Breaking News

Trending right now:
Description
 
Jul 12, 2014

കപട തൊഴില്‍ദാതാക്കളറിയാന്‍......

ജാസ്‌മിന്‍ ഷാ, യു എന്‍ എ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌
image
തിരിച്ചെത്തിയ നെഴ്സുമാര്‍ക്ക് ജോലി നല്‍കാമെന്നു പ്രഖ്യാപിച്ചു കേരളത്തിലെ പ്രധാന ആശുപത്രികള്‍ എല്ലാം .ആശുപത്രികള്‍ മത്സരിക്കുന്നു നെഴ്സുമാര്‍ക്ക് ജോലി നല്‍കാന്‍ ,ഇത്രയധികം വേക്കന്‍സികള്‍ ഉണ്ടായിട്ടാണോ ,ഇവിടെ നിരവധി നേഴ്സുമാര്‍ ജോലിയില്ലാതെ നടക്കുന്നത് .ഇത്രക്ക്‌ നേഴ്സുമാരെ സ്നേഹിക്കുന്നുണ്ടോ ഈ മുതലാളിമാര്‍ ???

തൊഴില്‍ മന്ത്രി ദയവായി ഈ ആശുപത്രി മുതലാളിമാരോട് പറയൂ ,

ഇറാഖില്‍ ഇനിയും നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുയാണ്‌. തൊഴില്‍ രഹിതരായ ജനറല്‍ നഴ്‌സുമാര്‍, പണികിട്ടാതെ ഹോട്ടല്‍ പണിക്ക്‌ പോകുന്ന ബി എസ്‌എസി നഴ്‌സുമാരായ നിരവധി പുരുഷ നേഴ്സുമാര്‍ അടക്കം വലിയ ഒരു വിഭാഗം ജോലിയില്ലാതെ നടക്കുന്നുണ്ട്,അവരെ സഹായിക്കാന്‍ ,

അതോ ഇവരെല്ലാം ജീവന്‍ പണയം വെച്ച് ഇത്തരം രാജ്യങ്ങളില്‍ പോയാല്‍ മാത്രമേ സഹായിക്കുകയുള്ളൂ ???
നേഴ്സുമാരുടെ തിരിച്ചു വരവിനെയും സൌജന്യ പരസ്യത്തിനായി ഉപയോഗിക്കുന്ന ആശുപത്രികളുടെ നീക്കം കേരളത്തിലെ പൊതുസമൂഹത്തിനറിയാം .ജോലി നല്‍കാം എന്നു പറഞ്ഞു വരുന്ന ആശുപത്രികളില്‍ എത്ര പേര്‍ നിലവിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അനുശാസിച്ച സേവന-വേതന വ്യവസ്ഥകള്‍ നടപ്പിലാക്കുന്നുണ്ട്????

കപട തൊഴില്‍ദാതാക്കളറിയാന്‍ യുഎന്‍ എയക്ക്‌ പറയുവാനുണ്ട്‌ ചിലതുണ്ട്‌. അല്ല ,ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി അറിയില്ലെങ്കില്‍ ഇതൊന്നുകൂടി മനസിലാക്കു..

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്

 

മദര്‍,അമൃത,എല്‍.എഫ്,എലൈറ്റ്‌,ലേക്ഷോര്‍ സമരങ്ങള്‍ കത്തിപ്പടര്‍ന്ന സമയത്ത്‌ അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന ശ്രീ.അടൂര്‍ പ്രകാശ്‌ ആണ് ഡോ:ബലരാമന്‍ അധ്യക്ഷനായ ഒരു സമിതിയെ നേഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിച്ചു പരിഹാരം നിര്‍ദ്ദേശിക്കാന്‍  2012 ജനുവരി അവസാനത്തില്‍ നിയോഗിക്കുന്നത് .അതിവേഗത്തില്‍ ആ കമ്മിറ്റി മിക്ക ജില്ലകളിലും സിറ്റിംഗ് നടത്തി മൂന്ന് മാസത്തിനുള്ളില്‍ തന്നെ നേഴ്സുമാരുടെ പ്രശ്ന പരിഹാരത്തിനായി 50 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു റിപ്പോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിച്ചു.

 

ആരോഗ്യ വകുപ്പും ,തൊഴില്‍ വകുപ്പും

 

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ്‌ മന്ത്രിക്കാണ് സമര്‍പ്പിക്കപ്പെട്ടത് .കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്‌ കീഴില്‍ വരുന്ന നേഴ്സുമാര്‍ മാത്രമാണ് സമ്പൂര്‍ണ്ണമായും ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്നത് .എന്നാല്‍ സ്വകാര്യ-കോപ്പറേറ്റിവ് ആശുപത്രികളിലെ നേഴ്സുമാരും ,അവര്‍ക്ക്‌ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടു വകുപ്പുകളുടെ കീഴില്‍ ആണ് വരുന്നത് .അതാണ്‌ ആരോഗ്യ വകുപ്പും ,തൊഴില്‍ വകുപ്പും.

 

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നെഴ്സുമാര്‍ക്ക് മാന്യമായ വേതനം പറഞ്ഞപ്പോള്‍ ,മിനിമം വേതനം മാത്രമേ തങ്ങള്‍ക്ക് പരിഗണിക്കാന്‍ കഴിയൂ എന്നും ,അതിനുള്ള അധികാരം മാത്രമേ തൊഴില്‍ വകുപ്പിന് നിക്ഷിപ്തമായിട്ടുള്ളത് എന്നുമാണ് തൊഴില്‍ വകുപ്പ്‌ നിലപാട്‌ .

 

ബലരാമന്‍ കമ്മിറ്റിയിലെ ഏകദേശം 18 ഓളം നിര്‍ദ്ദേശങ്ങള്‍ തൊഴില്‍ വകുപ്പിനും ,32 നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പിനും കീഴില്‍ ആണ് വരുന്നത് .

 

തൊഴില്‍ വകുപ്പ്‌ സ്വീകരിച്ച നടപടിയും ഫലവും 

 

ഐ.ആര്‍.സി അഥവാ വ്യവസായ ബന്ധ സമിതിയുടെ രൂപീകരണം 

 

രൂക്ഷമായ നേഴ്സിംഗ് സമരങ്ങളുടെ കാലത്ത് ആശുപത്രിയിലെ ജീവനക്കാരും ,തൊഴില്‍ ഉടമകളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഐആര്‍സിക്ക് രൂപം നല്‍കിയത് .ആ സമയത്ത് തൊഴില്‍ വകുപ്പിന് കീഴില്‍ വരുന്ന മറ്റെല്ലാ തൊഴില്‍ വിഭാഗത്തിനും ഐ ആര്‍സി നിലവില്‍ ഉണ്ടായിരുന്നു .ഇതിനു മുന്‍കൈ എടുത്തത്‌ തൊഴില്‍ വകുപ്പ്‌ മന്ത്രി ശ്രീ.ഷിബു ബേബി ജോണ്‍ ആയിരുന്നു .ലേബര്‍ കമ്മീഷണര്‍ ചെയര്‍മാന്‍ ആയി പതിനൊന്നു തൊഴിലാളി സംഘടനാ പ്രതിനിധികളെയും ,പതിനൊന്നു ആശുപത്രി ഉടമകളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് 2012  ജൂണ്‍ മാസത്തിലാണ് ഈ കമ്മിറ്റി നിലവില്‍ വന്നത് .

ഒരു വര്‍ഷത്തോളം നിരന്തരമായ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ 2013 ഏപ്രില്‍ മാസത്തില്‍ ബലരാമന്‍ കമ്മിറ്റിയിലെ 16 നിര്‍ദ്ദേശങ്ങളും 2009 ലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചും തീരുമാനിച്ചു .

 

ഉത്തരവ് ഇറങ്ങാന്‍ വൈകുന്നു 

 

ഏപ്രില്‍ മാസത്തില്‍ നിശ്ചയിച്ച കരാര്‍ ഉത്തരവ്‌ ഇറങ്ങാതെ വൈകി ,തുടര്‍ന്ന് യുഎന്‍എ 2013 നവംബര്‍ 16 നു സെക്രെട്ടറിയേറ്റ് പഠിക്കലിലേക്ക് പണിമുടക്കി സമരം പ്രഖ്യാപിച്ചു ,തുടര്‍ന്ന് തൊഴില്‍ വകുപ്പ്‌ മന്ത്രിയുമായി ചര്‍ച്ച നടത്തുകയും  2013 നവംബര്‍ 5നു ഉത്തരവ് ഇറക്കാമെന്നു വാക്ക് നല്‍കുകയും ,ആ വാക്ക്‌ അദ്ദേഹം പാലിക്കുകയും ചെയ്തു .മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ തന്നെ ഈ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു .

 

മാനേജ്മെന്‍റ്കള്‍ വിസമ്മതിക്കുന്നു 

 

ആശുപത്രി ഉടമകളായ മാനേജ്മെന്‍റ്കള്‍ ഐആര്‍സിയില്‍ പുതുക്കിയ ശബളം അടക്കം മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാം എന്ന് സമ്മതിച്ചെങ്കിലും വലിയ ഒരു വിഭാഗം ഉടമകള്‍ ഈ ആനുകൂല്യങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു .വളരെ കുറച്ചു ആശുപത്രികള്‍ മാത്രമേ ഈ ശബളം നല്‍കാന്‍ തയ്യാറായുള്ളൂ .മാത്രമല്ല സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്മെന്‍റ്കള്‍ കോടതിയെ സമീപിക്കുകയും 2013 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശബളം നല്‍കണം എന്ന ഉത്തരവിനു ബഹു ഹൈക്കോടതിയില്‍ നിന്നും  സ്റ്റേ സമ്പാദിക്കുകയും ചെയ്തു .എന്നാല്‍ ഈ വാര്‍ത്ത ഒരു മാധ്യമങ്ങളും വാര്‍ത്തയാക്കാത്തതിനാല്‍ പൊതുസമൂഹം ഈ വിവരം അറിഞ്ഞതുമില്ല .

 

നടപടികള്‍ വാക്കുകളില്‍ ഒതുങ്ങി 

 

മിനിമം വേതനം നല്‍കാത്ത ആശുപത്രികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന സര്‍ക്കാര്‍ ഉറപ്പ്‌ പാലിക്കപ്പെട്ടില്ല .ആശുപത്രി ഉടമകള്‍ നേടിയ സ്റ്റേക്ക് പിന്‍വലിക്കുന്നതിനുള്ള നടപടികളും എടുത്തിട്ടില്ല .

 

എന്തു കൊണ്ട് ആശുപത്രി ഉടമകള്‍ക്ക്‌ സര്‍ക്കാറിനെ ഭയമില്ല 

 

തൊഴില്‍ വകുപ്പിന് കാര്യമായ നടപടികള്‍ എടുക്കാന്‍ നിലവിലെ നിയമങ്ങളിലൂടെകഴിയില്ല .ശബളമടക്കമുള്ള കാര്യങ്ങള്‍ നല്‍കുന്നത് ലംഘിച്ചാല്‍ 500 രൂപ പിഴയടക്കമുള്ള നടപടികളാണ് എടുക്കാന്‍ കഴിയുക .അത് കൊണ്ട് തന്നെ ആശുപത്രി ഉടമകള്‍ സര്‍ക്കാറിനെ കേള്‍ക്കുന്നില്ല .

 

ആരോഗ്യവകുപ്പും ബലരാമന്‍ കമ്മിറ്റിയും 

 

ബലരാമന്‍ കമ്മിറ്റിയെ നിയോഗിച്ച ആരോഗ്യ മന്ത്രി ശ്രീ.അടൂര്‍ പ്രകാശ്‌ ആരോഗ്യ മന്ത്രി സ്ഥാനത്തു നിന്നും മാറുകയും പുതിയ മന്ത്രിയായി വി.എസ്‌.ശിവകുമാര്‍ എത്തിയതോടെ ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചവറ്റു കോട്ടയിലേക്ക് എടുത്തെറിയപ്പെട്ടു .ഒരു ചര്‍ച്ച പോലും ഇതുമായി ബന്ധപ്പെട്ടു നടത്തുവാന്‍ ആരോഗ്യ മന്ത്രി തയ്യാറായില്ല .അദ്ദേഹം പൂര്‍ണ്ണമായും ആശുപത്രി മുതലാളിമാരുടെ കൂടെയായിരുന്നു .

 

പ്രതിഷേധം കനത്തപ്പോള്‍ മന്തിസഭാ യോഗ തീരുമാന പ്രകാരം ഒരു ഉപസമിതി ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ രൂപീകരിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു .ആരോഗ്യ മന്ത്രി ശ്രീ.വി.എസ്‌ ശിവകുമാര്‍  ചെയര്‍മാനായി ശ്രീ.കുഞ്ഞാലിക്കുട്ടി(വ്യവസായ മന്ത്രി),ശ്രീ.കെ.എം.മാണി(ധനകാര്യ മന്ത്രി ) എന്നിവരെയുള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കുകയും അത് ഒരു യോഗം പോലും കൂടിയതായി ഇതുവരെയും ആര്‍ക്കും അറിവില്ല .

 

സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടത്‌ 

 

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഈ സര്‍ക്കാറിനു ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം സ്വകാര്യ-സഹകരണ മേഖലയിലെ നേഴ്സുമാരെ തൊഴില്‍ വകുപ്പിന്‍റെ അധീനതയില്‍ നിന്നും പൂര്‍ണ്ണമായും ആരോഗ്യവകുപ്പിന് കീഴിലേക്ക് മാറ്റുകയും ഒരു ബില്ലിലൂടെ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള ആര്‍ജ്ജവം കാണിക്കുകയും വേണം .