Breaking News

Trending right now:
Description
 
Jul 05, 2014

ഇറാഖില്‍നിന്ന്‌ നഴ്‌സുമാരുമായി പ്രത്യേകവിമാനം ഇന്ന്‌ 11.45ന്‌ കൊച്ചിയിലെത്തും

image ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖിലെ തിക്രിതില്‍നിന്നു വിമതസേന മോചിപ്പിച്ച 46 മലായളി നഴ്‌സുമാര്‍ പ്രത്യേക വിമാനത്തില്‍ ഇന്നു രാവിലെ 11.45ന്‌ കൊച്ചിയിലെത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ നഴ്‌സുമാരെ സ്വീകരിക്കാനെത്തും. വിമാനം മുംബൈയില്‍ ഇറങ്ങിയശേഷമാണ്‌ കൊച്ചിയിലെത്തുക. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.05നാണ്‌ വിമാനം പറപ്പെട്ടത്‌. ഇരുപത്തിരണ്ടുദിവസങ്ങളായി നഴ്‌സുമാരുടെ രക്ഷപ്പെടലിനായി പ്രാര്‍ഥനയിലായിരുന്നു രാജ്യം. ആശങ്കകള്‍ക്കൊടുവിലാണ്‌ നഴ്‌സുമാരുടെ രക്ഷപ്പെടല്‍. തിക്രിതിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നഴ്‌സുമാരെ വിമതരുടെ ശക്തികേന്ദ്രമായ മൊസൂളിലേക്കു മാറ്റിയ വിമത സേന രക്ഷപ്പെടലിനു അവസരമൊരുക്കുകയായിരുന്നു. ഇറാഖിലെ കൂര്‍ദ്‌ മേഖലയിലുള്ള ഇര്‍ബില്‍ ഇന്നലെ രാത്രി 7.30ന്‌ എത്തിയ നഴ്‌സുമാര്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ കണ്ടശേഷം വിമാനത്താവളത്തിലെത്തി. ഇവിടെനിന്നു ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ്‌ കൊച്ചിയിലെത്തുന്നത്‌. നഴ്‌സുമാരെ കൂടാതെ 60 ഇന്ത്യാക്കാരും പ്രത്യേക വിമാനത്തില്‍ എത്തിയിട്ടുണ്ട്‌. ഇര്‍ബിലിലെ വിമാനത്താവളത്തിലൂടെ നഴ്‌സുമാരെ നാട്ടിലേക്ക്‌ അയയ്‌ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ഏതാനും ദിവസങ്ങളായി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അവിടെ തങ്ങുകയായിരുന്നു. പല വാതിലുകളിലും മുട്ടി. ഒരെണ്ണം തുറന്നുകിട്ടുകയും നഴ്‌സുമാരുടെ സുരക്ഷിതയാത്രയ്‌ക്ക്‌ വഴിതെളിഞ്ഞെന്നുമാണ്‌ വിദേശകാര്യ വക്താവ്‌ പറഞ്ഞത്‌. അതേസമയം, ഐഎസ്‌ഐഎസ്‌ ഭീകരര്‍ ബന്ധികളാക്കിയ 39 ഇന്ത്യാക്കാരെക്കുറിച്ച്‌ കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവരുടെ മോചനത്തിനായി ശ്രമം തുടരുകയാണെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.

രക്ഷപ്പെട്ട നഴ്‌സുമാരില്‍ കോട്ടയം ജില്ലയില്‍നിന്നുള്ളവരാണ്‌ കൂടുതലും. നഴ്‌സുമാരുടെ പേര്‌, ബ്രാക്കറ്റില്‍ ജില്ല: സുബിന്‍ ആന്റണി (ആലപ്പുഴ), ടിന്‍സി തോമസ്‌ (തൃശൂര്‍), ഷിന്‍സി മത്തായി (കോഴിക്കോട്‌), സീലിമോള്‍ ജോര്‍ജ്‌ (കാസര്‍ഗോഡ്‌), സുനി ജോസ്‌, ശ്രുൃതി സുരേഷ്‌, റെനു ബാലകൃഷ്‌ണന്‍ (എറണാകുളം), ജെന്‍സി ജെയിംസ്‌, നീനു ജോസ്‌, ഷാന്റി ജോണ്‍, ജോസ്‌മി ഫ്രാന്‍സിസ്‌, ടിന്റുമോള്‍ ജോസഫ്‌, ഷിനുമോള്‍ ജോസഫ്‌, ആന്‍സി ജോസഫ്‌ (ഇടുക്കി), പ്രസീതകുമാര്‍ കൃഷ്‌ണ, ലിനു ബേബി, വിദ്യാ വിശ്വംഭരന്‍, ജിജി രാജന്‍ (പത്തനംതിട്ട), മീന ജോസഫ്‌, സലിജ ജോസഫ്‌, ആന്‍ജലീന ലൂക്ക, ലഷ്‌മോള്‍ ജേക്കബ്‌, നിത്യാമോള്‍ ജോണ്‍, ഷെറിന്‍ വര്‍ഗീസ്‌, സ്‌മിത മോള്‍ സുരേന്ദ്രന്‍, ഷിബി ജോസഫ്‌, സബിതമോള്‍ ശശീന്ദ്രന്‍, ലിറ്റി ജോയി, സോണ ജോസഫ്‌, ബീന ജോസഫ്‌, ഷിബി ജോസ്‌, മറീന മറിയാമ്മ ജോസ്‌, ശ്രുതി ശശികുമാര്‍, വിന്‍സി സെബാസ്‌റ്റിയന്‍, സാന്ദ്ര സെബാസ്‌റ്റിയന്‍ (കോട്ടയം), സന്ധ്യാ ജോസ്‌, രമ്യ ജോസ്‌, സിനിമോള്‍ ചാക്കോ, സൗമ്യ ബേബി, ടീനു ജോണ്‍, ഷിനു മരിയ അലക്‌സ്‌, ടിന്റു ജോബ്‌ (കണ്ണൂര്‍).

കൊച്ചിയിലെത്തുന്ന എല്ലാ നഴ്‌സുമാര്‍ക്കും വേണ്ട സൗകര്യങ്ങള്‍ നല്‍കുമെന്ന്‌ നോര്‍ക്ക അറിയിച്ചിട്ടുണ്ട്‌. നഴ്‌സുമാര്‍ക്ക്‌ 5000 രൂപാ വീതം നല്‍കുമെന്നു നോര്‍ക്ക സിഇഒ സുദീപ്‌ അറിയിച്ചു. വീട്ടിലെത്താന്‍ വാഹനം ഇല്ലാത്തവര്‍ക്ക്‌ വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അതേസമയം ശമ്പളം കിട്ടാതെയാണ്‌ നഴ്‌സുമാരുടെ മടക്കമെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.