Breaking News

Trending right now:
Description
 
Jul 10, 2014

ജൂലിയറ്റിനൊക്കെ എന്തുമാകാമല്ലോ?

Laly
image കുറേ നാളുകളായി ഒരു പരസ്യം എന്നെ ആകർഷിക്കാറുണ്ട്.. .. അതു അതിന്റെ സ്റ്റോറിയോ, ക്യാമറയോ, മോഡലുകളേയോ കണ്ടിട്ടല്ല... അതിലെ ഒരു പേര്,....‘സുനിൽ ‘ എന്ന് പേരുള്ളൊരാൾ എന്തോ ഒരു കാര്യത്തിനായി, വളരെ നാളുകളായി ഒരു ഓഫീസിൽ വരുന്നതും എത്ര നടന്നാലും തേയാത്തൊരു ചെരിപ്പ് അവിടത്തെ ഒരുദ്യോഗസ്ഥൻ നിർദ്ദേശിക്കുന്നതുമൊക്കെയാണത്. ആ പേരുപയോഗിക്കാൻ തോന്നിയ ആ പരസ്യകാരന്റെ ഔചിത്യബോധത്തെയാണു ഞാനേറെ ആദരിക്കുന്നത്... സുനില്‍ പോലെ ഇത്രയു ന്യൂട്രൽ ആയൊരു പേരുണ്ടാവില്ല മലയാളത്തിൽ.. ആ പേരു ഏതെങ്കിലും ജാതിയെയോ മതത്തെയോ ഉപജാതിയെയോ ഒന്നും പ്രതിനിധീകരിക്കുന്നില്ല.. മുസ്ലീം പേരിട്ടില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശനമുണ്ടാവില്ലെന്നു പറയുന്ന തീവ്രമുസ്ലീങ്ഗ്നള്‍ക്കു പോലും ഈ പേരിന്റെ ജാതി കണ്ടെത്താനാവില്ല തന്നെ..

. എനിക്ക് സുനില്‍ എന്ന് പേരുള്ള പത്തിലധികം പരിചയക്കാരുണ്ട്.. ഒരു സുഹൃത്ത്, ഒരു വീഡിയോ ഗ്രാഫര്‍, ഒരു ആര്‍ട്ടിസ്റ്റ്, ഒരു അടുത്ത ബന്ധുവായ അഡ്വക്കേറ്റ്, ഒരു കോണ്ട്രാക്റ്റര്‍ പിന്നെയും കുറെ പരിചയക്കാര്‍....
പരസ്യങ്ങളിൽ ഉപയോഗിക്കുന്ന പേരുകളിൽ പോലും ചില രാഷ്ട്രീയങ്ങളുണ്ട്... കുട്ടികളുടെ ഏതു ഹെൽത്ത് ഡ്രിങ്കിന്റെയോ മറ്റെന്തെങ്കിലും ജങ്ക് ഫുഡുകളുടെയോ പരസ്യങ്ഗ്നൾ ശ്രദ്ധിച്ചിട്ടുണ്ടോ..? അതിലെല്ലാം നായകനായ കുട്ടി ഒരു രാഹുലായിരിക്കും... ഇന്ത്യയിലെ കുടുമ്പ വാഴ്ചയുടെ ഇങ്ങേയറ്റത്തെ കണ്ണിയായ രാഹുൽ ഗാന്ധിക്കൊപ്പമാണു നമ്മുടെ പരസ്യവ്യവസായം വളർന്നു വന്നത്.. ആ വിനീത വിധേയത്വത്തിൽ നിന്നും ഇപ്പോഴും മോചനം നേടിയിട്ടില്ലാന്നു തോന്നുന്നു നമ്മുടെ പരസ്യരംഗം.

എന്റെ ചേച്ചിയുടെ പേരു ‘നൂർജഹാൻ’ എന്നാണു.. ചേട്ടന്റെ പേരു ‘ഫിറോസ് എന്നും.. നന്നേ ചെറുപ്പത്തിലെ സ്വന്തമായൊരു ജോലിയോ വരുമാനമാർഗ്ഗമോ ഇല്ലാത്ത സമയത്ത് കല്യാണം കഴിച്ച എന്റെ വാപ്പാക്ക് ആ സമയത്ത് കുട്ടികൾക്ക് പേരിടുന്ന കാര്യത്തിൽ പോലും അധികാരമുണ്ടായിരുന്നില്ല.. ഒരു മത പണ്ഡിതനായ വലിയുപ്പ അന്ന് വളരെ രാജകീയമായ പേരുകള്‍ തന്റെ കൊച്ചുമക്കള്‍ക്ക് കണ്ടു പിടിച്ചു.. നൈസാം, നവാബ്, ഷാ ,നസീര്‍,നദീറാ നൂര്‍ജഹാന്‍ ഫിറോസ് അങ്ങനെയങ്ങനെ.. ഞാനും അനിയനുമുണ്ടായ സമയത്ത് വാപ്പ സ്വയം പര്യാപ്തത നേടിയിരുന്നിരിക്കണം.. പുരോഗമനപരമായൊരു പേരു തന്നെ ഞങ്ങള്‍ക്ക് കണ്ടു പിടിച്ചു... ലാലിയും അജിത്തും... ഒരു കമ്മ്യൂണിസ്റ്റിനു ഇതിലും നല്ലൊരു പേരു കിട്ടാനുണ്ടോ..?

ഞങ്ങള്‍ക്ക് ഒരു മകളുണ്ടായപ്പോള്‍ നിയാസിന്റെയും ലാലിയുടെയും പ്രണയത്തിന്റെ പൊടിപ്പിനു നീലിമ എന്ന് പേരിടാനാണു തീരുമാനിച്ചത്.. പക്ഷേ അപ്പോഴേക്കും നാട്ടിലെ സാമൂഹ്യാന്തരീക്ഷം മാറുകയായിരുന്നു.. ബാബറി മസ്ജിദ് ഒരു തര്‍ക്കമന്ദിരമായി. മുസ്ലീങ്ങളും ഹിന്ദുക്കളും ജീവനേക്കാളേറെ മതത്തേയും മതാ‍ാചാരങ്ങളേയും മുറുകെപ്പിടിക്കാന്‍ തുടങ്ങി.. പേരുകള്‍ തീവ്രമായും നിര്‍ബ്ബന്ധമായും മതത്തില്‍ അധിഷ്ഠിതമാകാനും തുടങ്ങി.. ഒരു വീടും ഒരേ അടുക്കളയുമായി ക്കഴിഞ്ഞവര്‍ക്ക് എന്തൊക്കെയോ മറയ്ക്കാനുള്ളത് പോലെ.. അയല്പക്കത്തെ കൂട്ടുകാര്‍ക്കൊപ്പം അമ്പലത്തിലൊക്കെ കേറിയിറങ്ങി നടന്നിരുന്ന ഞങ്ങളെ അവര്‍ അമ്പലപ്പറമ്പിനു പുറത്ത് നിര്‍ത്തി.. അപ്പോളെനിക്ക് തോന്നി എന്റെ മോള്‍ക്ക് ‘ലക്ഷ്മി’ എന്ന് പേരിടണമെന്ന്.. ഞങ്ങള്‍ എവിടെയും പോയിട്ടില്ലെന്നും ‘നിങ്ങള്‍ക്കൊപ്പം ദാ ഇവിടെത്തന്നെ‘ എന്നും പറയണമെന്ന്..... (നീലു എന്നൊരു വിളിപ്പേരു നല്‍കിയെങ്കിലും)

രണ്ടാമത്തെ ആള്‍ക്ക് മറ്റാര്‍ക്കുമില്ലാത്തൊരു പേരന്വേഷിച്ചാണ് ചരിത്രത്തിലെ പ്രശസ്തമായൊരു പ്രണയത്തിലെത്തിയത്.. ‘അനാ‍ര്‍ക്കലി’.. നയതന്ത്രത്തിന്റെയും മതസൌഹാര്‍ദ്ദത്തിന്റെയും ഭാഗമായി ഹിന്ദു ,രജപുത്ര സ്ത്രീകളെ വരെ വിവാഹം ചെയ്തിരുന്ന അക്ബര്‍ ചക്രവര്‍ത്തിക്ക് സ്വന്തം സമുദായാംഗമെങ്കിലും അടിമയും നര്‍ത്തകിയുമായ ‘അനാര്‍ക്കലിയെ മകന്റെ പ്രണയഭാജനമായിക്കാണാന്‍ കഴിഞ്ഞില്ലെന്നത് വിചിത്രമായി തോന്നിയിരുന്നു...

. കേരളം അതിന്റെ ഏറ്റവും ഇടതുപക്ഷ് മുന്നേറ്റ കാലമായ അറുപതുകളുടെ അവസാനങ്ങളിലും എഴുപതുകളിലും എത്രയോ ന്യൂട്രലായതും മനോഹരവുമായ പേരുകളായിരുന്നു നമുക്കുണ്ടായിരുന്നത്.. സുനില്‍, രാജന്‍, ഷാജി, ബാബു, ബീന ,ബിജു ഇതൊക്കെ ഇപ്പോഴത്തെ മുതിര്‍ന്നവര്‍ക്കെല്ലാമുള്ള പേരുകളാണ്... ആ പേരുകള്‍ കേട്ട് നമുക്കൊരാളുടെ മതം കണ്ടു പിടിക്കാനാവില്ല... അതിന്റെ കൂടെ കൃഷ്ണനേയും മുഹമ്മദിനേയും ജോസഫിനേയുമൊന്നും കൂട്ടു വിളിച്ചില്ലെങ്കില്‍....!!അതെ എന്റെ സുഹൃത്ത് സുനില്‍ കൃഷ്ണനാണ്, വീഡിയോഗ്രാഫര്‍ സുനില്‍ തോമസും, അഡ്വക്കേറ്റ് സുനില്‍ കെ മുഹമ്മദും ....:

ഒരു പേരിലെന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.തീർച്ചയായും പേരുകൾ ചിലതൊക്കെ വെളിവാക്കുന്നുണ്ട്.. ചില ആത്മകഥകൾ, ജീവചരിത്രങ്ങൾ..!!

റോമിയോ ആന്റ് ജൂലിയറ്റില്‍ ജൂലിയറ്റ് ചോദിക്കുന്നു...

"What's in a name? That which we call a rose
By any other name would smell as sweet.... a rose is a rose is a rose.."

പക്ഷേ ജൂലിയറ്റിനൊക്കെ എന്തുമാകാമല്ലോ......വേറിട്ടൊരു എഴുത്തിന്റെ വഴി സ്വീകരിച്ചതിലൂടെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ശ്രദ്ധ നേടിയതാണ്‌ ലാലിയുടെ പോസ്‌റ്റുകള്‍. കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ സ്വന്തമായ കാഴ്‌ചപ്പാടില്‍ അവതരിപ്പിക്കാന്‍ താത്‌പര്യപ്പെടുന്ന ലാലിയുടെ എഴുത്ത്‌ ഒട്ടേറെപ്പേര്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. പ്രസാദാത്മകവും ലളിതവുമായ ശൈലി, നേരെ വാ നേരെ പോ എന്ന മട്ട്‌... ഇതൊക്കെയാണ്‌ ലാലിയുടെ എഴുത്തിന്റെ പ്രത്യേകതകള്‍.) lalyniyas@gmail.com