Breaking News

Trending right now:
Description
 
Jul 12, 2014

സ്‌ത്രീകളും ഹിസ്‌ട്രിയോണിക്‌-ബോഡര്‍ ലൈന്‍ വ്യക്തിത്വ വൈകല്യങ്ങളും

image (പ്രമുഖ ടെലിവിഷന്‍ അവതാരകയും പ്രോഗ്രാം പ്രൊഡ്യൂസറുമായ ശ്രീജ നായര്‍ ഫെയ്‌സ്‌ബുക്ക്‌ ഉപയോഗിച്ചു വ്യത്യസ്‌തമായ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രമുഖ വ്യക്തിയാണ്‌. വ്യത്യസ്‌തവും രസകരവുമാണ്‌ ശ്രീജയുടെ പോസ്റ്റുകള്‍. )

ഓരോരുത്തരുടേയും വ്യക്തിത്വങ്ങളെ വിശകലനം ചെയ്യുക എന്നത് വളരെ രസകരമായ ഒരു പ്രക്രിയയാണ്. പക്ഷെ യാതൊരു മുൻവിധികളുമില്ലാതെ ദൂരെ മാറിനിന്നു മറ്റുള്ളവരെ നോക്കിക്കാണണം. അപ്പോൾ നമുക്ക് പലതരം സ്വഭാവങ്ങൾ കാണാം- സ്വഭാവ വൈശിഷ്യങ്ങൾ കാണാം- സ്വഭാവ വൈകല്യങ്ങൾ കാണാം..പഠിച്ചത് മനശാസ്ത്രമാണെങ്കിലും അതിനു ശേഷം മനശാസ്ത്രസംബന്ധമായ  ടിവി പ്രോഗ്രാം ചെയ്തതിനു ശേഷമാണ് ഇതിനെക്കുറിച്ചൊക്കെ കൂടുതൽ കാര്യങ്ങൾ അറിയാനായത്. പഠിക്കുന്ന സമയത്ത് മാർക്കിനു വേണ്ടി മാത്രമുള്ള പഠനമായിരുന്നു. ഏറ്റവും രസകരമായ ഒരു വിഷയമാണിത്. വ്യക്തിത്വ വൈകല്യങ്ങളിൽ പലതിന്റെയും ലക്ഷണങ്ങൾ കേൾക്കുമ്പോൾ നമ്മളും അതിലൊക്കെ ഉൾപ്പെടുമോ  എന്ന് തോന്നിപ്പോകും. പക്ഷെ 100% നോർമൽ ആയി ആരും ഇല്ല എന്നതുപോലെ തന്നെ ഈ വൈകല്യങ്ങൾ അവരവർക്കോ മറ്റുള്ളവർക്കോ  ദോഷമായി മാറുമ്പോൾ ആണ് പ്രശ്നമായി തീരുന്നത്.. വ്യക്തിത്വ വൈകല്യങ്ങളിൽ എനിക്ക് അറിയാൻ കൂടുതൽ ആഗ്രഹം തോന്നിയിട്ടുള്ളത് വ്യക്തുത്വ വൈകല്യങ്ങളുടെ ക്ളാസിഫിക്കേഷനുകളായ ക്ളസ്റ്റർ - ബി  വിഭാഗത്തിൽ പെട്ട  ബോഡർ ലൈൻ, ഹിസ്ട്രിയോണിക്  വ്യക്തിത്വങ്ങളെക്കുറിച്ചാണ് . 

പലരിലും ഇവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇവയോടൊപ്പം ക്ളസ്റ്റർ -എ യുടെ ഭാഗമായ സംശയരോഗവും ക്ലസ്റ്റർ-സി  യുടെ ഭാഗമായ ആശ്രയമാനോഭാവവും കൂടി പലരിലും കൂടിച്ചേരുന്നു.

കുടുംബകോടതിയുമായി ബന്ധപ്പെട്ട്  പ്രവർത്തിക്കുന്ന എന്റെ അടുത്ത സുഹൃത്തായ ഒരു മനോരോഗ വിദഗ്ധൻ  പറഞ്ഞത് നമ്മുടെ സമൂഹത്തിൽ നടക്കുന്ന വിവാഹമോചനത്തിന്റെ  90% വും  ഈ വിഭാഗങ്ങളിൽ ഉള്ളവരിലാണ് എന്നതാണ്.

സംശയരോഗത്തെക്കുറിച്ച്  കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ലല്ലോ.എന്നാൽ ബോഡർ ലൈൻ &  ഹിസ്ട്രിയോണിക് വ്യക്തിത്വവൈകല്ല്യങ്ങൾ ആണ് തിരിച്ചറിയപ്പെടാതെ പോകുന്നവ. രോഗി അത് അങ്ങീകരിച്ചു തരില്ല എന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത. അതുകൊണ്ടുതന്നെ  ചികിത്സയും നടക്കില്ല. 

ഹിസ്ട്രിയോണിക് വ്യക്തിത്വവൈകല്ല്യങ്ങൾ:

ലക്ഷണങ്ങൾ:

1. നിയന്ത്രിക്കാൻ  പറ്റാത്ത തരത്തിലുള്ള ദേഷ്യം & വാശി  
2.തനിച്ചായിപ്പോകുമെന്ന ഭയം, അങ്ങേയറ്റം ആശ്രയ മനോഭാവം 
3.എല്ലാവരുടെയും ശ്രദ്ധ എപ്പോഴും തന്നിലേക്ക് തന്നെ എത്തണമെന്ന ഭാവം. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലുമൊക്കെ അവരുടെ ഈ  സ്വഭാവം  നിഴലിക്കും.
4.എല്ലായിടത്തു നിന്നും അംഗീകാരം കിട്ടണമെന്ന കടുംപിടിത്തം 
5.സ്ഥിരതയില്ലാത്ത സ്വഭാവം - ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ അടുത്ത നിമിഷം മാറ്റിപ്പറയും. കള്ളം പറയുന്നതിലും അത് സത്യമാണെന്ന് 
സമർത്ഥിക്കുന്നതിലും  അതീവ  നിപുണർ  
6.എന്ത് കാര്യങ്ങളും എക്സാജറേറ്റ്‌  ചെയ്തു അവതരിപ്പിക്കുക 
7.സാഹചര്യങ്ങളേയും  സംഭവങ്ങളേയും സ്വയം ഉണ്ടാക്കിയെടുത്ത് ഭാവനയിൽ കണ്ടു അതാണ്‌ സത്യം എന്ന് വിശ്വസിക്കുകയും മറ്റുള്ളവരെ അത്  വിശ്വസിപ്പിക്കാൻ  ശ്രമം നടത്തുകയും ചെയ്യുക. ഇങ്ങനെ  വിശ്വസിപ്പിക്കുന്നതിലും  അതി  സമർത്ഥരാണിവർ 
8. സൂപ്പർ  ഈഗോ  ക്യാരക്റ്റർ 
9. സ്വന്തം കാര്യസാദ്ധ്യത്തിനു  വേണ്ടി എന്തും ചെയ്യാനുള്ള മനോഭാവം..
10. സ്വന്തം സ്വഭാവത്തിൽ അങ്ങേയറ്റം അഭിമാനവും അത് മാറ്റാനുള്ള തയാർ  ഇല്ലായ്മയും 
11. ശ്രദ്ധയും പരിഗണനയും  കിട്ടുന്നതിനു വേണ്ടി അസുഖം ഭാവിക്കൽ , ആത്മഹത്യ ചെയ്യുമെന്ന ഭീഷണി തുടങ്ങിയവ  
 12.ഇവരുടെ സ്വഭാവം എപ്പോഴാണ് മാറുക എന്ന് പ്രവചിക്കാൻ 
സാദ്ധ്യമല്ല. വളരെ സന്തോഷത്തോടെ സംസാരിച്ചിരിക്കും - അടുത്ത നിമിഷം യാതൊരു പ്രകോപനവും കൂടാതെ പൊട്ടിത്തെറിക്കും...
13. മറ്റുള്ളവരോട് പുറം മോടിയിലുള്ള വികാരപ്രകടനങ്ങൾ 
14. ഒട്ടും വിശ്വസിക്കാൻ കൊള്ളാത്ത സ്വഭാവക്കാർ .  
15.സ്വന്തം പരാധീനതകളും കുറവുകളും കൊണ്ടുണ്ടാകുന്ന വീഴ്ച്ചകൾ മറ്റുള്ളവരുടെ തലയിൽ  കെട്ടിവയ്ക്കുന്നതിൽ  സുഖം കണ്ടെത്തുന്നവർ 
16.അങ്ങേയറ്റം ഭാവന  സമ്പന്നർ.. പക്ഷെ ഈ ഭാവന സ്വയം ന്യായീകരണത്തിനുള്ള കഥകൾ  മെനഞ്ഞെടുക്കുന്നതിനാണെന്ന്  മാത്രം.
17. മറ്റുള്ളവരെ പ്രൊവൊക്കേറ്റ്  ചെയ്യുന്ന സ്വഭാവം 
18.സ്വന്തം കാര്യസാദ്ധ്യത്തിനായി വ്യക്തിബന്ധങ്ങൾ നന്നായി വളർത്തിയെടുക്കാൻ ഇവർക്കാകും. അവരുടെ സൌഹൃദത്തിന്  വ്യക്തമായ ചില ഉദ്ദേശ്യങ്ങൾ  ഉണ്ടാകും.
19  കാര്യങ്ങൾ വിശകലനം ചെയ്യുന്നതിൽ കൂർമ്മ  ബുദ്ധി- പക്ഷെ അവരുടെ താല്പര്യമനുസരിച്ചാകും വിശകലനം എന്ന് മാത്രം- അവസാനം വാദിയെ പ്രതിയാക്കുന്ന സ്വഭാവം.
20 . എല്ലാകാര്യങ്ങൾക്കും എക്സ്ട്രീം എന്ന് പറയാം- ഒന്നുകിൽ അങ്ങേയറ്റം- അല്ലെങ്കിൽ ഇങ്ങേയറ്റം.

ഹിസ്ട്രിയോണിക് വ്യക്തിത്വവൈകല്ല്യങ്ങൾ സ്ത്രീകളിലാണ് കൂടുതലും കണ്ടുവരുന്നത്‌. 

കാരണങ്ങൾ :

1. പാരമ്പര്യമായി  കിട്ടുന്നവ ..( ജനറ്റിക് ഫാക്റ്റർ )
2. വളർന്നുവന്ന സാഹചര്യങ്ങൾ 

ഈ രണ്ടു കാരണങ്ങൾ  ആയാലും വരും തലമുറയ്ക്കും ഈ പ്രശ്നങ്ങൾ ഉണ്ടാകും  എന്നതാണ് സങ്കടകരമായ വസ്തുത. കാരണം വളർന്നു  വരുന്ന കുഞ്ഞുങ്ങൾ  കണ്ടു വളരുന്നത്‌   ഈ സ്വഭാവമായിരിക്കുമല്ലോ.

ചികിത്സ : 

പൂർണ്ണമായും  ഭേദമാക്കാൻ സാധിക്കില്ല എങ്കിലും ബിഹേവിയർ തെറാപ്പിയിലൂടെ ഈ പ്രശ്നങ്ങൾ ഒരു പരിധിവരെയൊക്കെ കുറയ്ക്കാൻ  സാധിക്കും. പക്ഷെ ഒരിക്കലും അത് നടക്കില്ല എന്നതാണ് സത്യം. കാരണം ഈ അസുഖമുള്ളവർ ഒരിക്കലും അത് അങ്ങീകരിച്ചു  തരില്ല. മനോരോഗ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇത്തരം പ്രശ്നക്കാരുമായുള്ള കുടുംബ ജീവിതം ഒരിക്കലും വിജയകരമല്ല എന്നുള്ളതാണ്. കാരണം വർഷങ്ങൾ കടന്നുപോകുന്നതിലൂടെ അസുഖത്തിന്റെ തീവ്രത കൂടും ഒപ്പം ഇൻഫീരിയോറിറ്റി കോംപ്ളക്സ്‌  കൂടിയുണ്ടെങ്കിൽ ഭര്ത്താവിന്റെ  അവസ്ഥ കൂടുതൽ പരിതാപകരമാകും.

നമ്മുടെ സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന  ആന്റി സോഷ്യൽ സ്വഭാവ വിശേഷങ്ങൾ  ഉള്ള സ്ത്രീകളിൽ മിക്കതും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്.ഹിസ്ട്രിയോണിക്കിന്റെ മറ്റൊരു പേരു തന്നെ " ഫീമെയിൽ ആന്റി സോഷ്യൽ " എന്നാണ് .ഒരു ക്രിമിനൽ മനസ്സ് ഉണ്ടാക്കിയെടുക്കാനുള്ള എല്ലാ കഴിവും ഇത്തരക്കാരിൽ ഉണ്ട്. അവർ ആ രംഗങ്ങളിൽ വിജയിക്കുകയും ചെയ്യും.

ബോഡർ ലൈൻ വ്യക്തിത്വം :

പലപ്പോഴും ഹിസ്ട്രിയോണിക് വ്യക്തിത്വത്തോട്  ചേർന്ന് നില്ക്കുന്ന ഒനാണെന്നു പറയാം ബോഡർ ലൈൻ വ്യക്തിത്വം.  പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന അവസ്ഥ.ഹിസ്ട്രിയോണിക് വ്യക്തിത്വ പ്രശ്നങ്ങളെപ്പോലെയോ ചില കാര്യങ്ങളിൽ അതിനേക്കാൾ  രൂക്ഷതയേറിയതോ ആണ് ബോഡർ ലൈൻ വ്യക്തിത്വം. എങ്കിലും മിക്കവരിലും  ഇവയെല്ലാം  കൂട്ടുചേർന്നാണ്  കാണപ്പെടുക.  കഥകൾ  മെനയുന്ന സ്വഭാവമൊക്കെ ഒഴിവാക്കിയാൽ ഇവ രണ്ടിന്റെയും ലക്ഷണങ്ങൾ ഏകദേശം ഒന്നുതന്നെയാണ്. ബോഡർ ലൈൻ വ്യക്തിത്വത്തിൽ ആത്മഹത്യ ഭീഷണിയും അത്  ചെയ്യാനുള്ള ടെൻഡൻസിയും കൂടും. ഒപ്പം സ്വയം മുറിവുകൾ  വരുത്തി പീഡിപ്പിക്കുന്ന സ്വഭാവം ഇതിന്റെ ഒരു പ്രത്യേകതയാണ്. ഭിത്തിയിൽ തലയിടിച്ചു വാശിതീർക്കുന്നതൊക്കെ  ഇത്തരം വ്യക്തിത്വങ്ങളാണ്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും  ഏറെ പ്രശ്നങ്ങൾ  സൃഷ്ടിക്കുന്ന പ്രകൃതം. ഇത്തരക്കാർ ഒന്നിൽ  കൂടുതൽ  സ്വകാര്യ ബന്ധങ്ങൾ  സൂക്ഷിക്കുന്നവരാണ്. 

കാരണങ്ങൾ : 

1.പാരമ്പര്യമായി കിട്ടുന്നവ ..( ജനറ്റിക് ഫാക്റ്റർ )
2 തലച്ചോറിനുണ്ടാകുന്ന  അബ്നോർമാലിറ്റി 
3 ഞരമ്പുകൾക്കുണ്ടാകുന്ന  പ്രശ്നങ്ങൾ 
4 കുഞ്ഞുന്നാളിൽ ഉണ്ടായിട്ടുള്ള സെക്ഷ്വൽ  അബ്യുസ് 
5.വളർന്നു വരുന്ന സാഹചര്യങ്ങൾ   

ചികിത്സ: 

രോഗി സഹകരിക്കുകയാണെങ്കിൽ മരുന്ന് ചികിത്സയിലൂടെയും സൈക്കോ തെറാപ്പിയിലൂടെയും  ഒരു പരിധിവരെ രോഗത്തെ നിയന്ത്രിക്കാം ..

പൂർണ്ണരായ  മനുഷ്യർ  ഇല്ല എന്നുതന്നെ പറയാം.പലപ്പോഴും ചാഞ്ചാടി നില്ക്കുന്ന സ്വഭാവമാണ് പലർക്കും . ഒരു സാഹചര്യം വരുമ്പോൾ  ചിലപ്പോൾ അതൊരു രോഗാവസ്ഥയിലേക്ക്  മാറിയെന്നും വരാം. എന്നാൽ ബോഡർ ലൈൻ &  ഹിസ്ട്രിയോണിക് വ്യക്തിത്വങ്ങൾ വൈകല്യങ്ങൾ ആണ്. ചികിത്സ തേടേണ്ടവ . പൂർണ്ണമായി ഭേദമാക്കാനായില്ലെങ്കിലും ശരിയായ സമയത്ത്   ചികിൽസിച്ചാൽ  കുടുംബ സമാധാനം  ഒരുപരിധിവരെയെങ്കിലും  നിലനിർത്തി കൊണ്ടുപോകാൻ കഴിയും എന്നുമാത്രം.