Breaking News

Trending right now:
Description
 
Jul 17, 2014

ഗീവറുഗീസ് മാർ ദീയസ്കോറസ് മെത്രാപ്പോ​ലീത്തയുടെ 15-ാമത് ഓർമ്മപ്പെരു​ന്നാളിന് തുടക്കമായി

Johnson Punchakkonam
image

മലങ്കര ഓര്ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായും, റാന്നി ഹോളി ട്രിനിറ്റി ആശ്രമം സ്ഥാപകനുമായിരുന്ന കാലം ചെയ്ത അഭിവന്ദ്യ ഗീവറുഗീസ് മാർ ദീയസ്കോറസ് മെത്രാപ്പോലീത്തയുടെ 15-ാമത് ഓർമ്മപ്പെരുന്നാളിന് തുടക്കമായി. നിലയ്ക്കൽ ഭദ്രാസനാധിപനും ആശ്രമാംഗവുമായ അഭിവന്ദ്യ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

ദീയസ്കോറസ്മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിൽ നടക്കുന്ന ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകള്ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൌലോസ് ദ്വിതീയൻ കാതോലിക്കാ ബാവയും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും മുഖ്യകാര്മികത്വം വഹിക്കും. 21വരെ എല്ലാ ദിവസവും ആശ്രമ ചാപ്പലിൽ സന്ധ്യാനമസ്കാരവും രാവിലെ വിശുദ്ധ കുര്ബാനയും നടക്കും. 22ന് രാവിലെ 7ന് ചെന്നൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാര് ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്മികത്വത്തിൽ വിശുദ്ധ കുര്ബ്ബാന.

തിരുവനന്തപുരം ഭദ്രാസനത്തിൽ നിന്നുളള 15-ാമത് പാവനസ്മരണറാലി 22ന് ഡോ.ഗബ്രിയേല് മാര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ കാര്മികത്വത്തിൽ വി. കുര്ബായ്ക്കു ശേഷം രാവിലെ 10ന് ഇടമുളയ്ക്കൽ വി.എം.ഡി.എം. സെന്ററിൽ നിന്നും ആശീര്വ്വദിച്ച് യാത്രയാക്കും. മൂന്നു മണിക്ക് റാന്നി ആശ്രമകവാടത്തിൽ എത്തും. തുടര്ന്ന് തീര്ത്ഥാടക സംഗമം നടക്കും. ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്, വയ്യാറ്റുപുഴ, വടശേരിക്കര, വയലത്തല, കീക്കൊഴൂര്, കാട്ടൂര്, തോട്ടമണ്, വെച്ചൂച്ചിറ, മുക്കാലുമണ്, കരികുളം, ചെമ്പന്മുഖം, കുറ്റിയാനി, അയിരൂര്, കൊറ്റനാട്, കോഴഞ്ചേരി തുടങ്ങിയ പളളികളിൽ നിന്നുളള തീര്ത്ഥാടകരും കബറിങ്കൽ പദയാത്രയായി എത്തും. വൈകിട്ട് 6.45ന് വചനശുശ്രൂഷ, കബറിങ്കൽ ധൂപപ്രാര്ത്ഥന.

23ന് എട്ടിന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്മികത്വത്തിൽ വി. മൂന്നിന്മേൽ കുര്ബാന, അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും. ഗീവര്ഗീസ് മാര് ദിയസ്കോറോസ് ചാരിറ്റി യോഗത്തിൽ വിതരണം ചെയ്യും. തുടര്ന്ന് കബറിങ്കൽ ധൂപപ്രാര്ത്ഥന, ആശീര്വാദം, നേര്ച്ച എന്നിവയോടെ പെരുന്നാള് ചടങ്ങുകള് സമാപിക്കുമെന്ന് ആശ്രമ സുപ്പീരിയര് വന്ദ്യ ഔഗേന് റമ്പാന് അറിയിച്ചു.

കോഴഞ്ചേരി തേവർവേലിൽ കുടുംബാംഗമായിരുന്ന മെത്രാപ്പോലീത്ത വൈദികനായിരിക്കുമ്പോഴാണ് 1970-ല് റാന്നിയില് ഹോളി ട്രിനിറ്റി ആശ്രമ പ്രസ്ഥാനത്തിനു തുടക്കമിടുന്നത്. അദ്ദേഹത്തിന് ലഭിച്ച പിതൃസ്വത്തിൽ ആശ്രമപ്രസ്ഥാനം ആരംഭിക്കുകയും സഭയുടെ ശുശ്രൂഷയിലേക്ക് ആളുകളെ വാര്ത്തെടുക്കുകയും ചെയ്തു. സാമൂഹ്യ, വിദ്യാഭ്യാസ, ആതുരശുശ്രൂഷ മേഖലകളിൽ കൈത്താങ്ങ് നല്കാനും സഭയുടെ ആത്മീയ പുരോഗതിയിൽ പങ്കാളിയാകാനും ഇതിലൂടെ കഴിഞ്ഞു. മെത്രാപ്പോലീത്ത പദവിയിലേക്ക് ഉയര്ത്തപ്പെട്ടശേഷം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്ത്തനം തുടങ്ങിയ അദ്ദേഹം അവിടെയും വിവിധങ്ങളായ മേഖലകളിൽ തന്റെ സംഭാവനകൾ നല്കി. ശാരീരിക വൈകല്യമുള്ള കുട്ടികളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനുമായി മെത്രാപ്പോലീത്ത പ്രത്യേക ശ്രദ്ധ നല്കികൊണ്ട് ഹോളി ട്രിനിറ്റി വികലാംഗ ബാല ഭവനം, ഹോളി ട്രിനിറ്റി ഹയർ സെക്കണ്ടറി സ്കൂൾ,ഹോളി ട്രിനിറ്റി ഫാർമസി കോളേജ് എന്നിവ ആരംഭിച്ചു. രോഗികളെയും പാവപ്പെട്ടവരെയും കരുതുന്നതിൽ എന്നും അദ്ദേഹം മുന്പന്തിയിലായിരുന്നു. കേരളത്തിന്റെ തലസ്ഥാന നഗരിയിൽ മലങ്കര ഓര്ത്തഡോക്സ് സഭയ്ക്ക് അഭിമാനിക്കാവുന്ന തരത്തിൽ ഭദ്രാസനത്തെ ഉയര്ത്തിക്കൊണ്ടുവരാനും സാമൂഹ്യമായ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ ഉണ്ടാക്കാനും മെത്രാപ്പോലീത്ത ശ്രമിച്ചിരുന്നു.