Breaking News

Trending right now:
Description
 
Jul 06, 2014

നഴ്‌സുമാരെ വേഗത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത്‌ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍: ഉമ്മന്‍ചാണ്ടി

image കേന്ദ്രസര്‍ക്കാരിന്റെയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെയും അകമഴിഞ്ഞ സഹകരണം മൂലമാണു നഴ്‌സുമാരെ ഇത്ര വേഗത്തില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരിച്ചെത്തുന്ന നഴ്‌സുമാരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ സഹകരണം നഴ്‌സുമാരുടെ മോചനത്തിനായി ലഭിച്ചതായി ആലുവ ഗസ്റ്റ്‌ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ രമേശ്‌ ചെന്നിത്തല, കെ.എം. മാണി, മഞ്ഞളാംകുഴി അലി എന്നിവരും തന്റെ ശ്രമത്തില്‍ കൂടെ നിന്നു. അവരോടും നന്ദിയുണ്ട്‌. എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനമാണ്‌ വിജയം കണ്ടത്‌. ഇറാക്കിലെ ഇര്‍ബിലില്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം എത്തിയപ്പോള്‍ ലാന്‍ഡിംഗിന്‌ പ്രശ്‌നമുണ്ടായി. രാത്രി ഒരു മണിയോടെയാണ്‌ അതറിയുന്നത്‌. വിമാനം തിരിച്ച്‌ പോരേണ്ട സാഹചര്യമായിരുന്നു. ഇറാക്കിലെ ഇന്ത്യന്‍ എംബസിയും കാര്യമായി ഇടപെട്ടു. നഴ്‌സുമാരുടെ ജോലിക്കാര്യം ഉള്‍പ്പെടെ ഇവര്‍ക്കു ഭാവിയിലേക്ക്‌ എന്തൊക്കെ സഹായം ചെയ്യാന്‍ കഴിയുമെന്ന്‌ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇറാക്കില്‍ കുടുങ്ങിയ നഴ്‌സുമാരെ നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാനായതു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകളുടെ വിജയമാണെന്നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. ഇതുപോലുള്ള വിഷയങ്ങളില്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്‌. സര്‍ക്കാരുകള്‍ എടുത്ത നിലപാടുകളുടെ വിജയമായിതിനെ കണക്കാക്കാം. നഴ്‌സുമാര്‍ക്കു നാട്ടില്‍ തൊഴില്‍ കൊടുക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണം. പലര്‍ക്കും തങ്ങളുടെ വിലപിടിപ്പുള്ള വസ്‌തുക്കളും പണവും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടിട്ടുണ്ട്‌. ഇതു തിരികെ ലഭിക്കാനോ പകരം സംവിധാനമോ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.