Breaking News

Trending right now:
Description
 
Jun 27, 2014

എയര്‍ ഇന്ത്യ ഇറ്റലിക്ക്‌ സര്‍വീസ്‌ ആരംഭിച്ചു

image എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്നു ഡല്‍ഹി വഴി ഇറ്റലിക്ക്‌ വിമാന സര്‍വീസ്‌ ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്ന്‌ റോമിലെ ഫിയുമിന്‍സിനോ എയര്‍പോര്‍ട്ടിലെത്തിയ ശേഷം മിലാനിലെ മല്‍പെന്‍സ എയര്‍പോര്‍ട്ടിലേക്കു സര്‍വീസ്‌ തുടരും. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിനങ്ങളിലാണു കൊച്ചി-ഡല്‍ഹി- റോം-മിലാന്‍-ഡല്‍ഹി സര്‍വീസ്‌. ഇതിനായി ഏറ്റവും പുതിയ ബോയിംഗ്‌ ഡ്രീംലൈനര്‍ വിമാനമാണ്‌ ഉപയോഗിക്കുന്നത്‌. കൊച്ചിയില്‍ നിന്നു രാവിലെ 7.25നു പുറപ്പെട്ട്‌്‌ ഡല്‍ഹിയില്‍ 10.25ന്‌ എത്തും. ഡല്‍ഹിയില്‍ നിന്നു ഉച്ചകഴിഞ്ഞ്‌ 2.20 ന്‌ പുറപ്പെടുന്ന വിമാനം രാത്രി 7.05ന്‌ റോമിലെത്തും. അവിടെ നിന്ന്‌ 8.40ന്‌ പുറപ്പെട്ട്‌ പത്തുമണിക്ക്‌ മിലാനിലെത്തും. മിലാനില്‍ നിന്നു 11.30നു തിരിക്കുന്ന വിമാനം പിറ്റേന്നു രാവിലെ 10.15നു ഡല്‍ഹിയിലിറങ്ങുമെന്നു എയര്‍ ഇന്ത്യ അറിയിപ്പില്‍ പറയുന്നു. തിരികെയുള്ള സര്‍വീസ്‌ ഡല്‍ഹി- മിലാന്‍-റോം- ഡല്‍ഹി റൂട്ടില്‍ ചൊവ്വ, വ്യാഴം, ശനി ദിനങ്ങളിലായിരിക്കും. ഉച്ചകഴിഞ്ഞ്‌ 2.20ന്‌ ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട്‌ മിലാനില്‍ രാത്രി 7.30ന്‌ എത്തും. അവിടെ നിന്ന്‌ 9.00 ന്‌്‌ റോമിലേക്ക്‌ പുറപ്പെട്ട്‌ 10.10ന്‌ എത്തും. തിരികെ റോമില്‍ നിന്ന്‌ 11.35 പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 10.15ന്‌ ഡല്‍ഹിയിലെത്തും. 18 ബിസിനസ്‌ ക്ലാസ്‌ സീറ്റും 238 ഇക്കണോമി ക്ലാസ്‌ സീറ്റുകളുമാണു പുതിയ ബോയിംഗ്‌ ഡ്രീംലൈനറിലുള്ളത്‌. അതേസമയം, ആഗോള വിമാനക്കമ്പനികളുടെ കൂട്ടായ്‌മയായ സ്റ്റാര്‍ അലയന്‍സിന്റെ ഭാഗമായി എയര്‍ ഇന്ത്യ മാറുന്നതോടെ യാത്രക്കാര്‍ക്ക്‌ നിരവധി സേവനങ്ങള്‍ ലഭ്യമാകും. സ്‌റ്റാര്‍ അലയന്‍സ്‌ വാഗ്‌ദാനം ചെയ്യുന്ന സൗകര്യങ്ങള്‍ക്കനുസരിച്ചായിരിക്കും എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക്‌ സേവനങ്ങള്‍ ലഭിക്കുന്നത്‌. ബിസിനസ്‌, ഫസ്റ്റ്‌ ക്ലാസ്‌ യാത്രക്കാര്‍ക്ക്‌ മുന്തിയ പരിഗണന, വിമാനത്തിനുള്ളില്‍ നല്‍കുന്ന ഭക്ഷണത്തിനും പ്രകടമായ മാറ്റം, സ്ഥിരം യാത്രക്കാര്‍ക്ക്‌ അധിക ബാഗേജ്‌ ആനുകൂല്യം, ബാഗേജ്‌ നേരത്തെ ലഭിക്കാനുള്ള സൗകര്യം തുടങ്ങിയവ ഉണ്ടായിരിക്കും.