Breaking News

Trending right now:
Description
 
Jul 14, 2014

ഇറാഖില്‍നിന്ന്‌ 34 മലയാളി നഴ്‌സുമാര്‍കൂടി വിമാനമിറങ്ങി

image ഇറാഖിലെ യുദ്ധഭൂമിയില്‍ ഒരു മാസം അജ്ഞാതവാസത്തിലായിരുന്ന 34 മലയാളി നഴ്‌സുമാര്‍കൂടി ജന്മനാട്ടില്‍ പറന്നിറങ്ങി. 19 പേര്‍ നെടുമ്പാശേരിയിലും അഞ്ചുപേര്‍ ഡല്‍ഹിയിലുമാണ്‌ വിമാനമിറങ്ങിയത്‌. ശനിയാഴ്‌ച തിരിച്ചെത്തിയവരില്‍ 19 പേര്‍ ബിയാല ബാഖ്‌ബ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്‌. ബാക്കിയുള്ളവര്‍ക്ക്‌ ബിയാലയിലെ തന്നെ മുഖ്‌ദൈയ, ദിയാല, അല്‍ മുഖാദൈയ്യ ജനറല്‍, ബബല്‍ ഷാര്‍ജി ജംത്സ്‌ബിയ, അല്‍ മിഖ്വാദാദിയ അല്‍ സഹാറ ആശുപത്രികളിലുമായിരുന്നു ജോലി. പുറംലോകമറിയാതെ അടച്ചിട്ട ആശുപത്രിക്കെട്ടിടത്തിനകത്തു കിടന്ന തങ്ങളെ രക്ഷിച്ചത്‌ മാധ്യമങ്ങളും കേരള സര്‍ക്കാരുമാണെന്ന്‌ കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ നഴ്‌സുമാര്‍ പറഞ്ഞു. ഷാര്‍ജയില്‍നിന്നു ജെറ്റ്‌ എയര്‍വെയ്‌സിന്റെ ഫ്‌ളൈറ്റിലാണ്‌ ഇവര്‍ വന്നത്‌. സംഘര്‍ഷം തുടങ്ങിയതോടെ കഴിഞ്ഞ ജൂണ്‍ പത്തിനു തങ്ങളെ ആശുപത്രിയിലാക്കി പൂട്ടിയതായി നഴ്‌സുമാര്‍ പറഞ്ഞു. എല്ലാവരുടെയും പാസ്‌പോര്‍ട്ട്‌ ആശുപത്രി മാനേജ്‌മെന്റ്‌ കൈക്കലാക്കിയിരുന്നു. ആശുപത്രിക്കു ചുറ്റും പട്ടാളമായിരുന്നു. പുറംലോകവുമായി യാതൊരു സമ്പര്‍ക്കവുമുണ്ടായിരുന്നില്ല. പട്ടാള കാവലിലായതിനാല്‍ ഇന്ത്യന്‍ എംബസിയിലുള്ളവര്‍ക്കു പോലും പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതിനിടെയാണ്‌ രക്ഷപ്പെടലിന്‌ അവസരം ലഭിച്ചത്‌. ബാഗ്‌ദാദില്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ 29 നഴ്‌സുമാരുടെ വിമാനടിക്കറ്റുകള്‍ ഉള്‍പ്പെടെ ശരിയാക്കുന്നതിനായി രണ്ടുദിവസം അവിടെതന്നെ താമസിപ്പിച്ചു. തുടര്‍ന്ന്‌ ഷാര്‍ജയിലെത്തിയശേഷമാണ്‌ കൊച്ചിയിലേക്ക്‌ ടിക്കറ്റ്‌ ശരിയാക്കിയത്‌. ഷാര്‍ജയില്‍ അവിടുത്തെ മലയാളി അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാണ്‌ താമസസൗകര്യവും മറ്റും ശരിയാക്കിയതെന്നു നഴ്‌സുമാര്‍ പറഞ്ഞു. എണ്‍പതോളം മലയാളി നഴ്‌സുമാര്‍ ഉടന്‍ നാട്ടിലെത്തുമെന്നു തിരിച്ചെത്തിയവര്‍ പറഞ്ഞു. ഹദീദയില്‍ കുടുങ്ങിയ മലയാളികളായ അഞ്ചുനഴ്‌സുമാര്‍ ജോര്‍ദാന്‍ വഴി ഇന്നലെ നാട്ടിലെത്തി.