Breaking News

Trending right now:
Description
 
Jun 29, 2014

ഇറാഖില്‍ മലയാളി നഴ്‌സുമാര്‍ സുരക്ഷിതര്‍; തിക്രിത്ത്‌ നഗരം സൈന്യം തിരിച്ചുപിടിച്ചു?

image ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖിലെ തിക്രിത്തില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ സുരക്ഷിതരാണെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തിക്രിത്തിലെ ഒരു ആശുപത്രിക്കു സമീപം സ്‌ഫോടനം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്‌. ആശുപത്രിക്കു സാരമായ കേടുപാടുകളുണ്ടായി. ആശുപത്രിയില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ആശങ്കയിലാണെന്നാണ്‌ വിവരം. എന്നാല്‍, നഴ്‌സുമാരുടെ ജീവനു ഭീഷണിയില്ലെന്നാണ്‌ വിദേശകാര്യ വക്താവ്‌ സയിദ്‌ അക്‌ബറുദ്ദീന്‍ വ്യക്തമാക്കി. പുലര്‍ച്ചെ ഇറാക്ക്‌ സമയം ഒന്നരയോടെ തുടര്‍ച്ചയായി മൂന്നു സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌. ഭീകരര്‍ കീഴടക്കിയ തിക്രിത്‌ നഗരം തിരിച്ചു പിടിച്ചതായും പറയുന്നു. രൂക്ഷപോരാട്ടം തുടരുകയാണെന്നും തിക്രിത്ത്‌ പിടിച്ചെടുത്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്‌. ഹെലികോപ്‌റ്ററുകള്‍ വഴി സൈന്യം ഭീകരര്‍ക്കെതിരേ രൂക്ഷമായ ആക്രമണമാണു നടത്തിയത്‌. വെള്ളിയാഴ്‌ച നടത്തിയ ആക്രമണത്തില്‍ 29 ഐഎസ്‌ഐഎല്‍ ഭീകരര്‍ കൊല്ലപ്പെട്ടതായും ഭീകരര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണെന്നും ഇറാക്ക്‌ സൈനിക വക്താവ്‌ ഖ്വാസിം അത്ത പറഞ്ഞു. സൈന്യം ശക്തമായ ആക്രമണമാണ്‌ നടത്തുന്നത്‌. ഭീകരരെ തുരത്തുന്നതിനു തിക്രിത്തില്‍ വന്‍സൈനിക വിന്യാസം ഒരുക്കി കഴിഞ്ഞു. ജൂണ്‍ 11 നാണ്‌ തിക്രിത്ത്‌ തീവ്രവാദികള്‍ പിടിച്ചെടുത്തത്‌.

അതേസമയം, ഇറാക്കില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി മൂന്നു ക്യാമ്പ്‌ ഓഫീസുകള്‍ ഇന്ത്യ തുറന്നു. നജഫ്‌, കര്‍ബല, ബസ്‌റ എന്നീ നഗരങ്ങളിലാണ്‌ ക്യാംപ്‌ ഓഫീസുകള്‍ തുറന്നത്‌. മൂന്ന്‌ ഉദ്യോഗസ്ഥര്‍ വീതമുള്ള മൊബൈല്‍ ക്യാംപുകളാണിവ. വീടുകള്‍ക്ക്‌ു പുറത്തിറങ്ങാന്‍ കഴിയാത്തവരുണ്ടെങ്കില്‍ അവരുടെ അടുത്തേക്ക്‌ ക്യാംപ്‌ ഓഫീസര്‍മാര്‍ എത്തുംവിധമാണ്‌ പ്രവര്‍ത്തനം. ഇറാക്കിലുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം ഊര്‍ജിതമാക്കിയതിന്റെ ഭാഗമായാണു നടപടി. ഗള്‍ഫ്‌ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ യോഗം വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ വിളിച്ചിട്ടുണ്ട്‌. കുവൈറ്റ്‌, ഖത്തര്‍,ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പ്രതിനിധികളും ഗള്‍ഫ്‌ രാജ്യങ്ങളുടെ ഇന്ത്യയിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സംഘര്‍ഷമേഖലയ്‌ക്കു പുറത്തുള്ളവരുള്‍പ്പെടെ ഇറാക്കില്‍ നിന്ന്‌ മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക്‌ ആവശ്യമെങ്കില്‍ വിമാനടിക്കറ്റിനുള്ള സാമ്പത്തിക സഹായം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. രക്ഷാ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അടുത്ത ദിവസം ഗള്‍ഫ്‌ രാഷ്‌ട്രസ്ഥാനപതിമാരുമായി നടത്തുന്ന ചര്‍ച്ച അതിനു കൂടുതല്‍ സഹായകമായേക്കുമെന്നും മന്ത്രാലയ വക്താവ്‌ സയ്യദ്‌ അക്‌ബറുദ്ദീന്‍ വ്യക്തമാക്കി. ഇറാക്കില്‍ യുഎസിന്റെ ആളില്ലാ വിമാനം നിരീക്ഷണം നടത്തി. തലസ്ഥാനമായ ബാഗ്‌ദാദില്‍ യുഎസ്‌ സൈനികരുടെയും നയതന്ത്രഞ്‌ജരുടെയും സുരക്ഷയ്‌ക്കു വേണ്ടി യാണ്‌ ഡ്രോണ്‍ അയച്ചത്‌. വിമാനത്തില്‍ നിന്ന്‌ ഇതുവരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ്‌ യുഎസ്‌ സൈനിക വൃത്തങ്ങല്‍ പറയുന്നത്‌. വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന്‌ പെന്റഗണും അറിയിച്ചു.