Breaking News

Trending right now:
Description
 
Nov 17, 2012

തലയ്‌ക്കു മുകലിലൂടെ മിസൈലുകള്‍: മലയാളിസമൂഹം ഭീതിയില്‍

image

ടെല്‍അവീവ്‌: തലയ്‌ക്കു മുകളിലൂടെ തീതുപ്പി പായുന്ന മിസൈലുകള്‍... നടുക്കം പകര്‍ന്നു മുഴങ്ങുന്ന സൈറനുകള്‍.. ഇരമ്പിനീങ്ങുന്ന സൈനിക വാഹനങ്ങള്‍... ഇസ്രയേലും പലസ്‌തീനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ശക്തമാകുമ്പോള്‍ പേടിച്ചരണ്ടു കഴിയുകയാണ്‌ ഇസ്രയേലിലെ മലയാളികള്‍. നൂറുകണക്കിനു മലയാളികളാണ്‌ ഇസ്രയേലില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്‌. കൂടുതലും നഴ്‌സിംഗ്‌ ജോലിക്കായി എത്തിയിരിക്കുന്ന സ്‌ത്രീകള്‍. ആകാശത്തുകൂടി കുതിച്ചുപായുന്ന മിസൈലുകള്‍ കണ്ടു നടുങ്ങിവിറയ്‌ക്കുമ്പോള്‍ ശരിക്ക്‌ ഉറങ്ങാന്‍കൂടി ഇവര്‍ക്കു കഴിയുന്നില്ല. എവിടെയും യുദ്ധത്തിന്റെ പ്രതീതിയായതോടെ കടുത്ത ആശങ്കയിലാണ്‌ മലയാളിസമൂഹം. കെയര്‍ ഗിവര്‍ വീസയില്‍ നഴ്‌സിംഗ്‌ ജോലിക്ക്‌ എത്തിയവരാണ്‌ ഇവരില്‍ ഏറെയും. ഏറെക്കാലമായി ശാന്തമായിരുന്ന പിശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധകാഹളം മുഴങ്ങിയതോടെ ഇവരുടെ ജീവിതം അശാന്തിയിലേക്കു വഴുതിയിരിക്കുകയാണ്‌. ഗാസയില്‍നിന്നു മിസൈലുകള്‍ കുതിച്ചുയരുമ്പോള്‍ത്തന്നെ അപായ സൈറന്‍ മുഴങ്ങും. അതു കേള്‍ക്കുമ്പോള്‍ ശരീരമാകെ ഒരു വിറയല്‍ പടര്‍ന്നു കയറുന്നതായി തോന്നുമെന്ന്‌ മലയാളികള്‍ പറയുന്നു. യുദ്ധം പരിചിതമായ ജനതയാണ്‌ ഇസ്രയേലില്‍ ഉള്ളതെന്നതിനാല്‍ യുദ്ധസാഹചര്യങ്ങളെ നേരിടാനുള്ള എല്ലാ സംവിധാനം അവിടെയുണ്ട്‌. മിക്ക വീടുകളിലും സ്ഥാപനങ്ങളിലും മിസൈല്‍ ആക്രമണം പോലുള്ളവയില്‍നിന്നു രക്ഷപ്പെടാനുള്ള ഭൂഗര്‍ഭ അറകളും സുരക്ഷിതസ്ഥാനങ്ങളുമുണ്ട്‌. അപായസൈറന്‍ മുഴങ്ങുമ്പോള്‍ തന്നെ ഇസ്രേലികള്‍ ഈ അറകളിലേക്കും സുരക്ഷിതസ്ഥാനങ്ങളിലേക്കും മാറും. എന്നാല്‍, നഴ്‌സിംഗ്‌ ജോലികളിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു പലപ്പോഴും ഇതിനുള്ള സാഹചര്യം ലഭിക്കുന്നില്ലെന്നു മലയാളികള്‍ പറയുന്നു. കെയര്‍ ഗീവര്‍ വീസയില്‍ ഇസ്രയേലില്‍ എത്തുന്നവരിലേറെപ്പേര്‍ക്കും വീടുകളിലാണു നഴ്‌സിംഗ്‌ ജോലികളുള്ളത്‌. ഇങ്ങനെ ജോലി ചെയ്യുന്നവരാണ്‌ ഏറെ ആശങ്കയിലായിരിക്കുന്നത്‌. ഗാസയോടു ചേര്‍ന്നു കിടക്കുന്ന മേഖലയിലുള്ളവരാണ്‌ ഏറെ ഭീതിയിലായിരിക്കുന്നത്‌. കഴിഞ്ഞ ദിവസം ഒരു മലയാളി നഴ്‌സ്‌ ജോലി ചെയ്‌തിരുന്ന വീടിന്റെ വളപ്പിലേക്കു മിസൈല്‍ വന്നു പതിച്ചു. വീട്ടുവളപ്പില്‍ പാര്‍ക്കു ചെയ്‌തിരുന്ന കാര്‍ ഈ ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായി. ഇതോടെയാണു മലയാളികള്‍ കൂടുതല്‍ ആശങ്കയിലായത്‌. സ്ഥാപനങ്ങളും കടകളും മിക്കതും അടഞ്ഞുകിടക്കുകയാണ്‌. പോരാട്ടം രൂക്ഷമായാല്‍ നാട്ടിലേക്കു മടങ്ങേണ്ടി വരുമെന്നാണ്‌ ഇവരുടെ ആശങ്ക. എന്നാല്‍, ഇസ്രയേലിലെ വീസാ നിയമപ്രകാരം ഇങ്ങനെ അവധിയെടുത്തു പോന്നാല്‍ പിന്നീടു തിരികെ വന്നു ജോലിയില്‍ കയറാന്‍ കഴിയുമെന്ന്‌ ഇവര്‍്‌കക്‌ ഉറപ്പില്ല.