Breaking News

Trending right now:
Description
 
Jul 06, 2014

സിസ്‌റ്റര്‍ ക്രിസ്‌റ്റീന ദൈവത്തിനായി പാടുന്നു

image ഉര്‍സുലൈന്‍ സന്ന്യാസ സഭാംഗമായ സിസ്‌റ്റര്‍ ക്രിസ്‌റ്റീനയെ ഇന്നു ലോകം അറിയും. ഇറ്റാലിയന്‍ സ്‌റ്റേറ്റ്‌ റായ്‌ ടിവി നടത്തിയ റിയാലിറ്റിഷോയായ ദ വോയ്‌സ്‌ ഓഫ്‌ ഇറ്റലിയുടെ അവസാന എപ്പിസോഡിലൂടെയാണ്‌ ലോകം സിസ്‌റ്ററെ അറിഞ്ഞത്‌. എന്നാല്‍ അതിനുമുമ്പേ സിസ്റ്റര്‍ ദൈവത്തെ സ്‌തുതിക്കാനായി സംഗീതം തിരഞ്ഞെടുത്തിരുന്നു. സിസ്റ്റര്‍ ക്രിസ്റ്റീനയുടെ ജീവിതം പ്രാര്‍ഥന തന്നെയാണ്‌; സംഗീതമാകുന്ന പ്രാര്‍ഥന. സംഗീതം എന്റെ ആത്മാവിന്‌ ആവശ്യമാണ്‌. താളമേളങ്ങളോടുകൂടിയ സംഗീതം ജനഹൃദയങ്ങളെ സ്‌പര്‍ശിക്കും... സിസ്റ്റര്‍ പറയുന്നു. ഒരു കന്യാസ്‌ത്രിയെ റിയാലിറ്റിഷോയുടെ വേദിയില്‍ ആദ്യമായി കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടായ അത്ഭുതം അത്യാനന്ദത്തിലേക്കും ആകാംക്ഷയിലേക്കും വഴിമാറുകയായിരുന്നു. ഈ സിസ്റ്ററായിരിക്കുമോ ഒടുവില്‍ വിജയിയാകുക? പ്രേക്ഷകരുടെ നെഞ്ചിടിപ്പിന്റെ താളം കൂടി. ഒടുവില്‍ ഗാനം നിലച്ചു. നിലയ്‌ക്കാത്ത കൈയടി. വിധി പ്രഖ്യാപനത്തിന്റെ നിമിഷങ്ങള്‍. ഒടുവില്‍ വിധിപ്രഖ്യാപനമുണ്ടായി. നാലുമണിക്കൂര്‍ നീണ്ട ഫൈനല്‍ മത്സരങ്ങള്‍ക്കൊടുവില്‍ അവസാനറൗണ്ടിലെ നാലു മത്സരാര്‍ഥികളെ പിന്നിലാക്കിക്കൊണ്ട്‌ 62.3 ശതമാനം വോട്ടോടുകൂടി സിസ്‌റ്റര്‍ ക്രിസ്‌റ്റീന, ദ വോയ്‌സ്‌ ഓഫ്‌ ഇറ്റലി ആയിരിക്കുന്നു. വിധിപ്രഖ്യാപനം കേട്ട്‌ സിസ്റ്റര്‍ തൊണ്ട ഇടറിപ്പറഞ്ഞു- ഇത്‌ മുകളിലുള്ളവന്റെ കൃപ. പിന്നെ ജഡ്‌ജസിനോടും ടെലിവിഷന്‍ക്രൂവിലെ അംഗങ്ങളോടുമായി- വരൂ, എന്നോടൊപ്പം പ്രാര്‍ഥനയില്‍ പങ്കുചേരുക. നമുക്ക്‌ ഒരുമിച്ച്‌ ദൈവത്തിനു നന്ദിപറയാം സിസ്‌റ്റര്‍ അപേക്ഷിച്ചു. ആദ്യഗാനംകൊണ്ടുതന്നെ യൂട്യൂബില്‍ അംഗമാകാന്‍ കഴിഞ്ഞു എന്ന പ്രത്യേകതയുമുണ്ട്‌. 50 മില്യന്‍ ആളുകളാണ്‌ ആ ഗാനം യൂട്യൂബിലൂടെ കണ്ടത്‌. 25 കാരിയാണ്‌ സിസ്‌റ്റര്‍ ക്രിസ്‌റ്റീന. 2010ലാണ്‌ വ്രതവാഗ്‌ദാനം നടത്തിയത്‌. ഇറ്റാലിയന്‍ റാപ്പ്‌ സ്റ്റാര്‍ ജെഎക്‌സിന്റെ ശിക്ഷണത്തിലാണ്‌ സിസ്റ്റര്‍ മത്സവേദിയില്‍ മാറ്റുരച്ചത്‌.