Breaking News

Trending right now:
Description
 
Nov 19, 2012

മാസം തികയുന്നതിനു മുമ്പേ പ്രസവിക്കുമോയെന്നറിയാന്‍ പുതിയ പരിശോധന

image പത്തുമിനിട്ട്‌ മാത്രം നീണ്ടുനില്‍ക്കുന്ന പരിശോധനയിലൂടെ മാസമെത്തും മുമ്പേ പ്രസവിക്കുമോയെന്നറിയാന്‍ കഴിയും. നിലവില്‍ ആയിരക്കണക്കിനു അമ്മമാരാണ്‌ നിശ്ചിത സമയത്തിനു മുമ്പേ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‌കുന്നത്‌. ഇതുമൂലം ആരോഗ്യം കുറഞ്ഞ കുഞ്ഞുങ്ങളുണ്ടാകുന്നുവെന്നു അവരെ രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യത കൂടുന്നു എന്നതൊക്കെയാണ്‌ ദോഷം. 

സെര്‍വിക്കല്‍ സ്വാബ്‌ ഉപയോഗിച്ചുനടത്തുന്ന പരിശോധനയിലൂടെ ഗര്‍ഭിണികളിലെ പ്രോട്ടീന്‍ ഘടകം വിലയിരുത്തിയാണ്‌ മാസമെത്തും മുമ്പേ പ്രസവിക്കാന്‍ സാധ്യതയുണ്ടോ എന്ന്‌ കണ്ടെത്തുന്നത്‌. അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പ്രസവസാധ്യതയുണ്ടോ എന്നാണ്‌ പരിശോധിക്കുക.

ലണ്ടനിലെ ഗൈസ്‌ ആന്‍ഡ്‌ സെന്റ്‌ തോമസ്‌ ഹോസ്‌പിറ്റലില്‍ നടത്തിയ പരീക്ഷണങ്ങളാണ്‌ പുതിയ പരിശോധനയ്‌ക്കു വഴിതെളിച്ചത്‌. 

യുകെയിലെ കണക്കനുസരിച്ച്‌ പതിമൂന്നുപേരില്‍ ഒരാള്‍ സമയമെത്തുംമുമ്പേ പ്രസവിക്കുന്നുണ്ട്‌. ഇത്‌ ചികിത്സാച്ചെലവ്‌ വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. കാലമെത്താത്ത പ്രസവംമൂലം എന്‍എച്ചിഎസിന്‌ കുറഞ്ഞത്‌ ഒരു ബില്യണ്‍ പൗണ്ടിന്റെയെങ്കിലും അധികച്ചെലവുണ്ടാകുന്നുവെന്നാണ്‌ കണക്ക്‌. 


ഒരുവര്‍ഷം യുകെയില്‍ സമയമെത്തുംമുമ്പേ പ്രസവിക്കും എന്നു സംശയിക്കുന്ന നാലായിരം സ്‌ത്രീകളെയെങ്കിലും പ്രത്യേക പരിചരണത്തിനായി പ്രത്യേക നിയോനേറ്റല്‍ കെയറില്‍ പ്രവേശിപ്പിക്കുന്നുണ്ട്‌. എന്നാല്‍ ഇവരില്‍ പത്തില്‍ ഒന്‍പതു പേരും ഹൈ-റിസ്‌ക്‌ എന്ന വിഭാഗത്തില്‍ പെടുത്തിയാണ്‌ ചികിത്സ നല്‌കുന്നത്‌. പലപ്പോഴും ഇവരെ അടിയന്തര സിസേറിയനു വിധേയമാക്കുന്നു. പുതിയ പരിശോധനവഴി ഇവരില്‍ രണ്ടായിരം പേരെയെങ്കിലും സിസേറിയനില്‍നിന്ന്‌ ഒഴിവാക്കാം.