർവേദ ചികിത്സയിലൂടെ എളുപ്പം ഭേദമാക്കാം എന്നത് ഡോക്റ്റർ .ഫിർദൗസ് എന്നോട് മിക്കപ്പോഴും പറയുന്ന ഒരു കാര്യമാണ്..കാരണം നമ്മുടെ ശരീരത്തിൽ റീ ജനറേഷൻ ഏറ്റവും പെട്ടെന്ന് നടക്കുന്നത് ലിവർ സെല്ലുകളിൽ ആണത്രേ. പക്ഷെ അലോപ്പതി ഡോക്റ്റർമാരിൽ സമന്വയ ചികിത്സയിൽ താല്പര്യമുള്ളവർ വളരെ കുറയും.പലർക്കും ആയുർവേദത്തെക്കുറിച്ച് അറിയില്ല എന്നതാണ് സത്യം. അറിയാത്ത ഒന്നിനെ പ്രമോട്ട് ചെയ്യാനും അവർ തയാറാകില്ലല്ലോ. 

നിമ്സിലെ ഗാസ്ട്രോ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരുന്ന ഡോക്റ്റർ. ജയകുമാർ വളരെ നല്ലൊരു മനുഷ്യസ്നേഹി കൂടിയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ഒരു 50 -ൽ കൂടുതൽ ഡോക്റ്റർമാരെയും ടിവി ഇന്റർവ്യൂവിന് വേണ്ടി പരിചയപ്പെട്ടിട്ടുണ്ട്. അതിൽ ഒരു ഡോക്റ്റർ എന്ന നിലയിൽ ബഹുമാനം തോന്നിയിട്ടുള്ളവർ വളരെ കുറയും. അത്തരത്തിൽ ഇഷ്ട്ടം തോന്നിയിട്ടുള്ള ഒരാളാണ് ഡോക്റ്റർ. ജയകുമാർ. ഒരിക്കൽ അദ്ദേഹവുമായി സംസാരിക്കുന്ന സമയത്ത് ഞാൻ നിമ്സിലെ ആയുർവേദ ഡിപ്പാർട്ട്മെന്റിനെകുറിച്ചും ഡോക്റ്റർ. ഫിർദൗസിനെ കുറിച്ചുമെല്ലാം ഡോക്റ്റർ. ജയകുമാറിനോട്‌ പറഞ്ഞു. ഒരു സമന്വയ ചികിത്സയുടെ സാധ്യതയെക്കുറിച്ചും പറഞ്ഞു.അദ്ദേഹവും പറഞ്ഞ മറുപടി നിരാശാജനകമായിരുന്നു. എനിക്ക് ആയുർവേദത്തെപറ്റി ഒന്നും അറിയില്ല ശ്രീജ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. എന്നാലും ശ്രീജ പറയുന്നത് കേട്ടപ്പോൾ ഒരു താല്പര്യം തോന്നുന്നുണ്ട്. ഞാൻ ഒന്ന് ആലോചിക്കട്ടെ" എന്നും പറഞ്ഞു.. പിന്നെ ഒരു മറുപടിയും കുറെ നാളത്തേക്ക് ഉണ്ടായില്ല. എന്നാൽ ഏകദേശം ഒരു ആറ് മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം ഡോക്റ്റർ. ജയകുമാർ എന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു "ശ്രീജ പറഞ്ഞ ആ ആയുർവേദ ഡോക്റ്ററോട് എന്നെ വന്നൊന്നു കാണാൻ പറയൂ" എന്ന്. കാരണം ഡോക്റ്ററുടെ ചികിത്സയിൽ 70 വയസ്സായ ഒരു ലിവർ സിറോസിസ് രോഗിയുണ്ട്- ഒരു സ്ത്രീ. അലോപ്പതിയിൽ ഇനി അവർക്ക് ഒരു ചികിത്സയും ഇല്ല. കരൾ മാറ്റിവയ്ക്കാനും പറ്റില്ല - അതിനുള്ള സാമ്പത്തിക സ്ഥിതിയും ഇല്ല. ഇപ്പോൾ പാലിയേറ്റീവ് ചികിത്സ മാത്രമാണ് നടക്കുന്നത്. ഡോക്റ്ററുടെ അഭിപ്രായത്തിൽ അവർ മാക്സിമം മൂന്ന് മാസം കൂടിയേ ജീവിക്കൂ.. അപ്പോൾ ആയുർവേദത്തിൽ ഡോക്റ്റർക്ക്‌ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യാം എന്ന് ഡോക്റ്റർ അഭിപ്രായപ്പെട്ടു. 

ആ സമയം ഡോക്റ്റർ. ഫിർദൗസ് തിരുനാവായയിൽ ആയിരുന്നു. ഞാൻ അവരെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞപ്പോൾ തന്നെ അവർ ഡോക്റ്റർ. ജയകുമാറുമായി സംസാരിക്കുകയും ആയുർവേദ സെക്ഷനിൽ ഉള്ള മറ്റൊരു ഡോക്റ്ററെ എല്ലാം ചുമതലപ്പെടുത്തുകയും ചെയ്തു. അവർ ദിവസങ്ങൾക്കുള്ളിൽ നിമ്സിൽ എത്തി ആ രോഗിയെ ഏറ്റെടുത്തു.. മൂന്നുമാസത്തെ ആയുർദൈർഖ്യത്തിൽ കിടപ്പിലായിരുന്ന ആ രോഗി ഒരു മാസം കൊണ്ട് നടന്നു വന്നു ഡോക്റ്ററെ കാണാം എന്ന അവസ്ഥയിലായി. ഒരു വർഷം വരെ ഞാൻ അവരുടെ കാര്യം എപ്പോഴും അന്വേഷിക്കുമായിരുന്നു. ഇപ്പോൾ കുറെ നാൾ ആയി മറന്നിരിക്കുകയാണ്. എന്തായാലും ഡോക്റ്റർ. ജയകുമാറിനായിരുന്നു ഏറ്റവും അത്ഭുതം. ആയുർവേദത്തിന് ഇത്രയൊക്കെ കഴിവുണ്ടെന്ന് അറിയില്ലായിരുന്നു എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. 

ഡോക്റ്റർ ഫിർദൗസ് ഇപ്പോൾ എന്തൊക്കെയോ രിസർച്ചിന്റെ പിന്നിലാണ്. ആയുർവേദ രംഗത്ത് നേരാം വണ്ണം ഒരു റിസർച്ച് പോലും നടക്കുന്നില്ല എന്ന് അവർ ഇടക്കൊക്കെ സങ്കടം പറയാറുണ്ട്‌. വളരെ കാര്യങ്ങൾ ചെയ്യണമെന്നു ആഗ്രഹിക്കുന്ന ഒരു ഡോക്റ്റര ആണ് അവർ. പക്ഷെ പലപ്പോഴും പല രോഗങ്ങളും അവസാന ഘട്ടമൊക്കെ എത്തുമ്പോൾ ആകും ഇവരുടെ അടുത്ത് എത്തുക. അപ്പോൾ ചികിത്സ ആയുർവേദത്തിൽ മാത്രം ഒതുക്കാൻ പറ്റുകില്ല എന്നൊരു അവസ്ഥ വരും. പലപ്പോഴും ഈ അവസരത്തിൽ സഹകരിക്കാൻ അലോപ്പതിക്കാർ തയാറാകില്ല. ഏറ്റവും ദയനീയമായ ഒരു അവസ്ഥയാണത് പലപ്പോഴും അറിഞ്ഞുകൂടാത്ത കാര്യങ്ങളെ മോശം എന്ന രീതിയിൽ ചിത്രീകരിക്കുകയാണ് പതിവ്. അറിയാനുള്ള ഒരു ശ്രമം പോലും നടത്തില്ല. 

ഇപ്പോൾ കേരളത്തിലെ പല ആശുപത്രികളും ഡോക്റ്റർമാരും സമന്വയ ചികിത്സയിൽ താല്പര്യം കാണിച്ചു വരുന്നുണ്ട്..നല്ലതാണെന്ന് ബോധ്യമുള്ളവയെ അങ്ങീകരിക്കാനുള്ള മനസ്സ് എല്ലാവരും കാണിക്കണം.. ഡോക്റ്റർ. ജയകുമാറിനെ പോലെ ഒന്ന് പരീക്ഷിച്ച് നോക്കാനെങ്കിലും ഉള്ള ഒരു മനസ്സ്.. ചിലപ്പോൾ ആ ഒരു പരീക്ഷണത്തിൽ അത്ഭുതങ്ങൾ സംഭവിച്ചുകൂടാ എന്നില്ലല്ലോ.