Breaking News

Trending right now:
Description
 
Jun 21, 2014

സിപിഎമ്മിലെ പിണറായി യുഗം അവസാനിക്കുകയാണോ?

image
പിണറായി വിജയനെ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ വരെ വീട്ടിലിരുന്നു പോലും രഹസ്യമായി വിമര്‍ശിക്കാന്‍ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ആ കാലം അസ്‌തമിക്കുന്നതിന്റെ സൂചനകളുമായി വിവിധ നേതാക്കള്‍ പരോക്ഷമായി രംഗത്ത്‌ എത്തിയിരിക്കുന്നു. കേരളത്തിലെ സിപിഎമ്മിനെ ഇത്രമാത്രം ജനവിരുദ്ധരാക്കിയത്‌ പിണറായി വിജയന്റെ കണ്ണൂര്‍ കോക്കസിന്റെ വായിലിരുപ്പാണെന്നാണ്‌ പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവിലയിരുത്തല്‍. 

പിണറായിയുടെ പ്രയോഗങ്ങളും ധാര്‍ഷ്ട്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമായി വിമര്‍ശനവും പരിഹാസവുമായി മാറിയതോടെ നേതാക്കളും പിണറായിയെ എതിര്‍ത്തു രംഗത്ത്‌ എത്തി തുടങ്ങി.

കൊല്ലത്തു പരനാറി പ്രയോഗം നടത്തിയ പിണറായിക്കെതിരെ ശക്തമായ നിലപാടാണ്‌ എംഎ ബേബി സ്വീകരിച്ചത്‌. എംഎല്‍എ സ്ഥാനം പോലും രാജി വയ്‌ക്കാന്‍ ഒരുങ്ങിയിരുന്നു. പിണറായിയുടെ വിശ്വസ്‌തനായ ബേബിയുടെ കൂറുമാറ്റം പിണറായി യുഗത്തിന്റെഅന്ത്യത്തിനുള്ള മുന്നൊരുക്കമാണെന്നാണ്‌ വിലയിരുത്തല്‍. തോമസ്‌ ഐസക്‌ ഉള്‍പ്പെടെയുള്ള പിണറായി പക്ഷക്കാര്‍ വിഎസ്‌ സ്റ്റൈല്‍ സ്വീകരിച്ചതിന്റെ പുറകേയാണ്‌ പിണറായി പരോക്ഷമായി വിമര്‍ശിച്ചു പല യുവനേതാക്കളും രംഗത്ത്‌ എത്തിയത്‌.
ജനവികാരം തീര്‍ത്തും യുഡിഎഫിന്‌ എതിരായിരിന്നിട്ടും കേരളത്തില്‍ മാത്രം യുഡിഎഫിന്‌ (ദേശീയ നിലവാരവുമായി തട്ടിച്ചു നോക്കിയാല്‍) മികച്ച വിജയമാണ്‌ നേടാന്‍ സാധിച്ചതിനു പിന്നില്‍ പിണറായിയുടെ പരനാറി പ്രയോഗമാണെന്നാണ്‌ പാര്‍ട്ടി നേതൃത്വം രഹസ്യമായി പറയുന്നത്‌. 
പി രാജീവ്‌ എം പി ഇന്ന്‌ പരസ്യമായി തന്നെ പരനാറി പ്രയോഗത്തെ എതിര്‍ത്തു രംഗത്ത്‌ എത്തിയത്‌ പിണറായിയുടെ സ്റ്റാലിന്‍ ഭരണം അവസാനിപ്പിക്കാന്‍ നടത്തുന്ന മുന്നൊരുക്കങ്ങളാണെന്ന്‌ വിലയിരുത്താം.