Breaking News

Trending right now:
Description
 
Jun 02, 2014

ഇറോം ശര്‍മിള, ഇന്ത്യയുണ്ട്‌ നിങ്ങള്‍ക്കൊപ്പം

ഡെന്നി ചിമ്മന്‍
image ഇറോം ശര്‍മിള ചാനു എന്ന പേര്‌ ഒരിക്കലെങ്കിലും കേള്‍ക്കാത്ത ഭാരതീയരുണ്ടാവില്ല. പക്ഷെ അവരെക്കുറിച്ച്‌ കൃത്യമായി മനസ്സിലാക്കിയവര്‍ എത്ര പേരുണ്ടാവും എന്ന ചോദ്യത്തിന്‌ സംതൃപ്‌തി ഉളവാക്കുന്ന ഒരു മറുപടി കിട്ടുക ബുദ്ധിമുട്ടായിരിക്കും.

1972 മാര്‍ച്ച്‌ 14-ന്‌ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ കോംഗ്‌പാല്‍ എന്ന പ്രദേശത്ത്‌ ഇറോം സി. നന്ദ, ഇറോം ഓങ്‌ബിസാഖി എന്നിവരുടെ മകളായി ജനിച്ച ഇറോം ശര്‍മിള ചാനു കവിയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായാണ്‌ വളര്‍ന്നത്‌.

2000 നവംബര്‍ 2-ന്‌ ഇംഫാല്‍ താഴ്‌വരയിലെ മാലോം പട്ടണത്തില്‍ നടന്ന ഒരു സംഭവമാണ്‌ ശര്‍മിളയുടെ ജീവിതത്തെ മാറ്റിമറിച്ചത്‌. ഒരു ബസ്‌ സ്‌റ്റോപ്പില്‍ നിന്നിരുന്ന 10 നാട്ടുകാരെ ഇന്ത്യയുടെ ഒരു പാരാമിലിറ്ററി സേനയായ ആസ്സാം റൈഫിള്‍സ്‌ കാരണമില്ലാതെ വെടിവെച്ചു കൊന്നു. മാലോം കൂട്ടക്കൊല എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഭവത്തില്‍ ധീരതയ്‌ക്കുള്ള അവാര്‍ഡ്‌ നേടിയ 18 കാരന്‍ മുതല്‍ 62 കാരിയായ വൃദ്ധവരെ കൊല്ലപ്പെട്ടിരുന്നു. അന്ന്‌ 28 വയസ്സുണ്ടായിരുന്ന ശര്‍മിളയെ ഈ സംഭവം വല്ലാതെ ഉലച്ചുകളഞ്ഞു എന്നതാണ്‌ വാസ്‌തവം. കുട്ടിക്കാലം മുതല്‍ എല്ലാ വ്യാഴാഴ്‌ചകളിലും ഉപവാസം ശീലമാക്കിയിരുന്ന ശര്‍മിള മാലോം കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച്‌ അതിന്‌ ശേഷമുള്ള വ്യാഴാഴ്‌ച നടത്തിയ ഉപവാസം പിന്നീട്‌ അവസാനിപ്പിച്ചില്ല.

ഉപവാസം 3 ദിവസം പിന്നിട്ടപ്പോഴേക്കും ആത്മഹത്യാശ്രമക്കുറ്റം ചുമത്തി പോലീസ്‌ അറസ്‌റ്റുചെയ്‌ത ശാര്‍മിളയെ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാക്കുകയും തുടര്‍ന്ന്‌ മൂക്കിലൂടെ നിര്‍ബന്ധപൂര്‍വ്വം കുഴല്‍ കടത്തി അവര്‍ക്ക്‌ ദ്രവരൂപത്തില്‍ ഭക്ഷണം കൊടുത്തു തുടങ്ങുകയും ചെയ്‌തു. ആത്മഹത്യാകുറ്റത്തിന്‌ പരമാവധി തടവ്‌ ശിക്ഷ ഒരു വര്‍ഷം വരെയാണെന്ന്‌ നിയമം നിഷ്‌കര്‍ഷിക്കുന്നതിനാല്‍ ശാര്‍മിളയെ ഓരോ വര്‍ഷം കൂടുമ്പോഴും വിട്ടയയ്‌ക്കുകയും ഉടന്‍ തന്നെ വീണ്ടും അറസ്‌റ്റു ചെയ്യുകയും ചെയ്യുന്ന പതിവ്‌ 14 വര്‍ഷമായി തുടരുകയാണ്‌.

മാലോം കൂട്ടക്കൊല പോലുള്ള പരിധിയില്ലാത്ത ക്രൂരത തങ്ങള്‍ അനുഭവിക്കുന്നതിനുള്ള അടിസ്ഥാനകാരണം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടം നടപ്പാക്കുന്ന അഫ്‌സ്‌പ എന്ന കിരാതനിയമം ആണെന്ന്‌ മനസ്സിലാക്കിയ ശര്‍മിള ആ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്‌ നിരാഹാരസമരം തുടരുന്നത്‌. ആര്‍ത്തവം ഉള്‍പ്പെടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങളെല്ലാം അപകടകരമാംവിധം താളം തെറ്റിയിട്ടും തനിക്ക്‌ നഷ്ടപ്പെട്ട ജീവിതം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്നറിഞ്ഞിട്ടും സ്വന്തം ജീവനും ജീവിതവും ബലികൊടുത്തുകൊണ്ടാണ്‌ അവര്‍ ഒരു നാടിനുവേണ്ടി പൊരുതുന്നത്‌.

പ്രശ്‌നബാധിത പ്രദേശങ്ങളെന്ന ലേബലില്‍ ചില പ്രദേശങ്ങളിലേക്ക്‌ സായുധസേനയെ കയറൂരി വിടുന്നതിനുവേണ്ടി 1958 സെപ്‌തംബര്‍ 11-ന്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസ്സാക്കിയ സായുധസേനാ പ്രത്യേകാധികാര നിയമത്തിന്റെ പിന്‍ബലത്തില്‍ ഏതെങ്കിലുമൊരു പ്രദേശത്ത്‌ പ്രവേശിക്കുന്ന സേനയ്‌ക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ അവിടെ എന്തും ആവാം എന്ന അവസ്ഥയുണ്ട്‌. അവിടെ മനുഷ്യാവകാശങ്ങള്‍ മരവിക്കും. ഏതറ്റംവരെയുള്ള അക്രമസ്വഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളും അവിടെ സേനക്ക്‌ ആവാം. ഇതിനെതിരെ ആര്‍ക്കും ഒരിടത്തും പരാതിപ്പെടാനും അവസരമില്ല. മണിപ്പൂര്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ സായുധസേനയുടെ വകയായി അരങ്ങേറുന്ന കൊലപാതകങ്ങളും ക്രൂരമായ ബലാത്സംഗങ്ങളും പരിധിയില്ലാത്ത മനുഷ്യാവകാശലംഘനങ്ങളും നിരവധിയാണ്‌. 2006 ഒക്ടോബറില്‍ പതിവുപോലെയുള്ള ഒരു വിടുതല്‍ സമയത്ത്‌ തന്റെ സമരം ഡല്‍ഹിയിലെത്തിക്കാന്‍ ശര്‍മിള ഒരു നീക്കം നടത്തിയിരുന്നെങ്കിലും അതിന്റെ അപകടം മണത്തറിഞ്ഞ കേന്ദ്രസര്‍ക്കാര്‍ അടുത്ത അറസ്റ്റിലൂടെ അതിന്‌ പരിഹാരം കണ്ടെത്തി. തുടര്‍ന്നിങ്ങോട്ട്‌ ശര്‍മിളയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഡല്‍ഹിയില്‍ ഉയര്‍ത്തപ്പെടാതിരിക്കാന്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്ന കേന്ദ്രഭരണകൂടം ശര്‍മിളയുടെ സ്വന്തം സംസ്ഥാനത്തും ഇതൊരു മൂവ്‌മെന്റ്‌ ആയി വളരാതിരിക്കാന്‍ അവിടത്തെ പൗരന്‍മാരെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുക തുടങ്ങി വേണ്ടതൊക്കെ ചെയ്യുന്നു.

അഫ്‌സ്‌പ സംബന്ധിച്ച്‌ ഇന്ത്യന്‍ പ്രസിഡന്റ്‌, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവര്‍ക്കെല്ലാം ശര്‍മിള ഇതിനോടകം പരാതി നല്‌കിയിട്ടുണ്ട്‌. 2011 നവംബറില്‍ ആസ്സാമിലെ അംബാരിയില്‍ ഇറോം ശര്‍മിളക്കുള്ള ഐക്യദാര്‍ഢ്യസൂചകമായി 100 സ്‌ത്രീകള്‍ മനുഷ്യചങ്ങല തീര്‍ക്കുകയും മറ്റു ചില പൗരസംഘടനകള്‍ 24 മണിക്കൂര്‍ ഉപവാസം നടത്തുകയും ചെയ്‌തിരുന്നു. ശര്‍മിളക്ക്‌ 39 വയസ്സ്‌ തികഞ്ഞ വര്‍ഷം പൂനെ യൂണുവേഴ്‌സിറ്റി 39 മണിപ്പൂരി വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ബിരുദപഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ്‌ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ചരിത്രത്തില്‍ സമാനകളില്ലാത്ത വിധം സുദീര്‍ഘമായി തുടരുന്ന മനുഷ്യാവകാശ ഗാന്ധിയന്‍ സമരത്തിന്റെ പേരില്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം ശര്‍മിളയെ തേടിയെത്തിയിട്ടുണ്ട്‌. ശര്‍മിളയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിരവധി കൃതികളും പിറന്നിട്ടുണ്ട്‌.


കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യന്‍ ഭരണകൂടം ഈ വിഷയത്തെ വേണ്ടത്ര ഗൗരവത്തോടെയല്ല കൈകാര്യം ചെയ്യുന്നത്‌. അപക്വരാഷ്ട്രീയ താല്‍പര്യങ്ങളെക്കൊണ്ട്‌ പരിഹരിക്കാവുന്നതല്ല വടക്കുകിഴക്കന്‍ മേഖലയിലെ അശാന്തി. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാതെ മൂടിവക്കാന്‍ ശ്രമിക്കുന്ന വിഡ്‌ഢിത്തം കേന്ദ്രസര്‍ക്കാര്‍ തുടരുന്നിടത്തോളം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശാന്തി പുലരില്ല. അവിശ്വസ്‌തത മുഖമുദ്രയാക്കിയ ചൈനയുമായും ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ ഇന്ത്യാവിരോധം എന്ന മുനമ്പില്‍ കറങ്ങിത്തിരിയുന്ന ബംഗ്ലാദേശുമായും ഉള്ള സാപീപ്യം ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക്‌ പ്രത്യേക ശ്രദ്ധ അനിവാര്യമാക്കുന്നു. ഒന്നിലധികം സംസ്ഥാനങ്ങളില്‍ പരന്നുകിടക്കുന്ന ശക്തരായ ബോഡോ-നാഗാ ഗോത്രങ്ങളുടെ കുടിപ്പകയും മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. പക്ഷെ ഈ സാഹചര്യങ്ങളുടെ പേരില്‍ അവിടെ സ്‌ഥിരമായി മിലിട്ടറിയെ അഴിച്ചുവിട്ട്‌ പ്രശ്‌നങ്ങളില്‍ നിന്ന്‌ ഒളിച്ചോടാന്‍ ശ്രമിക്കുന്നത്‌ മൗഢ്യമാണ്‌. അവിടത്തെ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള തലങ്ങളില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ പൊതുമേഖലയുടെ പിന്‍ബലത്തോടെ നടപ്പാക്കുകയും നിയമസംവിധാനങ്ങളെ പക്വതയോടെ വിനിയോഗിക്കുകയും ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. ചുരുങ്ങിയ കാലത്തേക്കുള്ള രാഷ്ട്രീയ നേട്ടങ്ങള്‍ക്കുമപ്പുറം അവിടത്തെ ജനങ്ങളുടെ ദീര്‍ഘകാലത്തേക്കുള്ള വ്യക്ത്യോന്മുഖ പുരോഗതിയായിരിക്കണം ഇന്ത്യ ലക്ഷ്യം വെക്കേണ്ടത്‌.


2004 ജൂലൈ 10-ന്‌ തങ്‌ജാം മനോരമ എന്ന 34-കാരിയെ വീട്ടില്‍ നിന്നും അപ്രതീക്ഷിതമായി പിടിച്ചുകൊണ്ടുപോയ ആസ്സാം റൈഫിള്‍സ്‌ രണ്ടു ദിവസം കഴിഞ്ഞ്‌ അവരെ വെടിവെച്ച്‌ കൊന്നു. ആ യുവതിയുടെ വീട്ടില്‍ നിന്നും ഗ്രനേഡുകള്‍ പിടിച്ചെടുത്തുവെന്ന്‌ അവകാശപ്പെടുന്ന സേന അവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതുകൊണ്ടാണ്‌ വെടിവക്കേണ്ടിവന്നതെന്ന്‌ പറയുന്നു. മൃതദേഹ പരിശോധനയില്‍ അവര്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി എന്ന കണ്ടെത്തല്‍ ഉണ്ടായതും അവരുടെ വസ്‌ത്രത്തില്‍ നിന്നും ശുക്ലത്തിന്റെ അംശങ്ങള്‍ ലഭിച്ചതും കുറ്റക്കാരെ ശിക്ഷിക്കാന്‍ പര്യാപ്‌തമായില്ല! ഈ കൊല നടന്ന്‌ 5 ദിവസങ്ങള്‍ക്ക്‌ ശേഷം 30 മധ്യവയസ്‌കള്‍ പൂര്‍ണ്ണനഗ്നരായി ഇംഫാല്‍ പട്ടണത്തിലൂടെ ആസ്സാം റൈഫിള്‍സിന്റെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്ക്‌ മാര്‍ച്ച്‌ നടത്തിയത്‌ രാജ്യം ശ്രദ്ധിച്ചിരുന്നു. ഇന്ത്യന്‍ ആര്‍മി, ഞങ്ങളേയും ബലാത്സംഗം ചെയ്യൂ എന്ന ബാനറുമായാണ്‌ അവര്‍ മാര്‍ച്ച്‌ നടത്തിയത്‌. ആ മാര്‍ച്ചിനെ മാധ്യമങ്ങള്‍ ശ്രദ്ധിച്ചുവെങ്കിലും അതിന്‌ അടിസ്ഥാനമായ വസ്‌തുതകളെ വേണ്ടവിധം അഭിസംബോധന ചെയ്യുന്നതില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പരാജയപ്പെട്ടു.

മമതാ ബാനര്‍ജി ഒഴികെയുള്ള രാഷ്ട്രീയകാര്യക്കാര്‍ ആരും തന്നെ വടക്കുകിഴക്കിനെ ക്രിയാത്മകമായി പരാമര്‍ശിച്ചുപോലുമില്ല. ഇന്ത്യന്‍ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നതുപോലുള്ള അവസ്ഥയെയാണ്‌ പലപ്പോഴും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നേരിടേണ്ടിവരുന്നത്‌. അവിടത്തെ വിശേഷങ്ങളെന്ന നിലയില്‍ കുറെ കാലമായി നമ്മുടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌ ഏതെങ്കിലും കലാപങ്ങളുമായോ പ്രശ്‌നങ്ങളുമായോ ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രമാണ്‌. ഇതൊരു ഗൂഢതന്ത്രമാണ്‌. അവിടങ്ങളിലും മനുഷ്യരുണ്ടെന്നും അവര്‍ക്കും സംസ്‌ക്കാരവും കലകളും ഉണ്ടെന്നും അവിടെ വിശ്രുതപ്രതിഭകള്‍ ഉണ്ടെന്നും ഇന്ത്യന്‍ പൊതുധാരയില്‍ നിന്നും മാധ്യമങ്ങള്‍ മറച്ചുവയ്‌ക്കുന്നു. അവിടങ്ങളിലെ സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങള്‍ മുഖ്യധാരാ ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുന്നതാണ്‌ കേന്ദ്രഭരണകൂടത്തിന്‌ താല്‍പര്യം.


വടക്ക്‌ കിഴക്കെന്നാല്‍ പ്രശ്‌നബാധിതമെന്നും കലാപമെന്നുമുള്ള പ്രതിച്ഛായയെ നിലനിര്‍ത്തിയാല്‍ അവിടത്തെ മിലിട്ടറിഭരണം എത്ര കാലത്തേക്കും തുടരാം. ഇന്ത്യന്‍ പീനല്‍ കോഡ്‌ അനുസരിച്ച്‌ താരതമ്യേന കടുപ്പം കുറഞ്ഞ കുറ്റത്തിന്റെ പേരില്‍ അറസ്റ്റുചെയ്‌ത ഇറോം ശര്‍മിളയെ കനത്ത ഒറ്റപ്പെടലിനാണ്‌ ഭരണകൂടം ഇരയാക്കുന്നത്‌. പലതട്ടിലുള്ള അനൗദ്യോഗിക (അനധികൃത) നിരീക്ഷണങ്ങള്‍ക്ക്‌ ശേഷമേ ഇറോം ശര്‍മിളയുടെ അടുത്തേക്ക്‌ സന്ദര്‍ശകരെ വിരളമായെങ്കിലും കടത്തിവിടുന്നുള്ളു. വിടുതല്‍ അവസരങ്ങളില്‍ പോലും അധികമാരും ശര്‍മിളയുമായി ബന്ധപ്പെടാതിരിക്കാന്‍ ഭീഷണമായവിധം സൈറണ്‍ മുഴക്കി സൈനീക വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞ്‌ ജനങ്ങളില്‍ ഭീതി നിറയ്‌ക്കുന്നതുള്‍പ്പെടെയുള്ള, സൈന്യത്തിന്റെ വിലകുറഞ്ഞ നാടകങ്ങള്‍ കുറേശ്ശെയെങ്കിലും ഫലം കാണുന്നുണ്ടെന്നത്‌ ഇന്ത്യന്‍ പൗരബോധത്തെ സംബന്ധിച്ച്‌ അത്ര നല്ല ലക്ഷണമല്ല. വടക്ക്‌ കിഴക്കെന്നാല്‍ ഇറോം ശര്‍മിളയെന്ന വ്യക്തിയാണെന്ന മട്ടില്‍ കാര്യങ്ങളെ ചുരുക്കി കാണിക്കാന്‍ നടത്തുന്ന ഭരണകൂട ത്വര ഇന്ത്യന്‍ പൊതുമനസ്സ്‌ തിരിച്ചറിയേണ്ടതുണ്ട്‌. ലോക ചരിത്രത്തിലെ അപൂര്‍വ്വതയായിക്കൊണ്ട്‌ ഒരു വ്യക്തി ഒരു ജനതയ്‌ക്കുവേണ്ടി തന്റെ ജീവിതം പണയപ്പെടുത്തി തുടരുന്ന ഗാന്ധിയന്‍ സമരത്തെ മുഖ്യധാരാ ഇന്ത്യ വേണ്ടവിധം അഭിസംബോധന ചെയ്യാതിരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പരാജയപ്പെടുന്നത്‌ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയാണ്‌. ഇറോം ശര്‍മിളയുടെ ഓരോ ജന്മദിനവും അവരുടെ സമരത്തിന്റെ ഓരോ വാര്‍ഷികവും നമ്മള്‍ അറിയാതെ കടന്നുപോവുമ്പോള്‍, അവര്‍ ചൂണ്ടിക്കാട്ടുന്ന വിഷയം മുഖ്യധാരാ ഇന്ത്യയിലെ സക്രിയ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരാതിരിക്കുമ്പോള്‍, തോറ്റുപോവുന്നത്‌ ഇന്ത്യ തന്നെയാണ്‌!