Breaking News

Trending right now:
Description
 
Jun 25, 2014

റോഷന്‍ ആന്‍ഡ്രൂസ്‌, ഞാന്‍ ഈ സിനിമയെ സ്‌നേഹിക്കുന്നു, എങ്കിലും ഒരല്‍പ്പം ഗൃഹപാഠം ചെയ്യേണ്ടിയിരുന്നു

Laly
image അയാന്‍ ഫിര്‍സി അലിയെ അറിയുമോ..? വായിച്ചിട്ടുണ്ടോ അവിശ്വാസിയെന്ന അവരുടെ ആത്മകഥ...? പാട്രിയാര്‍ക്കി (മതം,ഭരണകൂടം, കുടുംബം) അടിച്ചേല്‍പ്പിച്ച എല്ലാ അദൃശ്യ ചങ്ങലകളേയും വെല്ലു വിളിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ ഒരു സോമാലിയന്‍ സ്ത്രീയുടെ കഥ... ഒരു പുരുഷന്‍ തന്റെ ജന്മം കൊണ്ട് ഭരണകൂടത്തിനു മാത്രം വിധേയനാകേണ്ടി വരുമ്പോള്‍ അവന്റെ സ്ത്രീ അനുസരിക്കേണ്ടി വരുന്ന മുഴുവന്‍ അധികാരസ്ഥാപനങ്ങളില്‍ നിന്നും പുറപ്പെട്ടു പോയി അഭയാര്‍ഥിയായി യൂറോപ്പിലേക്ക് രക്ഷപ്പെടുകയും ഹോളണ്ടില്‍ പാര്‍ലമെന്റംഗവും ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളില്‍ ഒരാളായി  ടൈം  മാഗസിന്‍ 2005 -ല്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തവള്‍... അവള്‍ രക്ഷപ്പെട്ടത് അപരിചിതനായ ഒരു വ്യക്തിയുമായുള്ള വിവാഹ ബന്ധത്തില്‍ നിന്നു കൂടിയായിരുന്നു. വായിച്ച് വായിച്ച് ആവേശം കൊണ്ടൊരു പുസ്തകമായിരുന്നു അത്. (ഒരു കമ്മ്യൂണിസ്റ്റിനു വിയോജിക്കേണ്ട പലതുമുണ്ടെങ്കിലും ഒരു സ്ത്രീക്ക് ആവേശമുളവാക്കുന്ന, ധൈര്യം പകരുന്ന ശക്തമായൊരാത്മകഥയാണത്)..

അതിനുമെത്രയോ മുന്‍പ് ഇബ്സന്റെ ഡോള്‍സ് ഹൌസിലെ നായിക നോറ ഇംഗ്ലണ്ടിന്റെ വിക്ടോറിയന്‍ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്ക് നേരേ കതക് വലിച്ചടച്ച് ഇറങ്ങി പ്പോകുന്നതും വായിച്ചിരുന്നു... അന്ന് ആ വലിച്ചടക്കലില്‍ കുലുങ്ങിയത് ഇംഗ്ലണ്ട് മുഴുവനുമായിരുന്നു..

ഒരു സ്ത്രീയുടെ ആദ്യന്തികമായ ലക്ഷ്യം സമൂഹവും മതങ്ങളും വിചാരിക്കുമ്പോലെ വിവാഹം മാത്രമാണോ..? എങ്കില്‍ വിവാഹ ജീവിതത്തില്‍ ഭാര്യയുടെ സ്ഥാനമെവിടെയാ
ണ്‌... ഭര്‍ത്താവിനും മക്കള്‍ക്കും നല്ല നല്ല ആഹാരമുണ്ടാക്കിക്കൊടുത്ത്, അവരുടെ വസ്ത്രങ്ങളൊക്കെ അലക്കി വൃത്തിയാ‍ാക്കി അവരെ നന്നായി പരിചരിക്കുന്ന, വീടൊക്കെ മനോഹരമാക്കി വക്കുന്ന, പൂമുഖവാതില്‍ക്കല്‍ സ്നേഹം വിതറുന്ന പൂന്തിങ്കളാണോ അവള്‍... അതെ മിക്ക ഭവനങ്ങളിലും കുടുംബജീവിതങ്ങളിലും അവള്‍ക്ക് ഇത്തരം ഒരു റോളാണുണ്ടാവുക..

പഠന കാലം വരെ വ്യത്യസ്തമായ സാമൂഹ്യ ഇടപെടലുകളുണ്ടായിട്ടും ആണ്‍കുട്ടി
കളേക്കാളുമോ അവര്‍ക്കൊപ്പമോ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നേറുന്ന ഈ പെണ്‍കുട്ടികള്‍ വിവാഹത്തിനു ശേഷം എവിടെയാണു പോയി ഒളിക്കുന്നത്‌...? വിവാഹത്തിനുശേഷം അവരെന്ത് ചെയ്യുകയാണ്‌...? അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്ന പണിയിലേര്‍പ്പെടുന്ന അവള്‍ സ്വന്തമായൊരു കൈയ്യൊപ്പ് എവിടെയും ചാര്‍ത്താതെ താന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് തനിക്ക് പോലും ഉറപ്പില്ലാതെ എങ്ങോ പോയ് മറയുന്നു... വിവാഹം കഴിഞ്ഞ് പിന്നെ അവളെ കാണാനാവുന്നത് ടെക്സ്റ്റൈത്സുകളിലോ ജൂവലറികളിലോ സീരിയലുകളുടെ മുന്‍പിലോ ആരാധനാലയങ്ങളിലോ  മാത്രമാകുന്നു.. അതിനിടയില്‍ താന്‍ ജീവനും ജീവിതവും കൊടുത്തവര്‍ അവളില്‍ നിന്ന് ഏറേ ദൂരെയാവുകയും‘ അവളോ ആത്മവിശ്വാസത്തോടെ ഒരു വാക്ക് സംസാരിക്കാന്‍ പറ്റാതെ രാഷ്ട്രീയമോ സാമൂഹ്യമോ സാങ്കേതികമോ ആയ ഒരു വാക്കും സംസാരിക്കാനാവാതെ ഏറെ പിന്നിലും.

അപ്പോഴായിരിക്കും അവള്‍ തന്റെ ഭൂതകാലത്തിന്റെ തഴമ്പിനെ താലോലിക്കാന്‍ തുടങ്ങുക... തനിക്കുണ്ടാ‍ായിരുന്ന കഴിവുകളെയൊക്കെ ഓര്‍ത്ത് നെടുവീര്‍പ്പിടുക.. വിവാഹത്തിന്റെ ആദ്യനാളുകളിലെ ഉത്തരവാദിത്തങ്ങളാല്‍ മറവിയിലാണ്ടു കിടന്നതൊക്കെ നെടുവീര്‍പ്പുകളായി പുറത്തു വരാന്‍ തുടങ്ങുക... പിന്നെ കരുതും ഇനിയിപ്പോ അതൊക്കെ പറഞ്ഞിട്ടെന്തി
ന്‌   കാലം തന്നില്‍ നിന്നും ഒട്ടേറേ മുന്നോട്ട് കടന്നു പോയിരിക്കുന്നുവെന്ന്.

തീര്‍ച്ചയായും ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമ സ്ത്രീമനസ്സിനു ഐക്യദാര്‍ഢ്യം പകരുന്ന ഒന്നു തന്നെയാ
ണ്‌.. ആവേശ്ശം കൊണ്ട് കണ്ണു നിറഞ്ഞു പോകുന്നത്രയും ആശാഭരിതവുമാണത്... മഞ്ജുവാര്യറ് എന്ന നടിയേയും ഭാര്യയേയും  അമ്മയേയും നിരന്തരം ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുന്ന സിനിമ.. ഇതു പോലൊരു സിനിമയില്‍ക്കൂടി തന്നെ അവര്‍ തിരിച്ചു വരവു നടത്തിയത് അതിഗംഭീരമായി..

പക്ഷേ എന്തു കൊണ്ടൊക്കെയോ മുഴുവനും ദഹിക്കാതെ പോയൊരു സിനിമ കൂടിയായിരുന്നു അത്. ഭൂമിയുമായി ഒരു നൂലിന്റെ ബന്ധം പോലുമില്ലാതെ ഉപരിപ്ലവമായിപ്പോയൊരു സിനിമ.  കേരളത്തിലെ 99% വീട്ടമ്മമാരേയും പ്രതീകമാക്കാമെന്നിരിക്കേ എന്തിനായിരുന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ.? ഒരു യു.ഡി ക്ലര്‍ക്ക് ആകുക എന്നതൊരു മോശം കാര്യമല്ല എന്നു തന്നെയല്ല ബാഹ്യമായെങ്കിലും സാമ്പത്തികവും മാനസീകവുമായ ആത്മവിശ്വാസം പകരുന്നത് തന്നെയാണത്.  ഒരു ഗവണ്മെന്റ് ഓഫീസിലെ ചില പരദൂഷണക്കമ്മറ്റികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒരാവശ്യവുമില്ലായിരുന്നു മഞ്ജുവിനെ സര്‍ക്കാര്‍ ജോലിക്കാരിയാക്കാന്‍. അയര്‍ലണ്ടും മകളുടെ ഹയര്‍ സ്റ്റഡീസും ഒക്കെ ഒട്ടും ലോജിക്ക് ഇല്ലാത്തപോലെ തോന്നി.

ഇതൊരു മഞ്ജു വാര്യര്‍ സിനിമ മാത്രമാ
ണ്‌ മഞു വാര്യര്‍ എന്ന നടിയെയും താരത്തെയും മനസ്സില്‍ കണ്ട് മാത്രം എഴുതിയ കഥയും ചിത്രവും .. അതിന്റെ എല്ലാ വിധ പോരായ്മയും അതിനുണ്ടു താനും... വീടിനു വേണ്ടി കഷ്ടപ്പെട്ട് ജോലിയും കുടുംബ ജീവിതവും ഒരു പോലെ കൊണ്ടു പോകാന്‍ കഷ്ടപ്പെടുന്ന ഇരട്ടി ഉത്തരവാദിത്തം പേറുന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥകളുടെ ശരീര ഭാഷ പകര്‍ന്നു നല്‍കാനോ അവരുടെ പ്രതിനിധിയാകാനോ മഞ്ജു വാര്യര്‍ക്ക് നല്‍കിയ മേക്കപ്പു കൊണ്ടും കഴിയാതെ പോയിട്ടുണ്ട്..

കഥയുണ്ടാക്കും മുന്‍പേ സംവിധായകനൊരു പത്ത് വീട്ടമ്മമാരോടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കാനാവശ്യപ്പെട്ടിരുന്നെങ്കില്‍ ഇതിലും കണ്‍ വിന്‍സിംഗ് ആയ ഒരു കഥ മെനഞ്ഞെടുക്കാനായേനെ.. കുടുംബശ്രീയും അയല്‍ക്കൂട്ടവുമെല്ലാമായി സ്ത്രീകള്‍ കൂടുതല്‍ സംഘടിതരാകുന്ന ഗ്രാമങ്ങളില്‍ ഒന്നു സഞ്ചരിച്ചിരുന്നെങ്കില്‍ കേരളത്തിലെ പുരുഷന്മാരില്‍ ആത്മ പരിശോധനക്കുതകുന്ന ഒരു സ്വപ്നസിനിമ വാര്‍ത്തെടുക്കാനായേനെ...

ശ്രീദേവി തകര്‍ത്തഭിനയിച്ച ‘ഇംഗ്ലിഷ് വിങ്ഗ്ലീഷും’ ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമളയും ഒക്കെ മനസ്സിലുള്ളവര്‍ക്ക് റോഷന്‍ ആന്‍ഡ്രൂസ് കുറച്ചു കൂടി ഹോം വര്‍ക്ക് ചേയ്യെണ്ടതായിരുന്നൂവെന്ന് ആവശ്യപ്പെടാന്‍ മടിയുണ്ടാവില്ല..

ഇതൊക്കെയായിട്ടും ഞാനീ സിനിമയെ സ്നേഹിക്കുക തന്നെയാ
ണ്‌.... ബോറടിപ്പിച്ച ഒന്നാം പകുതിയെക്കാളും ആവേശം പകര്‍ന്ന രണ്ടാം പകുതിയെ...

“ഈ സിനിമ കണ്ടിട്ട് , എന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി സ്ത്രീകളെ ഓര്‍ത്തു പോയെന്നും, അമ്മയും പെങ്ങളും, ഭാര്യയും , മകളുമടക്കമുള്ളവരുടെ സഹനവും സ്നേഹവുമാണു ഞാനുള്‍പ്പെടുന്ന പുരുഷന്റെ അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും അഭിമാന ബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടിസ്ഥാനമെന്നും “ ഒരു സ്വകാര്യ കുമ്പസാരം പോല്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ എന്നോടു മന്ത്രിക്കുമ്പോള്‍ ഞാനീ സിനിമയെ സ്നേഹിക്കുക തന്നെയാ
ണ്‌.