Breaking News

Trending right now:
Description
 
Jun 21, 2014

നടപ്പു ശീലമാക്കാം; ആരോഗ്യപ്രശ്‌നങ്ങളെയകറ്റാം

image ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത അതേസമയം മനസ്‌ കലങ്ങിമറിഞ്ഞിരിക്കുന്ന ഒരാള്‍ അഞ്ചുമൈല്‍ ദൂരം വേഗത്തില്‍ നടക്കുകയാണെങ്കില്‍ അത്‌ ഏതൊരു വിദഗ്‌ധമനശാസ്‌ത്രജ്ഞനെക്കാളും ഏതൊരു വലിയ ഔഷധത്തേക്കാളും ഗുണം ചെയ്യുമെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ചുറുചുറുക്കോടെയുള്ള നടത്തം സാധാരാണക്കാരന്റെ വ്യായാമമാണ്‌. ഇതിന്‌ മറ്റ്‌ യാതൊരു വൈദഗ്‌ധ്യമോ ഉപകരണോ ആവശ്യമില്ലതാനും. വേണ്ടത്‌ ദൃഢനിശ്ചയംമാത്രം. ഇതിന്റെ ഗുണങ്ങള്‍ നിരവധിയുണ്ട്‌. ആഴ്‌ചയില്‍ മൂന്നോ അഞ്ചോ ദിവസം മുപ്പത്‌ മിനിട്ട്‌ നടക്കുന്നവരില്‍ വീഷാദരോഗങ്ങള്‍ 47 ശതമാനം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ഉത്‌കണ്‌ഠ, സമ്മര്‍ദ്ദങ്ങള്‍ എന്നിവ നീങ്ങുന്നതോടൊപ്പം ഭാവാത്മകമായ അവസ്ഥ കൈവരിക്കാനുമാവും. ദിവസവും നടത്തം ശീലമാക്കിയാല്‍ ശരീരത്തിലെ അധിക ഊര്‍ജം കത്തിച്ചു കളയാനാവും. ദിവസവും നടക്കുന്നയാള്‍ക്ക്‌ പ്രമേഹസാധ്യത കുറയും. നടപ്പ്‌ ഹൃദയത്തിന്‌ മികച്ച വ്യായാമം നല്‍കുന്നുണ്ട്‌. നടക്കുമ്പോള്‍ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത്‌ നാം ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. ശരീരത്തിന്റെ കൊഴുപ്പിന്റെ അളവുകുറച്ച്‌ പേശികളെ ബലപ്പെടുത്തി വാര്‍ധക്യത്തിനെതിരെ ക്ഷമത കൈവരിക്കാന്‍ നടത്തം സഹായിക്കുന്നുണ്ട്‌.

 നടപ്പു ശീലമാക്കിയ സ്‌ത്രീകളില്‍ സ്‌തനാര്‍ബുദസാധ്യത 18 ശതമാനംകണ്ട്‌ കുറയും. കുടലില്‍ ക്യാന്‍സര്‍ തടയുന്നതിനും നടത്തം സഹായിക്കുന്നു. ആഴ്‌ചയില്‍ മൂന്നുമണിക്കൂര്‍ നടക്കുന്ന സ്‌ത്രീകളില്‍ ഹൃദയാഘാതം, മറ്റ്‌ കൊറോണറി രോഗങ്ങള്‍ ഇവയ്‌ക്കുള്ള സാധ്യത കുറവായിരിക്കും. റിട്ടയര്‍ ചെയ്‌ത ഒരു പുരുഷന്‍, ദിവസവും ഒരു മൈലില്‍ താഴയേ നടക്കുന്നുള്ളുവെങ്കില്‍, ദിവസം രണ്ടു മൈല്‍ നടക്കുന്ന ഒരേളാക്കേള്‍ രണ്ടിരട്ടി ഹൃദയാഘാതസാധ്യത കൂടുതലാണ്‌. കാലിലെ പേശികള്‍ രണ്ടാം ഹൃദയമെന്നാണ്‌ അറിയപ്പെടുന്നത്‌. നടക്കുമ്പോള്‍ ഇവ വര്‍ധിച്ച തോതില്‍ ഹൃദയത്തിന്‌ രക്തം നല്‍കുന്നു. ഹൃദയത്തിന്‌ നല്ല വ്യായാമവും ഓക്‌സിജന്റെ അധിക ഉപയോഗവും സുഗമമായ രക്തചംക്രമണവുമാണ്‌ ഫലം. നടുവുവേദന, കുനിയാനുള്ള പ്രയാസം ഇവയ്‌ക്കും നടത്തം ആശ്വാസകരമാണ്‌. അലസതയും ക്ഷീണവുമകറ്റി ഊര്‍ജ്ജസ്വലരാക്കാന്‍ നടത്തം നമ്മെ ഏറെസഹായിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നടക്കാന്‍ തീരുമാനിച്ചാല്‍ നിങ്ങളുടെ ഡോക്ടറോട്‌ ഇക്കാര്യത്തില്‍ ഉപദേശം തേടുന്നതും നല്ലതാണ്‌.