Breaking News

Trending right now:
Description
 
Nov 17, 2012

മദര്‍ മാനേജ്‌മെന്റിനു മുന്നില്‍ മുഖ്യനും സുല്ലിട്ടു, രശ്‌മിയുടെ നില വഷളായിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല

Global Malayalam correspondent
image തൃശൂര്‍: മദര്‍ ഹോസ്‌പിറ്റലിലെ നഴ്‌സുമാരുടെ സമരം പരിഹരിക്കാന്‍ മുഖ്യമന്ത്രി മുന്നോട്ടു വച്ച നിര്‍ദ്ദേശത്തെ യാതൊരു വിധ പരിഗണനയും നല്‌കാതെ മദര്‍ മാനേജ്‌മെന്റ്‌ നിഷ്‌കരുണം തള്ളി. ഇന്നലെ ഹൈക്കോടതി രണ്ടാംവട്ടചര്‍ച്ച നടത്തിയിരുന്നു. ആ ചര്‍ച്ചയിലും മദര്‍ മാനേജ്‌മെന്റ്‌ യാതൊരുവിധ വിട്ടുവീഴ്‌ചയ്‌ക്കും തയാറല്ലെന്ന്‌ വ്യക്തമാക്കിയിരുന്നു.

ഇന്നലെ മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ പിരിച്ചുവിട്ട 15 നഴ്‌സുമാരുടെ നടപടി സസ്‌പെന്‍ഷന്‍ ആക്കി പ്രശ്‌നം പരിഹരിക്കണമെന്ന്‌ മുഖ്യമന്ത്രി നേരിട്ട്‌ ആവശ്യപ്പെട്ടിട്ടും വഴങ്ങാന്‍ മദര്‍ മാനേജ്‌മെന്റ്‌ തയാറായില്ല. 400 കോടിയുടെ നഷ്ടം ഉണ്ടായാലും പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കുന്ന പ്രശ്‌നമില്ലന്ന നിലപാടില്‍ മാനേജ്‌മെന്റ്‌ ഉറച്ചു നില്‌ക്കുകയായിരുന്നു. മദര്‍ മാനേജ്‌മെന്റുമായി തിങ്കളാഴ്‌ച വീണ്ടും മുഖ്യമന്ത്രി ചര്‍ച്ച വച്ചിട്ടുണ്ട്‌. അപ്പോള്‍ സമരം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന്‌ മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

നഴ്‌സുമാര്‍ മാനേജ്‌മെന്റിനെതിരെ സമരം നടത്തി എന്ന വ്യക്തമായ കാരണം കാണിച്ചാണ്‌ മാനേജ്‌മെന്റ്‌ നഴ്‌സുമാരെ പിരിച്ചുവിട്ടത്‌. മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിച്ചു, സംഘടിച്ചു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി എഴുതികൊണ്ടുള്ള ഡിസ്‌മിസല്‍ ഓര്‍ഡറാണ്‌ മാനേജ്‌മെന്റ്‌ പിരിച്ചു വിട്ട നഴ്‌സുമാര്‍ക്കെതിരെ നല്‌കിയത്‌. തുച്ഛമായ ശമ്പളത്തിനു പണിയെടുക്കാന്‍ വിധിക്കപ്പെട്ട തങ്ങള്‍ നടത്തിയ സമരമാണ്‌ ശമ്പളത്തില്‍ ഇത്തിരിയെങ്കിലും വര്‍ധനയുണ്ടാക്കുവാന്‍ ഇടയാക്കിയെതെന്നാണ്‌ നഴ്‌സുമാര്‍ പറയുന്നത്‌. 

അനിശ്ചിതകാല നിരാഹാരം അനുഷ്‌ഠിക്കുന്ന മദര്‍ ആശുപത്രിയിലെ സീനിയര്‍ നഴ്‌സ്‌ ടി. രശ്‌മിയുടെ സമരം ഏഴാം ദിവസത്തിലേയ്‌ക്ക്‌ കടന്നിട്ടും ഡോക്ടര്‍മാരോ മറ്റു മെഡിക്കല്‍ സംഘമോ പരിശോധനയ്‌ക്ക്‌ ഇതുവരെ എത്തിയിട്ടില്ല. സാധാരണക്കാരന്റെ ജീവിതത്തിനു യാതൊരു വിലയും കല്‌പിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ അതിശക്തമായ രീതിയില്‍ തൃശൂരില്‍ പ്രതിഷേധം ഇരമ്പുകയാണ്‌. ഇന്ന്‌ സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സമരപന്തലില്‍ കവിയരങ്ങ്‌ നടക്കുന്നു. സമരം കൂടുതല്‍ ജനകീയമായിട്ടും മാനേജ്‌മെന്റ്‌ വിട്ടുവീഴ്‌ചയ്‌ക്ക്‌ ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‌ക്കുകയാണ്‌.