Breaking News

Trending right now:
Description
 
Jun 18, 2014

അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡുകളിലെ തടസങ്ങള്‍ നീക്കം ചെയ്യണം: ടി.ആര്‍.എ

image ആലപ്പുഴ: വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡുകളിലേയും നടപ്പാതകളിലേയും
എല്ലാ മാര്‍ഗതടസങ്ങളും എത്രയും വേഗം നീക്കം ചെയ്യാന്‍ അധികൃതര്‍
തയാറാകണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ)
പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച
പരാതികള്‍ അധികൃതര്‍ പരിഗണിക്കുന്നതേയില്ല.


കാല്‍നടയാത്രക്കാര്‍ റോഡിലാകുന്നത് ഇങ്ങനെ...
കാല്‍നടയാത്ര
തടസപ്പെടുത്തിക്കൊണ്ട് കൈവരിയുള്ള നടപ്പാത നിറയെ സാധനങ്ങള്‍
നിറച്ചുവച്ചിരിക്കുന്നു. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനു സമീപത്തു
നിന്നുള്ള ദൃശ്യം. -ഫോട്ടോ: അനസ് അബ്ദുള്‍ ഹമീദ്.


പട്ടണത്തിലെ യാഥാര്‍ഥ പ്രശ്‌നങ്ങള്‍ മനസിലാക്കി ഗതാഗതക്കുരുക്കിനു
പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ ശ്രമം നടത്തുന്നില്ല.
കാഴ്ചതടസ്സമുണ്ടാക്കുന്ന ബോര്‍ഡുകള്‍ അതു വച്ചവര്‍ നീക്കം ചെയ്യണമെന്നും
ഇല്ലെങ്കില്‍ നീക്കം ചെയ്യുമെന്നും ആവര്‍ത്തിച്ചു പ്രസ്താവന
പുറപ്പെടുവിക്കുന്നതല്ലാതെ നടപടികളില്ല. ബോര്‍ഡുകളുടെ എണ്ണം
കൂടിക്കൊണ്ടേയിരിക്കുന്നു. റോഡുവക്കുകളും നടപ്പാതകളും പാലങ്ങളുടെ
തിരിവുകളും പുറമ്പോക്കുകളും മുഷ്ടിബലമുള്ള അനധികൃത വാണിഭക്കാരും
സംഘടനകളും കൈയേറിയിരിക്കുകയാണ്. കൈയേറ്റക്കാര്‍ പിന്നാലെ
അവകാശമുന്നയിക്കുകയും സര്‍ക്കാര്‍ അത് അനുവദിച്ചുകൊടുക്കുകയുമാണ് പതിവ്.
നടപ്പാതകളിലെ അനധികൃത സ്ഥിരനിര്‍മ്മിതികള്‍ നീക്കം ചെയ്യുന്നതേയില്ല.
റോഡുകളിലേക്കിറക്കി കാല്‍നടയാത്ര തടസ്സപ്പെടുത്തിക്കൊണ്ടുള്ള അനധികൃത
കടകളിലേക്ക് വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും പെരുകുകയാണ്.
തിരക്കേറിയ റോഡുകളില്‍ നടപ്പാതയുണ്ടെന്ന ധാരണയില്‍ വാഹനങ്ങള്‍ അതിനോടു
ചേര്‍ന്നായിരിക്കും പോകുക.

കാല്‍നടക്കാര്‍ക്ക് അപകടഭീതി കൂടാതെ സഞ്ചരിക്കാനാകില്ല.
നടപ്പാതകളിലെല്ലാം തട്ടുകടകളും യാചകരുടെ താമസവുമാണ്. കാണകള്‍ക്കു
മുകളിലൂടെയുള്ള നടപ്പാതകള്‍ അപകടങ്ങള്‍ ഏറെ വിളിച്ചുവരുത്തുന്നു.
നിരതെറ്റിയതും ഇളകിയതും പൊട്ടിയതുമായ സ്ലാബുകളും അതുമൂലമുണ്ടാകുന്ന
വിടവുകളും കുട്ടികളേയും പ്രായമായവരേയും കുടുക്കിലാക്കുന്നു. കാണകള്‍ക്കു
മുകളിലൂടെ പുതിയതായി നടപ്പാതയുണ്ടാക്കിയ ഇടങ്ങളിലൂടെ നടക്കാനാകില്ല.
സാധനങ്ങളും ബോര്‍ഡുകളും അവയില്‍ നിറയെ നിരത്തിക്കഴിഞ്ഞു. കൈവരിയുള്ള
നടപ്പാതകളില്‍ വരെ സാധനങ്ങളും മാലിന്യങ്ങളും കുത്തിനിറഞ്ഞു കിടക്കുകയാണ്.
പല നടപ്പാതകളിലും ഒരാള്‍ക്കു കടന്നു പോകാവുന്ന ഇടമേയുള്ളു. ഫലത്തില്‍
കാല്‍നടയാത്രികര്‍ റോഡിലേക്കിറങ്ങി നടക്കേണ്ടിവരും. അത്
വാഹനാപകടങ്ങള്‍ക്കു വഴിവയ്ക്കും.

അപകടങ്ങളുണ്ടായ ശേഷമുള്ള മരണങ്ങള്‍ ഒഴിവാക്കാനെന്ന വ്യാജേന വഴിനീളെ
പോലീസിനെക്കൊണ്ടു വന്‍തോതില്‍ ഡ്രൈവര്‍മാരില്‍ നിന്നു
പെറ്റിക്കേസ്പ്പിരിവു നടത്തിക്കുന്ന ഭരണാധികാരികള്‍ യഥാര്‍ഥ
അപകടകാരണങ്ങള്‍ കാണുന്നില്ല. കാല്‍നടയാത്രക്കാര്‍ക്കും
വാഹനയാത്രക്കാര്‍ക്കും അപകടരഹിതമായി സഞ്ചരിക്കാന്‍ ഉതകുന്ന വിധത്തില്‍
നടപ്പാതകളും റോഡുകളും ഒരുക്കുകയാണു വേണ്ടതെന്നു ടി.ആര്‍.എ
ചൂണ്ടിക്കാട്ടി. റോഡുകളിലേയും നടപ്പാതകളിലേയും കുഴികള്‍ അടക്കുകയും
തടസങ്ങള്‍ നീക്കം ചെയ്യുകയുമാണ് വേണ്ടത്. അറ്റകുറ്റപ്പണികള്‍
തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുകയും വേണം.