Breaking News

Trending right now:
Description
 
Jul 04, 2014

ഇറാക്കില്‍ സംഘര്‍ഷം രൂക്ഷം; മലയാളി നഴ്‌സുമാര്‍ നാളെ നാട്ടിലെത്തും

image ഇറാക്കിലെ സംഘര്‍ഷമേഖലയായ തിക്രിത്തില്‍ നിന്ന്‌ വിമതര്‍ മൊസൂളിലെത്തിച്ച മലയാളികള്‍ ഉള്‍പ്പെടുന്ന 46 നഴ്‌സുമാര്‍ നാളെ നാട്ടിലെത്തും. ശനിയാഴ്‌ച പുലര്‍ച്ചെ ഇവര്‍ കൊച്ചി വിമാനത്താവളത്തിലെത്തുമെന്നാണ്‌ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്‌. നഴ്‌സുമാരെ കൊണ്ടുവരുന്നതിന്‌ ഇന്ന്‌ വൈകിട്ട്‌ ആറിന്‌ ഡല്‍ഹിയില്‍നിന്ന്‌ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഇറാക്കിലേക്ക്‌ പുറപ്പെടും. കുര്‍ദുസ്ഥാനിലെ ഇര്‍ബില്‍ വിമാനത്താവളത്തില്‍ രാത്രിയോടെ വിമാനമെത്തും. കേരളത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഒരോ പ്രതിനിധികളും വിമാനത്തിലുണ്ടാകും. വിമാനത്താവളത്തില്‍ എത്തുന്ന നഴ്‌സുമാരുമായി വിമാനം ഇന്ത്യയിലേക്കു തിരിക്കും. ശനിയാഴ്‌ച പുലര്‍ച്ചെ നഴ്‌സുമാര്‍ കൊച്ചിയിലെത്തുമെന്നാണ്‌ വിവരം. ഡല്‍ഹിയില്‍ എത്തിക്കുന്നതിനാണ്‌ ആദ്യ തീരുമാനമെടുത്തിരുന്നെങ്കിലും കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതനുസരിച്ചാണ്‌ നഴ്‌സുമാരെ കൊച്ചിയിലെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്‌. നഴ്‌സുമാര്‍ ഇപ്പോഴും ഇര്‍ബനിലേക്കുള്ള യാത്രയിലാണെന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. വിമതര്‍ ഇവരുടെ സ്വാധീനമേഖലക്ക്‌ പുറത്ത്‌ എംബസി അധികൃതര്‍ക്ക്‌ നഴ്‌സുമാരെ കൈമാറും. നാട്ടിലേക്ക്‌ കൊണ്ടുപോകുന്നതുവരെ നഴ്‌സുമാര്‍ക്ക്‌ തങ്ങാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ ഹോട്ടല്‍ ഒരുക്കിയിട്ടുണ്ട്‌. ഇവര്‍ക്കു നാട്ടിലേക്കുളള ടിക്കറ്റ്‌ ഇന്ത്യന്‍ എംബസിയാണ്‌ നല്‍കുന്നത്‌.