Breaking News

Trending right now:
Description
 
Nov 19, 2012

സദാചാരപ്പോലീസുകാര്‍ കേള്‍ക്കുന്നുണ്ടോ?

E.S. Gigimol
image വീട്‌, കുട്ടികള്‍, കുടുംബം ഇതൊക്കെ മാത്രമാണോ സ്‌ത്രീകളുടെ ലോകം. അങ്ങനെ ചിന്തിക്കുന്നവരാണ്‌ ഭൂരിപക്ഷം സ്‌ത്രീകളും. എന്നാല്‍ കണ്ണീരും കിനാവുമില്ലാതെ ലോകത്തെ മറ്റൊരു കണ്ണിലൂടെ വീക്ഷിക്കുന്ന സ്‌ത്രീകളും ഇവിടെയുണ്ട്‌. അതില്‍ പ്രശസ്‌തരായവരെ നമ്മള്‍ ബഹുമാനപൂര്‍വ്വം ആദരിക്കും. എന്നാല്‍ വേറിട്ട വഴികളില്‍ സഞ്ചരിക്കുന്ന മറ്റു ചില സ്‌ത്രീകളുണ്ട്‌. അവരെ നാം പലപ്പോഴും ആദരിക്കാറില്ല, നാം പുച്ഛത്തോടെയോ, ഈര്‍ഷ്യയോടെയോ, സഹതാപത്തോടെയോ, പേടിയോടെയോ നോക്കും. പക്ഷേ, ഇതും സ്‌ത്രീയുടെ മറ്റൊരു മുഖമാണ്‌. 
വിനീത എന്ന എന്ന ഈ തൃശൂര്‍കാരിയായ യുവതിയെ നിങ്ങള്‍ക്ക്‌ എന്തു പേരിട്ടു വേണമെങ്കിലും വിളിക്കാം ആക്ടീവിസ്‌റ്റെന്നോ, പരിസ്ഥിതി പ്രവര്‍ത്തകയെന്നോ, രാഷ്ട്രീയക്കാരിയെന്നോ, സിനിമക്കാരിയെന്നോ എന്തും. പക്ഷേ ഏതെങ്കിലും ഒരു ചട്ടക്കൂടില്‍ അവളെ ഒതുക്കുവാന്‍ നാം നടത്തുന്ന ശ്രമം പാഴ്‌വേലയാണെന്ന്‌ മാത്രം. 

ഒരു വീടില്ലാതെ, തൊഴിലില്ലാതെ സാമൂഹികപ്രവര്‍ത്തനത്തില്‍ ആനന്ദം കണ്ടെത്തി ജീവിക്കുന്ന വിനീതയ്‌ക്ക്‌ ഏതെങ്കിലും സംഘടനയുടെ ബാനറുകളില്ല, അവള്‍ സമൂഹത്തെ കാണുന്നത്‌ മറ്റൊരു വീക്ഷണകോണിലാണ്‌. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരാള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി കൊടുക്കാന്‍ നാവില്ലാത്തവന്റെ നാവായാണ്‌ അവള്‍ ചിലപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്‌. സമയമില്ലാത്തവന്റെ സമയമായും പ്രതികരിക്കാന്‍ ഭയപ്പെടുന്നവന്റെ പ്രതികരണമായും വിനീത എവിടെയും എത്തുന്നു. 

നല്ല സിനിമകളെ സ്‌നേഹിക്കുന്ന വിനീത ഫിലിം ഫെസ്റ്റിവലുകളിലെ സ്ഥിരം സാന്നിധ്യമാണ്‌. പ്രകൃതിക്കെതിരേ വാളെടുക്കുമ്പോള്‍ അവള്‍ പ്രകൃതിയുടെ കാവലാളായി പ്രത്യക്ഷപ്പെട്ടു. ഇങ്ങനൊക്കെ ചെയ്‌താല്‍ എന്തു നേട്ടമാണ്‌ നിനക്ക്‌ ഉണ്ടാകുവാന്‍ പോകുന്നതെന്ന്‌ സമൂഹത്തിന്റെ ചോദ്യത്തിന്‌ ഒരു പുഞ്ചിരി മാത്രം നല്‌കി അവള്‍ നടന്നകന്നു. സമൂഹത്തിനായി ഇറങ്ങി തിരിച്ച അവള്‍ക്ക്‌ തണലായി ഉണ്ടായിരുന്ന ഒരു വീടും നഷ്ടമായി. ആ വീട്‌ നഷ്ടപ്പെടുവാന്‍ ഇടയായ സദാചാര പോലീസ്‌ ചമഞ്ഞ്‌ എത്തിയവരുടെ ഇടപ്പെടലുകളെ അവള്‍ നേരിട്ടത്‌ സാധാരണ പെണ്ണിന്റെ കണ്ണുനീര്‍ എന്ന ആയുധം കൊണ്ടല്ല. കൂട്ടായി അവളുടെ ഉള്ളില്‍ ജ്വലിച്ച ആശയങ്ങളുടെ തീക്ഷ്‌ണത മാത്രം.

ഇനി അവളുടെ ജീവിതത്തിലേക്ക്‌. സഹോദരിയും സഹോദരനും വിവാഹം കഴിഞ്ഞ അവരുടെ ജീവിതം സുരക്ഷിതമാക്കുവാന്‍ പോയപ്പോള്‍ പ്രായമായ, രോഗികളായ മാതാപിതാക്കള്‍ വിനീതയുടെ ഉത്തരവാദിത്വമായി. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ മാതാപിതാക്കളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വന്നു അവള്‍ക്ക്‌ നന്നേ ചെറുപ്പത്തില്‍. അച്ഛന്‍ ബാക്കിവച്ചത്‌ ഒരു വാടകവീടിന്റെ തണല്‍ മാത്രം. 

അമ്മയുടെ മരണശേഷം വിനീത വാടകവീട്‌ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായി. അങ്ങനെ അച്ഛനെ വൃദ്ധമന്ദിരത്തിലാക്കി ഒരു വീട്ടില്‍ വാടക കൊടുക്കാതെ പെയിംഗ്‌ ഗസ്റ്റായി. കാരണം അപ്പോഴെയ്‌ക്കും ഒരു മുഴുവന്‍ സമയ പരിസ്ഥിതി പ്രവര്‍ത്തകയായി മാറിയിരുന്നു വിനീത. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വരുവാന്‍ ഉദ്ദേശിച്ച അതിരപ്പിള്ളി പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നവരില്‍ വിനീതയും ഉണ്ടായിരുന്നു. മരണത്തിനും ജീവിതത്തിനും ഇടയ്‌ക്ക്‌ കിതച്ചു നീങ്ങുന്ന ചാലക്കുടി പുഴയുടെ സംരക്ഷണത്തിനായി നടത്തുന്ന പോരാട്ടങ്ങളില്‍ വിനീതയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്‌.

ഭര്‍ത്താവ്‌ മരിച്ച വിവാഹിതരായ രണ്ടു പെണ്‍മക്കളുള്ള ഒരു മുസ്ലിം സ്‌ത്രീയുടെ വീട്ടിലാണ്‌ വിനീത പേയിംങ്‌ ഗസ്റ്റായി താമസിച്ചത്‌. വാടകക്കാരിയില്‍ നിന്ന്‌ ആ ഉമ്മയുടെ മകളായി തന്നെ മാറി വിനീത. അഞ്ചു വര്‍ഷത്തോളം ആ വീട്ടിലെ ഒരംഗത്തെപ്പോലെ ജീവിച്ച വിനീതയുടെ ദുര്യോഗം ആരംഭിച്ചത്‌ അഞ്ചു മാസം മുമ്പാണ്‌. വിനീത 2005-ല്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ രണ്ടാം സ്ഥാനത്ത്‌ എത്തിയിരുന്നു. വിനീതയുടെ മത്സരം ഒരു പ്രധാന ഇടതു പക്ഷപാര്‍ട്ടിയുടെ സിറ്റിംങ്‌ സീറ്റ്‌ നഷ്ടപ്പെടുവാന്‍ കാരണമായി. ഇതില്‍ പക സൂക്ഷിച്ചുന്ന പാര്‍ട്ടിക്കാര്‍ ഒരവസരത്തിനായി കാത്തിരുന്നു. 

പാര്‍ട്ടിക്കാര്‍ക്ക്‌ നല്ലൊരു അവസരം ഒത്തു വന്നത്‌ നാലഞ്ച്‌ മാലം മുമ്പാണ്‌. അന്നൊരു ദിവസം ഉമ്മ വിനീതയെ തനിച്ചാക്കി മകളുടെ വീട്ടിലേയ്‌ക്ക്‌ പോയിരിക്കുകയായിരുന്നു. തനിച്ചായതു കൊണ്ട്‌ സന്ധ്യയായപ്പോഴെ വിനീത വീട്ടിലെത്തി. രാ്ര്രതി എട്ടരയോടെ പുറത്തൊരു കാല്‍പെരുമാറ്റം കേട്ട്‌ എന്തോ ഒരു വല്ലായ്‌മ തോന്നിയ വിനീത ഉമ്മയെ വിളിച്ചു. ഉമ്മയുടെ നിര്‍ദ്ദേശപ്രകാരം അയല്‍പക്കത്തെ വീട്ടിലേയ്‌ക്ക്‌ വിനീത പോയി. കുറച്ചു കഴിഞ്ഞ്‌ വിനീത സഹായം തേടി എത്തിയ വീട്ടിലെ പാര്‍ട്ടിക്കാരനായ യുവാവ്‌ വിനീതയോട്‌ അവര്‍ താമസിക്കുന്ന വീടിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. 

പാര്‍ട്ടിക്കാരായ മുപ്പതോളം പേര്‍ നിമിഷങ്ങള്‍ക്കകം വിനീതയുടെ വീടിന്‌ ചുറ്റും കൂടി. കാര്യം എന്താണെന്ന ചോദ്യത്തിന്‌ പിന്നെ പറയാം എന്നായിരുന്നു അവന്റെ ഉത്തരം. അവര്‍ വിനീതയെ കൂട്ടി വീടെല്ലാം പരിശോധിച്ചു. വല്ലോ കള്ളനും കയറിയോ എന്നായിരുന്നു വിനീതയുടെ ഭയം. വീട്‌ പരിശോധനക്ക്‌ ശേഷം അവര്‍ വിനീതയെ തിരിച്ച്‌ അയല്‍പക്കത്തെ വീട്ടിലെത്തിച്ചു. കുറെ കഴിഞ്ഞ്‌ പോലീസ്‌ വന്നു പോകുന്നതു കണ്ടു. മോഷണത്തിനോ മറ്റോ എത്തിയ ആരോ ഒരാള്‍ പൊട്ടകിണറ്റില്‍ വീണുവെന്നാണ്‌ വിനീത കരുതിയത്‌. പക്ഷേ പിറ്റേ ദിവസമാണ്‌ അറിയുന്നത്‌ വിനീതയുടെ വീടിനു സമീപത്തുള്ള ഒരു പൊട്ടകിണറ്റില്‍ നിന്നും പിടികൂടിയത്‌ സ്ഥലത്തെ പഞ്ചായത്ത്‌ മെമ്പറെയാണന്ന്‌. ഇയാളെ ചേര്‍ത്ത്‌ അവിവാഹിതയും സാമൂഹ്യപ്രവകര്‍ത്തകയുമായ വിനീതയെക്കുറിച്ചായി സദാചാര പോലീസിന്റെ കഥകള്‍. 

രാത്രിയില്‍ ആ വഴി വന്ന പഞ്ചായത്ത്‌ മെമ്പറെ കുറേ പേര്‍ വഴിയില്‍ തടഞ്ഞുവത്രേ. കാര്യം പന്തിയല്ലന്നു മനസ്സിലാക്കിയ പഞ്ചായത്ത്‌ മെമ്പര്‍ ഓടി രക്ഷപ്പെട്ടത്‌ പൊട്ടകിണറ്റിലേയ്‌ക്കായിരുന്നു. എന്തായാലും സദാചാര സംരക്ഷകരായ നാട്ടുകാര്‍ ഉണര്‍ന്നു. വിനീതയെ അവിടെ താമസിപ്പിക്കാന്‍ പറ്റില്ലന്നായി. എന്തായാലും ആരോപണ വിധേയനായ മെമ്പര്‍ അവിടെ ഉണ്ട്‌. മാനഹാനിയും സ്വന്തം വീടും പോലെ കണ്ട ഒരു കൂരയും വിനീതയ്‌ക്ക്‌ നഷ്ടമായി. തനിക്ക്‌ നേരിട്ട അപമാനത്തിന്‌ നീതി തേടി പലരെയും വിനീത സമീപിച്ചു. പലരും ആശ്വസിപ്പിച്ചു. താന്‍ ചെയ്യാത്ത കുറ്റത്തിന്‌ തന്നെ അപനമാനിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‌കി, മുഖ്യമന്ത്രിക്കും പരാതി നല്‌കി. അന്വേഷണം നടക്കുന്നുവെന്ന്‌ പോലീസ്‌ ഭാഷ്യം. 

കണ്ണീരോടെ കഥപറയാത്തതുകൊണ്ടാകാം മുഖ്യധാരാ മാധ്യമങ്ങള്‍ വിനീതയുടെ ആവശ്യങ്ങളെ കണ്ടില്ലന്നു നടിച്ചു. കേരളത്തില്‍ വളര്‍ന്നു വരുന്ന ഇത്തരം സദാചാര പോലീസുകാര്‍ക്കെതിരെ വിനീത നടത്തുന്നത്‌ ഒരു ഒറ്റയാള്‍ പോരാട്ടമാണ്‌. പലരും വിനീതയെ ഉപദേശിച്ചു. പത്രത്തില്‍ തന്റെ പേരില്ലാതെ വന്ന വാര്‍ത്തയല്ലേ കൂടുതല്‍ സംസാരിച്ച്‌ പേരുകളയേണ്ടേ എന്നായിരുന്നു പലരുടെയും ഉപദേശം. വിനീത ഇന്നു സംസാരിക്കുന്നത്‌ വിനീതക്ക്‌ വേണ്ടിയല്ല. തന്നെപ്പോലെ നൂറുകണക്കിനു സ്‌ത്രീകള്‍ ഇവിടെ ഉണ്ട്‌ അവരുടെ നാവായാണ്‌ ഈ യുദ്ധം. ലൈംഗിക പീഢനക്കഥകള്‍ കേട്ട്‌ ഹരം പിടിച്ചുപോവുന്നവര്‍ക്കും മനസ്‌ മരവിച്ചു പോയവര്‍ക്കും ഇതില്‍ ചില സംശങ്ങള്‍ വരും. എന്തെങ്കിലും ഇല്ലാതെ ആരെങ്കിലും പറയുമോ? തീയില്ലാതെ പുകയുണ്ടാകുമോ? സ്‌ത്രീയെക്കുറിച്ച്‌ പുരുഷന്റെ മനസിലെ വികലവിചാരങ്ങളാണ്‌ ഇങ്ങനെയൊക്കെ അവനെക്കൊണ്ട്‌ പറയിപ്പിക്കുന്നുവെന്നാണ്‌ വിനീതയുടെ അനുഭവം പഠിപ്പിക്കുന്നത്‌.

ഇന്നവള്‍ തലച്ചായ്‌ക്കാന്‍ കുറഞ്ഞ വാടകയ്‌ക്ക്‌ ഇടം കണ്ടെത്താനാവാതെ സുഹൃത്തുക്കളുടെ വീടുകളില്‍ നിന്ന്‌ സുഹൃത്തുക്കളുടെ വീട്ടിലേയ്‌ക്ക്‌ ഒരു കാക്കക്കാലിന്റെ തണലിനായി പരക്കം പായുകയാണ്‌. അതിനിടയ്‌ക്ക്‌ വിനീതയ്‌ക്ക്‌ ചാലക്കുടി മുനിസിപ്പാലിറ്റിയില്‍ നിന്ന്‌ സ്ഥലം ഇല്ലാത്തവര്‍ക്ക്‌ സ്ഥലം വാങ്ങാനായി അനുവദിച്ച രണ്ടര ലക്ഷം രൂപ ലാപ്‌സായി. വീടില്ലാതെ മേല്‍വിലാസമില്ലാതെ നീതിക്കായി അലയുന്ന ഇവള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ഇവള്‍ മാത്രമേയുള്ളുവെന്നതാണ്‌ വാസ്‌തവം. 

സുഹൃത്തുക്കള്‍ മാത്രമാണ്‌ വിനീതയുടെ സമ്പത്ത്‌. അവരുടെ സഹായത്താല്‍ തലച്ചായ്‌ക്കാന്‍ ഒരിത്തിരി മണ്ണിനായി വിനീത വീണ്ടും ശ്രമിക്കുകയാണ്‌. വലിയ മാളികകള്‍ പണിത്‌ സ്വന്തം സുഖം നോക്കി പോകുന്ന സമൂഹത്തിന്‌ ഇവരെപ്പോലെയുള്ളവരോട്‌ വലിയ ബാധ്യതയുണ്ട്‌. ഇവരെപ്പോലെയുള്ളവരാണ്‌ വരും തലമുറയ്‌ക്കായി ഒരു നല്ലവാക്കുപ്പോലും പ്രതീക്ഷിക്കാതെ പ്രകൃതിയെ കണ്‍ചിമ്മാതെ കാത്തുസൂക്ഷിക്കുന്നത്‌. വീണ്ടും പറയട്ടെ സംഘടനയുടെ പിന്‍ബലം ഇല്ലാത്തതിനാല്‍ ഇവരുടെ മാറാപ്പില്‍ വലിയ ആശയങ്ങളുടെ ഭാണ്ഡക്കെട്ടില്ല. നിയമങ്ങളുടെ വേലിക്കെട്ടില്ല. ബന്ധങ്ങളുടെ പിന്‍വിളി വിളിക്കുന്ന സ്‌നേഹകുരുക്കില്ല. നമുക്ക്‌ കരുതാം ഇവരെ....