Breaking News

Trending right now:
Description
 
Jul 20, 2014

കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ്‌ ചിറമേലിന്‌ ഷിക്കാഗോയില്‍ സ്‌നേഹോഷ്‌മള സ്വീകരണം

image വൃക്കദാനത്തിന്റെ മഹാമാതൃകയും കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാനുമായ ഫാ. ഡേവിസ്‌ ചിറമേല്‍ ഷിക്കാഗോ മലയാളികളുടെ സ്‌നേഹമസൃണമായ സ്വീകരണം ഏറ്റുവാങ്ങി. ജാതിയോ മതമോ നോക്കാതെ അവയവദാനത്തിന്റെ മഹത്തായ സന്ദേശം ലോകമെങ്ങും എത്തിക്കാനുള്ള പരിശ്രമത്തിലാണ്‌ ഫാ. ചിറമേല്‍. സ്വന്തം വൃക്ക ദാനം ചെയ്‌താണ്‌ വലിയൊരു സ്‌നേഹശൃംഖലയിലെ ആദ്യകണ്ണിയായി അദ്ദേഹം ചേര്‍ന്നത്‌. ഇപ്പോള്‍, ഇന്ത്യയ്‌ക്കു പുറമെ യുഎസ്‌എ, യുകെ, യുഎഇ എന്നിവിടങ്ങളിലും കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയുടെ പ്രവര്‍ത്തനം സജീവമാണ്‌.

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പൊന്നാട അണിയിച്ച്‌ ആദരിച്ചു.

അമേരിക്കയിലെ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്റെ ന്യൂയോര്‍ക്കിലെ കാര്യാലയത്തില്‍ നടത്തിയ ചടങ്ങില്‍ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ അഡൈ്വസറി കമ്മിറ്റി മെമ്പര്‍ ഡോ. ടെറന്‍സ്‌ തോമസ്‌ ഡേവിസ്‌ ചിറമേല്‍ അച്ചന്‍ ഇന്ത്യയില്‍ നടത്തുന്ന സേവനങ്ങളെക്കുറിച്ച്‌ സംസാരിച്ചു. നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ബ്രൂസ്‌ കൈയര്‍ വിശിഷ്‌ടാഗത്വം ഫാ. ഡേവിസ്‌ ചിറമേലിന്‌ നല്‍കി. ഇന്റര്‍നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ കണ്‍വന്‍ഷന്റെ പ്രത്യേക ക്ഷണപത്രം ബ്രൂസ്‌ കൈയറില്‍ നിന്നും സ്വീകരിച്ചു. 



ഫൊക്കാനാ കണ്‍വന്‍ഷനിലും, സീറോ മലബാര്‍ കള്‍ച്ചറല്‍ ഇവന്റിലും, ക്‌നാനായ കണ്‍വന്‍ഷനിലും,എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ കുടുംബ സമ്മേളനത്തിലും, ചിറമേല്‍ തോമസിന്റെ ഓക്‌ബ്രൂക്കിലെ വസതിയില്‍ വെച്ച്‌ നടന്ന സ്‌നേഹവിരുന്നിലും, ന്യൂയോര്‍ക്ക്‌ സീറോ മലബാര്‍ പള്ളിയിലെ കുര്‍ബാനയിലും പങ്കെടുത്ത ഫാ. ഡേവിസ്‌ ചിറമേല്‍ ആറ്‌ സമ്മേളനങ്ങളിലും അവയവദാനത്തിന്റെ സ്‌നേഹസന്ദേശങ്ങള്‍ നല്‍കി.


ഷിക്കാഗോയിലെ ചരിത്ര പ്രസിദ്ധമായ വിവേകാനന്ദ വേദാന്ത സൊസൈറ്റി സന്ദര്‍ശിച്ച ഫാ. ചിറമേലിനെ സ്വാമി ഇഷദ്‌മാനന്ദ സ്വീകരിച്ചു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അദ്ദേഹം വിശദമായി സംസാരിച്ചു. ഫാ. ഡേവിസിന്റെ ബഹുമാനാര്‍ത്ഥം തോമസ്‌ ചിറമേല്‍ വിരുന്നൊരുക്കി. മാനിഷാദ എന്ന പേരില്‍ സമൂഹത്തിലെ അതിക്രമങ്ങള്‍ തടയുന്നതിനെതിരേയുള്ള പ്രചാരണ പരിപാടികള്‍ക്ക്‌ എല്ലാ പിന്തുണയും നല്‌കുമെന്ന്‌ വിരുന്നില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

കിഡ്‌നി ഫൗണ്ടേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.kidneyfed.com