Breaking News

Trending right now:
Description
 
Jun 27, 2014

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലും പഠനത്തിലും മാതൃക

George Thomas
image മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍, കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ രാജ്യത്തിന്‌ ഗുണപാഠമാകുന്ന മാതൃകയും രാജ്യതാത്‌പര്യം കാക്കുന്നവരുമാണെന്ന്‌ വിക്‌ടോറിയന്‍ കാബിനറ്റ്‌ സെക്രട്ടറിയും എംപിയുമായ ഇന്‍ഗാ പെലൂബ്‌ പറഞ്ഞു.

ജൂണ്‍ 21ന്‌ ശനിയാഴ്‌ച ഒഐസിസി ന്യൂസ്‌ ഒരുക്കിയ അവാര്‍ഡുദാന ചടങ്ങില്‍, ഓസ്‌ട്രേലിയയില്‍ പ്ലസ്‌ടുവിന്‌ ഏറ്റവും ഉയര്‍ന്ന മാര്‍ക്കു കരസ്ഥമാക്കിയ ഷെറിന്‍ ടീസ തോമസിന്‌ ട്രോഫി സമ്മാനിച്ച്‌ സംസാരിക്കുകയായിരുന്നു കാബിനറ്റ്‌ സെക്രട്ടറി.

വളരെ അച്ചടക്കത്തോടെ, ഗുരുനാഥന്മാരോടും മാതാപിതാക്കളോടും മാന്യമായി ഇടപെടുകയും വിദ്യാഭ്യാസത്തിലും സാമൂഹിക ഉന്നമനത്തിലും വളരെ ഉയര്‍ന്നനിലവാരം പുലര്‍ത്തുവാനും മലയാളി കുട്ടികള്‍ക്ക്‌ കഴിയുന്നതായി സെക്രട്ടറി പറഞ്ഞു. ഒഐസിസി ന്യൂസ്‌ ചീഫ്‌ എഡിറ്റര്‍ ജോസ്‌ എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന വിപുലമായ ചടങ്ങില്‍ അതിഥികളെ പ്രിയങ്ക ജോയി സ്വീകരിച്ചു. ജോര്‍ജ്‌ തോമസ്‌ സ്വാഗതം പറഞ്ഞു.

കേസീ ഡപ്യൂട്ടി മേയര്‍ അമന്‍ഡ സ്റ്റാഫോര്‍ഡ്‌ ഓസ്‌ട്രേലിയന്‍ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളും അവരുടെ ഗവണ്‍മെന്റ്‌ തലത്തിലുള്ള ഇടപെടലുകളെക്കുറിച്ച്‌ പ്രതിപാദിച്ചു. രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കി കൂടുതല്‍ പ്രവാസികള്‍ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക്‌ സജീവമാകണമെന്നും ഡപ്യൂട്ടി മേയര്‍ ആവശ്യപ്പെട്ടു. ലിബറല്‍ പാര്‍ട്ടിയുടെ കൃാന്‍ബണ്‍ ആക്‌ടിംഗ്‌ പ്രസിഡന്റും മലയാളിയുമായ പ്രസാദ്‌ ഫിലിപ്പ്‌, ഡാന്‍ഡിനോംഗ്‌ ലിബറല്‍ സാരഥി ജോനാ പാലാട്‌സൈഡ്‌സ്‌ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജോജി കാഞ്ഞിരപ്പള്ളി, അംജോ അങ്കമാലി, ജിബി ഫ്രാങ്ക്‌ളിന്‍, ജോര്‍ജ്‌ ഏബ്രഹാം, വിഷ്‌ണു ചെമ്പന്‍കുളം, സജി തൊടുപുഴ, അഞ്‌ജു ജെയിംസ്‌ എന്നിവര്‍ ചടങ്ങിന്‌ നേതൃത്വം നല്‍കി.

വരും വര്‍ഷങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേകം പ്രത്യേകം അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും കലാ, കായിക രംഗങ്ങളില്‍ മികവു തെളിയിക്കുന്നവരെ പരിഗണിക്കുമെന്നും ചിത്രരചനാ-കലാമത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും ജോസ്‌ എം. ജോര്‍ജ്‌ പറഞ്ഞു. ഇതിനായി പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റി ഉണ്ടാക്കുമെന്നും കുട്ടികളുടെ പഠനത്തിനായി കൊടുക്കുന്ന നെഹ്‌റു ട്രോഫിയും ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രോഫിയും രാജീവ്‌ ഗാന്ധി മെമ്മോറിയല്‍ ട്രോഫിയും ഏര്‍പ്പെടുത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

പ്രസംഗകലയില്‍ പ്രാവീണ്യം തെളിയിക്കുന്നവര്‍ക്ക്‌ മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്റെ പേരിലുള്ള റോളിംഗ്‌ ട്രോഫിയും സമ്മാനിക്കുമെന്ന്‌ ജോസ്‌ എം. ജോര്‍ജ്‌ അറിയിച്ചു. ചടങ്ങില്‍ ജോജി ജോണ്‍ നന്ദിയും പറഞ്ഞു.