Breaking News

Trending right now:
Description
 
Jul 15, 2014

നൈജീരിയന്‍ പ്രസിഡന്റിനെ മലാല സന്ദര്‍ശിച്ചു

image നൈജീരിയന്‍ പ്രസിഡന്റ്‌ ഗുഡ്‌ലക്‌ ജോനാഥനെ സന്ദര്‍ശിച്ച മലാല യൂസഫ്‌ സായി അദ്ദേഹവുമായി വിവിധ പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്തി. നൈജീരിയയിലെ ചിബോക്‌ സ്‌കൂളില്‍നിന്നു ബോക്കോ ഹറം ഭീകരര്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ പ്രധാനമായും ചര്‍ച്ച ചെയ്‌തതെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്കുശേഷം മലാല മാധ്യമങ്ങളെ അറിയിച്ചു. ഭീകരര്‍ തട്ടിയെടുത്ത കുട്ടികള്‍ എന്റെ സഹോദരിമാരാണ്‌. അവരുടെ മോചനം സാധ്യമാക്കുകയാണു ലക്ഷ്യം. പെണ്‍കുട്ടികള്‍ തിരിച്ചെത്തിയാലുടന്‍ അവര്‍ക്ക്‌ നൈജീരിയയില്‍ എവിടെയും പഠിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കുമെന്ന്‌ പ്രസിഡന്റ്‌ ഉറപ്പു നല്‍കിയെന്നും മലാല പറഞ്ഞു. ഏപ്രില്‍ 14നാണ്‌ ബോക്കോ ഹറം തീവ്രവാദികള്‍ 200ല്‍ അധികം പെണ്‍കുട്ടികളെ റാഞ്ചിയത്‌. പെണ്‍കുട്ടികള്‍ ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്‌. ബ്രിട്ടന്റെയും അമേരിക്കയുടെയും വിദഗ്‌ധരുടെ സഹായത്തോടെ നൈജീരിയന്‍ സേന തെരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടികളെ മോചിപ്പിക്കാനായില്ല. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ എത്തിയ മലാല ജോനാഥനുമായി 45 മിനിറ്റ്‌ നേരം ചര്‍ച്ച നടത്തിയിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്‌ദമുയര്‍ത്തിയതിന്‌ പാക്‌ പെണ്‍കുട്ടിയായ മലാലയെ താലിബാന്‍ വെടിവച്ച്‌ വീഴ്‌ത്തുകയായിരുന്നു. ബ്രിട്ടനില്‍ എത്തിച്ചു നടത്തിയ ചികിത്സയിലാണ്‌ സുഖംപ്രാപിച്ചത്‌. പിന്നീട്‌ ബ്രിട്ടനിലെ സ്‌കൂളില്‍ മലാല വിദ്യാഭ്യാസം തുടരുകയായിരുന്നു. ശനിയാഴ്‌ചയായിരുന്നു മലാലയുടെ 17-ാം ജന്മദിനം.