Breaking News

Trending right now:
Description
 
Sep 18, 2012

പ്രവാസി ക്ഷേമപദ്ധതികള്‍ പരിഷ്‌കരിച്ചുകൊണ്ട്‌ പ്രഖ്യാപനം

image ന്യൂഡല്‍ഹി:വിദേശ രാജ്യങ്ങളിലെ ഇന്ത്യാക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ക്ഷേമപദ്ധതിയുടെ വ്യവസ്ഥകള്‍ കേന്ദ്ര പ്രവാസി മന്ത്രാലയം ഉദാരമാക്കി. വിദേശ ജയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാരെ വിട്ടയയ്‌ക്കുന്നതിള്ള പിഴ കേന്ദ്രസര്‍ക്കാര്‍ ഇനിമുതല്‍ അടയ്‌ക്കും. ഇതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച വിദേശക്ഷേമപദ്ധതി കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി പ്രഖ്യാപിച്ചു. വിദേശരാജ്യങ്ങളില്‍ അന്യായമായി താമസിക്കുന്ന ഇന്ത്യാക്കാരുടെ മേലുള്ള പിഴത്തുകയും ഇനി മുതല്‍ കേന്ദ്രം വഹിക്കും. തങ്ങളുടേതല്ലാത്ത കാരണത്താല്‍ വിദേശത്ത്‌ അന്യായമായി താമസിക്കേണ്ടിവരുന്ന ഇന്ത്യാക്കാര്‍ക്കാകും കേന്ദ്രത്തിന്റെ സഹായം ലഭിക്കുക.പിഴ അടയ്‌ക്കാന്‍ പണമില്ലാതെ വിദേശത്തു നിര്‍ബന്ധിത ജോലിക്കു വിധേയരാകുന്ന പ്രവാസി തൊഴിലാളികള്‍ക്ക്‌ ആശ്വാസമാകുന്നതാണ്‌ പുതിയ തീരുമാനമെന്നു പ്രവാസി മന്ത്രി അറിയിച്ചു. പ്രവാസി ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ അവ സമയബന്ധിതമായി പരിഹരിക്കാന്‍ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍മാര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പ്രവാസി മലയാളികള്‍ക്കു പെന്‍ഷനും ഇന്‍ഷ്വറന്‍സും ലഭ്യമാക്കുന്ന മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജനാപദ്ധതിയും ഫലപ്രദമായി നടപ്പാക്കും. ഒരു ലക്ഷത്തിനുമേല്‍ ഇന്ത്യാക്കാരുള്ള വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററുകളും സ്ഥാപിക്കും. ഇരുപതിനായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളുള്ള വിദേശരാജ്യങ്ങളില്‍ അവര്‍ക്കായി സ്റ്റുഡന്റ്‌ വെല്‍ഫെയര്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനും നിര്‍ദേശമുണ്ട്‌. പ്രവാശി ഇന്ത്യാക്കാര്‍ക്കു സര്‍ക്കാര്‍ ചെലവില്‍ വിദേശത്തു താമസ, ഭക്ഷണ സൗകര്യം 30 ദിവസംവരെ ലഭ്യമാക്കും. ബാംഗ്ലൂരില്‍ പ്രൊട്ടക്ടര്‍ ഓഫ്‌ എമിഗ്രന്റ്‌സ്‌ ഓഫീസ്‌ തുറക്കുമെന്നും വയലാര്‍ രവി അറിയിച്ചു.