ശ്രീലങ്കയിലേയ്ക്കു നടത്തിയ യാത്രയുടെ വിവരങ്ങള്‍ ഗ്ലോബല്‍ മലയാളം വായനക്കാരുമായി പങ്കുവയ്ക്കുന്നു ടി.എന്‍. പ്രതാപന് എംഎല്‍എ. കേരളരാഷ്ട്രീയത്തിലേയ്ക്ക് ഹരിതചിന്തകള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ മുന്‍കൈയെടുത്തവരിലൊരാള്‍ പ്രതാപനാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഞാന്‍ ആദ്യമായി കൊളംബോയില്‍ എത്തുന്നത്. ശ്രീലങ്കയുടെ വ്യാവസായിക തലസ്ഥാനമായ കൊളംബോ എന്നെ സത്യത്തില്‍ അമ്പരിപ്പിച്ചു കളഞ്ഞു. അത്ര വികസിത രാജ്യമല്ലാത്ത ഒരു ദ്വീപില്‍ നിറയെ പ്രതീക്ഷിക്കാത്ത കാഴ്ചകള്‍ കണ്ടപ്പോഴുള്ള എന്റെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ലെന്നു തന്നെ പറയാം. ബന്ദാരനായകെ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടില്‍ നിന്നു കൊളംബോയിലേയ്ക്ക് 31 കിലോ മീറ്റര്‍ ദൂരമാണ് ഉള്ളത്. ഒരു ടൂറിസ്റ്റ് സംസ്കാരം വികസിച്ചു വന്നിട്ടുള്ളതുകൊണ്ടാകാം എല്ലാവരുടെയും പെരുമാറ്റത്തിലും വിനയം. ഞാന്‍ യാത്ര ചെയ്തിരുന്ന വണ്ടിയുടെ ഡ്രൈവറുടെ പെരുമാറ്റം ശ്രദ്ധിച്ചപ്പോള്‍ ഞാന്‍ കേരളത്തെപ്പറ്റി തീര്‍ച്ചയായും ഓര്‍ത്തു. ഏറെ വിദ്യാസമ്പന്നരായ നാം ഇനിയും എറേ മാറേണ്ടിയിരിക്കുന്നു. റോഡ് നിയമങ്ങള്‍ അനുസരിക്കുന്നതില്‍ അവര്‍ കാണിക്കുന്ന കൃത്യത കേരളത്തിലെ ഓരോ ഡ്രൈവര്‍മാരും കണ്ടു പഠിക്കേണ്ടതാണ്. ടൂറിസത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ദൈവത്തിന്റെ നാടെന്ന് ബോര്‍ഡ് വയ്ക്കുകയും ചെയ്തിട്ടുമാത്രം കാര്യമില്ല. ഇതിനായി പ്രത്യേകമായൊരു സംസ്കാരമാണ് ഉണ്ടാവേണ്ടതെന്നു നാം പഠിക്കുന്നത് മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴാണ്.കൊളംബോയുടെ വാണിജ്യ സംസ്കാരത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബ്രിട്ടീഷ്-ഡച്ച് സംസ്കാരങ്ങളുടെയും ബുദ്ധ-ജൈന മതങ്ങളുടെയും ക്രിസ്തുമതത്തിന്റെയും ഇസ്ലാംമതത്തിന്റെയും ഒരു സങ്കരസംസ്കാരമാണ് കൊളംബോയുടേത്. ഗംഗാരമ്യ എന്ന ബുദ്ധമത ടെമ്പിളിലാണ് ഞാന്‍ ആദ്യം സന്ദര്‍നം നടത്തിയത്. അന്ന് വൈകുന്നേരം സാന്താ ലൂസിയ കത്തീഡ്രലും സന്ദര്‍ശിച്ചു. 1876-ലോ മറ്റോ നിര്‍മാണം
തുടങ്ങിയ ഈ പള്ളി പൂര്‍ത്തിയാക്കുവാന്‍ 30 വര്‍ഷം എടുത്തുവെന്ന് പള്ളി വികാരി പറഞ്ഞു. ഗോഥിക് മാതൃകയില്‍ രൂപകല്പന ചെയ്തിരിക്കുന്ന പള്ളി ഏതൊരു സന്ദര്‍ശകനെയും അത്ഭുതപെടുത്തും. സിന്നമണ്‍ ഗാര്‍ഡനില്‍ പ്രശസ്തമായ മോസ്ക്ക് സന്ദര്‍ശിക്കാന്‍ പോവണമെന്നു ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സമയക്കുറവുകൊണ്ട് പിന്നീടൊരിക്കലേക്കു മാറ്റി വച്ചു. കേരളത്തോട് ഏറെ സാമ്യമുള്ള നാടാണ് ശ്രീലങ്ക. അമ്പലത്തില്‍ പോകണമെങ്കില്‍ ഇവിടെ ഒരു കോവിലുണ്ടെന്ന് ഗൈഡായി എത്തിയ സുഹൃത്ത് പറഞ്ഞു. യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും സര്‍വ്വസാധാരണമായ ഒരു നാട് തങ്ങളുടെ പൈതൃകങ്ങളെ എത്ര സൂക്ഷ്മതയോടെയാണ് സംരക്ഷിച്ചിരിക്കുന്നതെന്ന് മനസിലാക്കുമ്പോഴാണ് നാം എത്രയോ പിന്നിലാണ് ഇക്കാര്യങ്ങളിലൊക്കെയെന്നു മനസിലാവുക. ഇവിടുത്തെ ഓരോ പൈതൃകവും അതിന്റെ തനിമയോടെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക താല്പര്യം എടുക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നിയത്. അടുത്ത ദിവസം രാവിലെ ഞങ്ങള്‍ ശ്രീലങ്കയുടെ വേനല്‍ക്കാല തലസ്ഥാനമായ കാന്ഡിയിലേയ്ക്ക് തിരിച്ചു. കൊളംബോയില്‍ നിന്ന് 129 കിലോമീറ്റര്‍ അകലെയാണ് കാന്‍ഡി. മാന്തോപ്പുകളും നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളും കടന്ന് മഞ്ഞിന്റെ ആ രമ്യഹര്മ്യത്തിലേയ്ക്ക് കടന്നു ചെല്ലുമ്പോള്‍ ഞങ്ങളെ സ്വീകരിച്ചത് ആനകളാണ്. ഒരിക്കല്‍ തേക്കടിയില്‍ ബോട്ടിംങ്ങിന് എത്തി ആനകളെ കാണാനാവാതെ നിരാശരായി മടങ്ങിയ കാര്യം
ഞാന്‍ പെട്ടെന്ന് ഓര്‍ത്തു പോയി. ലോകത്തിലെ ഏഴ് ലോക പൈതൃക സൈറ്റുകളില്പെടുന്ന കാന്‍ഡിയെ അതിന്റെ എല്ലാ വിശുദ്ധിയോടെയും സംരക്ഷിക്കാന്‍ പ്രതിഞ്ജബദ്ധമായ ഒരു രാജ്യത്തെയാണ് ഞാന്‍ അവിടെ കണ്ടത്. അശ്രദ്ധമായി വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികള്‍, കാഴ്ചയുടെ സൗന്ദര്യത്തെ ഇല്ലാതാക്കുന്ന മാലിന്യം തുടങ്ങി കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ആ കാഴ്ചകളൊന്നും കാന്‍ഡിയില്‍ കാണാനില്ലായിരുന്നു. നഗരമധ്യത്തിലെ മഞ്ഞ് മൂടിക്കിടക്കുന്ന തടാകത്തില്‍ സൂര്യരശ്മികള്‍ പ്രതിബിംബിക്കുന്നു. കാശ്മീരിലെ ദാല്‍ തടാകവും കാശ്മീരുമൊക്ക ഒരു നിമിഷം ഓര്‍മയില്‍ കടന്നു വന്നു. കേരളത്തില്‍ നിന്ന് വ്യത്യസ്തമായി ഇവരൊക്കെ തങ്ങളുടെ ഭൂപ്രകൃതി സംരക്ഷിക്കുന്നതില്‍ വലിയ തല്പരരാണ്. 16-ാം നൂറ്റാണ്ടില്‍ ഇവിടെ താമസിച്ചിരുന്ന കാന്‍ഡിയന്‍ രാജാവാണ് കാന്‍ഡിയെ ലോക ഭൂപടത്തിലേയ്ക്ക് കൈ പിടിച്ചുയര്‍ത്തിയത്. ശ്രീലങ്കന്‍ സംസ്കാരത്തിലെ പാട്ടിന്റെയും കലയുടെയും നൃത്തത്തിന്റെയും സ്ഥാപകന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. കാന്‍ഡിയ്ക്ക് മറ്റൊരു വലിയ പ്രത്യേകത കൂടിയുണ്ട്. ബുദ്ധന്റെ പല്ല് സൂക്ഷിക്കുന്ന ഒരു ബുദ്ധ ദേവാലയം അവിടെയുണ്ട്. ബുദ്ധവിശ്വാസികളും അല്ലാത്തവരുമായ സന്ദര്‍ശകരുടെ തിരക്കായിരുന്നു ഞങ്ങള്‍ ആ ദേവാലയത്തില്‍ എത്തുമ്പോള്‍.കാന്‍ഡിയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനും മ്യൂസിയവും ചരിത്രത്തിലേയ്ക്കും പ്രകൃതിയിലേയ്ക്കും നമ്മെ മടക്കിക്കൊണ്ടു പോകും. നൂറ്റാണ്ട് പഴക്കമുള്ള മരങ്ങള്‍, പേരറിയാത്ത ചെടികള്‍, പച്ചപ്പിനെ സ്നേഹിക്കുന്ന എനിക്ക് തീക്ഷ്ണമായ ഒരനുഭവം തന്നെയായിരുന്നു. ശ്രീലങ്ക ഒരു ദ്വീപാണ്. അതുകൊണ്ട് ഒരു ബീച്ചെങ്കിലും സന്ദര്‍ശിക്കാതെ പോകുന്നത് തീര്‍ച്ചയായും ഉചിതമല്ല. ഞങ്ങള്‍ കടല്‍ തീരത്തേയ്ക്ക് നടന്നു. അവധി ദിനമായതിനാലാകാം കടല്‍ തീരത്ത് അത്യാവശ്യം ജനത്തിരക്ക്. തിരമാലകളില്‍ ആര്‍ത്തുല്ലസിക്കുന്ന കുടുംബങ്ങള്‍, അവരില്‍ സ്വദേശികളും വിദേശികളും ഉണ്ട്. കടല്‍ കൗതുകത്തിന്റെ പരപ്പും അനുഭവങ്ങളുടെ കലവറയുമാണെന്നാണ് എനിക്ക് തോന്നാറുള്ളത്. തിരമാലകളില്‍ ചാടി കളിക്കുന്നതിനെക്കാള്‍ എനിക്ക് ഇഷ്ടം ആ പഞ്ചാരമണലിലൂടെ നടന്നു നടന്നകലുവാനാണ്. കടല്‍ തീരത്തെ പഞ്ചാര മണലില്‍ കാല് പാദം അമര്‍ത്തി ഇത്തിരി ദൂരം നടന്നു. എന്നിട്ട് പതിഞ്ഞ കിടക്കുന്ന കാല്പാദങ്ങളില് ബാല്യത്തിന്റെ കൗതുകത്തോടെ തിരിഞ്ഞു നോക്കി. നെഗോമ്പോ ബീച്ചിലാണ് ഞങ്ങള്‍ പോയത്. ധാരാളം ബീച്ചുകള്‍ ഉള്ള ശ്രീലങ്കയിലെ വളരെ സാധാരണമായ ഒരു കടല്‍ത്തീരം മാത്രമാണിത്. എയര്‍ പോര്‍ട്ടിനു സമീപമാണ് ഈ ബീച്ച് എന്നതാണ് ഇതിന്റെ പ്രത്യേകത. കൊളംബോയില്‍ നിന്ന് 35 കിലോമീററര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. ഡച്ച് സംസ്കാരത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രദേശമാണ് ഇത്. ഡച്ചുകാര്‍ 1672-ല്‍ നിര്‍മിച്ച കനാല്‍ ഇപ്പോഴും ഈ പ്രദേശവാസികള്‍ ഉപയോഗപ്പെടുത്തുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരോട്ട പ്രദക്ഷിണം മാത്രമായിരുന്നു എന്റെ ഈ യാത്ര. ശ്രീലങ്കയുടെ പലഭാഗങ്ങളിലും സന്ദര്‍ശിച്ചപ്പോള്‍ത്തന്നെ എന്റെ അഹംഭാവത്തിനു കനത്ത തിരിച്ചടി ഏറ്റിരുന്നു. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള നാട്ടില്‍ നിന്നാണ് ഞാന്‍ എത്തുന്നതെന്ന് ഏതൊരു മലയാളിയെപ്പോലെ ഞാനും അഹങ്കരിച്ചിരുന്നു. പക്ഷേ മറ്റുള്ളവര്‍ തങ്ങളുടെ പ്രകൃതിയെ സംരക്ഷിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനു കാണിക്കുന്നതിന്റെ നാലില്‍ ഒരു ജാഗ്രത പോലും നാം യഥാര്‍ത്ഥത്തില്‍ കാണിക്കുന്നില്ല എന്നതാണ് വാസ്തവം. എവിടെയും വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് മാലിന്യം, മനം പിരട്ടല്‍ ഉണ്ടാക്കുന്ന ദുര്‍ഗന്ധം, സര്‍വ്വോപരി ഏത് മരവും വെട്ടി കാശാക്കുവാന് വെമ്പുന്ന മനുഷ്യര്‍, പ്രകൃതിക്ക് ഇണങ്ങിയ വീടുകള്‍ മാറ്റി രമ്യഹര്‍മ്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍. മഴയും മഞ്ഞും ചൂടും കുളിരും കഥ പറഞ്ഞിരുന്ന നാട് ഇന്ന് ഉരുകയാണ്. മഴക്കാലത്തും ഉഷ്ണച്ചൂടിലെന്നപ്പോലെ. ഉള്ള് തണുപ്പിക്കാന്‍ തൊണ്ടയിലൂടെ ഇഴഞ്ഞിറങ്ങുന്ന കൊക്കകോളയുടെ മധുരം കലര്‍ന്ന ചുട്ടുപൊള്ളിക്കല്. മറ്റുള്ളവര്‍ അവരുടെ തനിമയും സംസ്ക്കാരം അഭിമാനത്തോടെ മറ്റുള്ളവരോട് പങ്കു വയ്ക്കുമ്പോള്‍ നാം അതെല്ലാം ഉപേക്ഷിച്ച് പരിഹാസ ചിരിയോടെ നടന്നകലുകയാണ്. പരിസ്ഥിതിയെക്കുറിച്ച് പറഞ്ഞാല്‍ വികസന വിരോധിയാവും. പിന്നെ ഉള്ളുകീറിയുള്ള വിമര്‍ശനം, പിതാമഹന്മാര് ആരെങ്കിലും ഒരു തൊട്ടാവാടി വെട്ടിയിട്ടുണ്ടെങ്കില്‍ അതുവരെ കഥകളായി മാറും. ശ്രീലങ്കയുടെ ബീച്ചിനെക്കുറിച്ച് പറയുന്നതിനു മുമ്പ് ഇത്രയും പറഞ്ഞതിനു കാരണമുണ്ട്. നമ്മുടെ കോവളം ബീച്ചില്‍ ആയിരക്കണക്കിനു വിദേശികള്‍ എത്തുന്നതാണ്. ആ ബീച്ചിലൂടെ കടന്നു പോകുന്നവര്‍ക്ക് മാലിന്യത്തിന്റെയും ദുര്‍ഗന്ധത്തിന്റെയും കാഴ്ചകള്‍ ഒഴിവാക്കുവാനാകില്ല. ലക്ഷങ്ങള്‍ ടൂറിസം വരുമാനമായി എത്തുന്നുണ്ടെങ്കിലും നമ്മുടെ കടല്‍ തീരങ്ങള്‍ ശരിയായി സംരക്ഷിക്കപ്പെടുന്നില്ല എന്നാണ് എനിക്ക് തോന്നിയത്. എപ്പോഴും യുദ്ധഭീക്ഷണിയില് ജീവിച്ചിരുന്ന ശ്രീലങ്കയിലെ മനുഷ്യര്‍ പരസ്പരം വെടിയുതിര്‍ക്കുമ്പോള്‍ പോലും അവരുടെ പ്രകൃതിയെയും പൈതൃകങ്ങളെ കാത്തു സൂക്ഷിക്കാന്‍ ജാഗരൂകരാകുന്നുണ്ടെന്നാണ് എനിക്ക് തോന്നിയത്..