Breaking News

Trending right now:
Description
 
Jul 04, 2014

സച്ചിനും ഞാനും തമ്മില്‍...

Laly
image ചരിത്രം പരിശോധിച്ചാല്‍ ഞാനും സച്ചിനും ഒരേ കാലയളവില്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയവരാണു.. പക്ഷേ എന്റെ അഭ്യുന്നതിക്കുവേണ്ടി വ്രതമെടുക്കാന്‍ എന്റെ അമ്മ തയ്യാരല്ലാത്തത് കൊണ്ട് മാത്രം എനിക്കൊരു വിടവാങ്ങല്‍ പ്രസംഗം നടത്താന്‍ കഴിയാതെ പോയി.

 

സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം കേട്ടപ്പോള്‍ മുതല്‍ ഞാന്‍ ഇരുന്നും കിടന്നുമാലോചിച്ചത് എനിക്കൊരു വിടവാങ്ങലുണ്ടായിരുന്നെങ്കില്‍ അതെങ്ങനെ ഞാന്‍ പ്രസംഗിച്ച് മറ്റുള്ളവര്‍ക്ക് ഏങ്ങലടി ഉണ്ടാക്കുമെന്നായിരുന്നു...

അന്നൊരു ഞായറാഴ്ചയായിരുന്നു..(നൊസ്റ്റാള്‍ജിയ ഇല്ലാതെന്ത് വിടവാങ്ങല്‍..?) .. അപ്പുറത്തെ വീട്ടിലെ പോക്കരുകാക്കാടെ മോന്‍ ഷാജഹാന്‍ സുന്നത്തു ചെയ്ത് കിടക്കുന്നതു കൊണ്ട് റ്റീമില്‍ ആളു തികക്കാനായിരുന്നു ആദ്യമായി ഇക്കാക്കാ എന്നെ ക്രിക്കറ്റ് കളിക്കാന്‍ കൂട്ടിയത്. ( ഇരിക്കട്ടെ ആദ്യത്തെ നന്ദി എന്റെ ഇക്കാക്കാക്ക്..) ഓലമടല്‍ ചെത്തിയെടുത്ത് പിടിയില്‍ തുണിയൊക്കെ ചുറ്റി മനോഹരമായൊരു ബാറ്റായിരുന്നെങ്കിലും എതിരേ വരുന്ന ബോള്‍ നെഞ്ചില്‍ കൊള്ളുമെന്ന് പേടിച്ച് ബാറ്റുമിട്ടിട്ടോടിയതായിരുന്നു ആദ്യത്തെ ക്രിക്കറ്റ് ഓര്‍മ്മ..

 കളിനിയമങ്ങളൊന്നുമറിയാത്ത എനിക്ക് ഇക്കാക്ക പിറ്റേ ദിവസം തന്നെ “ക്രിക്കറ്റ് നിങ്ങള്‍ക്കും കളിക്കാം” എന്നോ മറ്റോ തലക്കെട്ടുള്ള ഒരു കൈയ്യെഴുത്തു പുസ്ത്തകം കൊണ്ടുത്തന്നു.. അതില്‍ നിന്നാണു ഞാന്‍ റണ്‍. വിക്കറ്റ് , സ്റ്റമ്പ്, റണൌട്ട്, ഹൌസാറ്റ് , ക്ലീന്‍ ബൌള്‍ഡ്, സ്റ്റമ്പ്ഡ് , ഡക്ക് തുടങ്ങി ക്രിക്കറ്റ് അറിയാവുന്നവര്‍ അഭിമാനപുരസ്സരം ഉപയോഗിച്ചിരുന്ന വാക്കുകളൊക്കെ കളിക്കിടയില്‍ തലങ്ങും വിലങ്ങും ഉപയോഗിക്കാന്‍ പഠിച്ചത്...(അതെഴുതിയ ഷാജുദീനാണു Shajudeen Ep അടുത്ത നന്ദി). ആ ഒരാഴ്ചത്തെ തീയറി ക്ലാസ്സിനു ശേഷം ഞാന്‍ അരയും തലയും മുറുക്കി ഗോദായിലേക്കിറങ്ങി.. 

ഇടക്ക് പറയാന്‍ വിട്ടു പോയ നന്ദി ഓലമടലു വെട്ടി ചെത്തി മനോഹരമാക്കി തരുന്ന ‘മുനിസാമി” ക്കാണ്. ബാറ്റുണ്ടാക്കുന്നത് ‘വില്ലോ തടി” കൊണ്ട് തന്നെ വേണമെന്ന് ആര്‍ക്കാണു നിര്‍ബ്ബന്ധം... ഒരു കടലാസിനകത്ത് ചെറിയൊരു കരിങ്കല്ലെടുത്തു ചുരുട്ടി അതിനു ചുറ്റും ഒട്ടുപാല്‍ ചുറ്റി ചുറ്റി പന്തു പോലാക്കിയതായിരുന്നു ഞങ്ങളുടെ ബോള്‍...

 ആകെയുണ്ടായിരുന്ന അരയേക്കര്‍ റബ്ബര്‍തോട്ടത്തില്‍ നിന്നും ശേഖരിക്കുന്ന റബ്ബര്‍പാല്‍ റബ്ബര്‍ പുരയിലേക്ക് മാറ്റി ഷീറ്റായിട്ട് കടയിലേക്കാണെത്തിച്ചിരുന്നതെങ്കിലും ഒട്ടുപാല്‍ കൃത്യമായി വീട്ടിലെത്തിരുന്നു.. അന്നൊക്കെ റബ്ബര്‍തോട്ടങ്ങളില്‍ നിന്ന് കിട്ടുന്ന ഒട്ടുപാല്‍ അതാത് വീട്ടമ്മമാര്‍ക്ക് അവകാശപ്പെട്ടതാണു.. ഈ ഒട്ടുപാല്‍ വിറ്റു കിട്ടുന്ന കാശു കൊണ്ട് ഉമ്മച്ചിവീട്ടിലെ പലകാര്യങ്ങളും നിവര്‍ത്തിച്ചിരുന്നു.. അപ്പോഴാണു ദിവസേനയുള്ള ബോളുണ്ടാക്കല്‍ ഉമച്ചീടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കുന്നത്. (ഓരോ ദിവസവും ബോള്‍ വല്ല കിണറ്റിലോ പാറകള്‍ക്കിടയിലോ ഒക്കെ നഷ്ടപ്പെടുമ്പോഴാണു കളിയവസാനിക്കുക). പെണ്‍കുട്ടികള്‍ നല്ലവരാണെന്ന അവരുടെ വിശ്വാസം മുതലെടുത്ത് ഒട്ടുപാല്‍ മോഷ്ടിക്കുന്ന ദൌത്യം എന്റേതായിരുന്നു.. എന്തായാലും ബോളുണ്ടാക്കാന്‍ ഒട്ടുപാല്‍ നിരന്തരം റെഡിയാക്കി വച്ചിരുന്ന ഉമ്മച്ചിക്കും എന്റെ നന്ദി..

അയല്‍ വക്കത്തെ അമ്മയുടെയും ബീയാത്തു താത്തായുടെയും പൊട്ടിയ ജനല്‍ ചില്ലുകള്‍ പലപ്പോഴായി മാറ്റിക്കൊടുത്ത് വശം കെട്ട എന്റെ വാപ്പാക്കുമുണ്ട് നന്ദി.

അതിനുമപ്പുറം ‘ലാലീ, ലാലീ” യെന്ന് നാഴികക്ക് നാല്പതു വട്ടം വിളിച്ച് , കളിക്കിടയില്‍ നൂറു കൂട്ടം പണിയേല്പിച്ച് എന്നെ നിരന്തരം നിരുത്സാഹപ്പെടുത്തി ക്കൊണ്ടിരുന്ന ഇത്താത്തയെയും ഉമ്മച്ചിയെയും എനിക്ക് മറക്കാനേ ആവില്ല...

അങ്ങനെ ഉണ്ടാകുമായിരുന്ന ഒരു ക്രിക്കറ്റ് ദേവി (ദൈവത്തിന്റെ സ്ത്രീലിംഗമാണോ ദേവി ) ഉണ്ടാകാതെ പോയി..

സച്ചിനു ഞാന്‍ പലപ്പോഴും ഒരു മാതൃകയായിരുന്നു... എന്നെപ്പോലെ സച്ചിനും തന്നേക്കാള്‍ പ്രായം കൂടിയ ആളെ ആണു കല്യാണം കഴിച്ചത്...


(വേറിട്ടൊരു എഴുത്തിന്റെ വഴി സ്വീകരിച്ചതിലൂടെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ശ്രദ്ധ നേടിയതാണ്‌ ലാലിയുടെ പോസ്‌റ്റുകള്‍. കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ സ്വന്തമായ കാഴ്‌ചപ്പാടില്‍ അവതരിപ്പിക്കാന്‍ താത്‌പര്യപ്പെടുന്ന ലാലിയുടെ എഴുത്ത്‌ ഒട്ടേറെപ്പേര്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. പ്രസാദാത്മകവും ലളിതവുമായ ശൈലി, നേരെ വാ നേരെ പോ എന്ന മട്ട്‌... ഇതൊക്കെയാണ്‌ ലാലിയുടെ എഴുത്തിന്റെ പ്രത്യേകതകള്‍.)

lalyniyas@gmail.com