Breaking News

Trending right now:
Description
 
Jul 04, 2014

നഴ്‌സുമാരുടെ മോചനം : കേന്ദ്ര സര്‍ക്കാര്‍ സഞ്ചരിച്ചത്‌ പരമ്പരാഗത വഴികള്‍ വിട്ട്‌

image
കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിച്ച വ്യത്യസ്‌ത നയതന്ത്ര സമീപനമാണ്‌ ഇറാക്കില്‍ കുടുങ്ങിപ്പോയ നഴ്‌സുമാരുടെ മോചനത്തിന്‌ വഴിത്തെളിച്ചത്‌. പരമ്പരാഗത വഴികളില്‍ നിന്ന്‌ വ്യത്യസ്‌തമായ സമീപനമാണ്‌ സ്വീകരിച്ചതെന്നും എന്നാല്‍ എന്തു നടപടിയാണ്‌ സ്വീകരിച്ചതെന്നും വെളിപ്പെടുത്തില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തന്ത്രം എന്തുമാകട്ടെ പ്രാര്‍ത്ഥനയും വഴിപ്പാടുമായി കഴിഞ്ഞ 46 കുടുംബങ്ങള്‍ക്ക്‌്‌ സന്തോഷ വര്‍ത്തമാനം എത്തിയത്‌ 11 മണിയോടെയാണ്‌. അതുവരെ ഇരുട്ടുമുറിയിലായിരുന്നു നഴ്‌സുമാര്‍ കഴിഞ്ഞത്‌.
നാടകീയമായ രംഗങ്ങള്‍ക്കൊടുവിലാണ്‌ നഴ്‌സുമാരുടെ മോചനം സാധ്യമായത്‌. മൊസുളില്‍ അല്‍ജിഹാരി ആശുപത്രിക്ക്‌ സമീപമുള്ള കെട്ടിടത്തില്‍ താമസിപ്പിച്ചിരുന്ന അവരെ ഇര്‍ബിന്‍ വിമാനത്താവളത്തില്‍ വിമതര്‍ തന്നെയാണ്‌ എത്തിച്ചത്‌. 

എന്നാല്‍ ആശയ വിനിമയത്തിലുണ്ടായ പിഴവുമൂലം വിമതര്‍ നഴ്‌സുമാരെ ഇറക്കിയതിന്‌ രണ്ടു കിലോമീറ്റര്‍ അകലെയാണ്‌ ഇന്ത്യന്‍ എംബസിയുടെ വാഹനം എത്തിയത്‌. പിന്നീട്‌ നഴ്‌സുമാരെ വാഹനത്തിന്‌ സമീപം എത്തിക്കുകയായിരുന്നു. 
വിമതരുടെ ഓരോ നീക്കവും വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചുവരുകയായിരുന്നു. മറ്റു ഗള്‍ഫ്‌ രാജ്യങ്ങളിലും ഇന്ത്യ നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ വിമാനം സജ്ജമാക്കിയിട്ടുണ്ട്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര സര്‍ക്കാരില്‍ ശക്തമായി ഇടപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ചതിനു ശേഷമാണ്‌ വിമതര്‍ക്കൊപ്പം നഴ്‌സുമാരെ വിടുവാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്‌.

നഴ്‌സുമാര്‍ ഇര്‍ബിനിലെ ഹോട്ടലിലാണ്‌ താമസിക്കുന്നത്‌. എയര്‍ ഇന്ത്യയുടെ വിമാനം തീരുമാനിച്ചതിലും രണ്ടു മണിക്കൂര്‍ വൈകി രാത്രി രണ്ടുമണിയോടെ ഇറാക്കില്‍ എത്തും. നാളെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. നഴ്‌സുമാര്‍ക്കൊപ്പം 70യോളം ഇന്ത്യക്കാരും ഇന്ത്യയിലേക്ക്‌ തിരിക്കും. 
തീവ്രവാദികള്‍ നഴ്‌സുമാരെ ആശുപത്രിയില്‍ നിന്നു പെട്ടെന്ന്‌ ഒഴിപ്പിച്ചതിനാല്‍ പല നഴ്‌സുമാരുടെയും .യാത്ര രേഖകള്‍ അപൂര്‍ണമാണ്‌. ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വിമാനത്തില്‍ ഇറാക്കിലേക്ക്‌ തിരിച്ചിട്ടുണ്ട്‌. നഴ്‌സുമാരെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും വിമാനത്താവളത്തില്‍ എത്തും.