Breaking News

Trending right now:
Description
 
Nov 15, 2012

കോതമംഗലം അവസാന വട്ടചര്‍ച്ചയും പൂര്‍ത്തിയായി: നഷ്ടം നഴ്‌സുമാര്‍ക്കുതന്നെ

image തിരുവനന്തപുരം: ഇന്ന്‌ കോതമംഗലം സമരത്തിന്റെ അവസാന വട്ട ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചയെക്കുറിച്ച്‌ മന്ത്രിയുടെ ഓഫീസ്‌ പ്രതികരിക്കാന്‍ വിസമതിച്ചു. 

ഷിഫ്‌റ്റ്‌ സമ്പ്രദായം 6-6-12 എന്ന രീതിയില്‍ ഒരു മാസത്തേയ്‌ക്കു തുടരാന്‍ മാനേജ്‌മെന്റിനോട്‌ മന്ത്രി ആവശ്യപ്പെട്ടുവെന്ന്‌ സമരം നയിച്ച ഐഎന്‍എ സ്‌റ്റേറ്റ്‌ സെക്രട്ടറി ഷിഹാബ്‌ ഗ്ലോബല്‍ മലയാളത്തോട്‌ പ്രതികരിച്ചു. സമരം ചെയ്‌ത ആരെയും പിരിച്ച വിടരുതെന്ന്‌ മാനേജ്‌മെന്റിനോട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. സമരം ചെയ്‌ത 79 പേരില്‍ യൂണിയന്റെ വാക്കു കേള്‍ക്കാതെ കുറെ പേര്‍ പുറത്തു പോയിരുന്നു. അവരില്‍ അവശേഷിക്കുന്ന എട്ടു പേരെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ ഉത്തരവായെന്നും ഷിഹാബ്‌ പറഞ്ഞു. 

എന്നാല്‍ മാനേജ്‌മെന്റ്‌ പ്രതിനിധിയായ ഷിബു കുര്യാക്കോസ്‌ പറഞ്ഞത്‌ 6-6-12 എന്ന ഷിഫ്‌റ്റ്‌ അംഗീകരിക്കില്ലെന്ന്‌ മന്ത്രിയോട്‌ വ്യക്തമായി പറഞ്ഞുവെന്നാണ്‌. "8-8-8 എന്ന ഷിഫ്‌റ്റ്‌ മാത്രമേ അംഗീകരിക്കുകയുള്ളു. നിലവില്‍ സമരം ചെയ്‌തവര്‍ മാത്രമാണ്‌ 6-6-12 ഷിഫ്‌റ്റില്‍ ജോലി ചെയ്യുന്നത്‌. (2) സമരം ചെയ്‌തവരില്‍ ഒരു വര്‍ഷം ജോലി പരിചയം ഇല്ലാത്ത ആരെയും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കില്ല." 

"ഒരു ഒത്തു തീര്‍പ്പ്‌ വ്യവസ്ഥ എന്ന നിലയില്‍ അഞ്ചു പേരെ തിരികെ എടുക്കണം. കോതമംഗലം പ്രത്യേക കമ്മിറ്റി കണ്ടെത്തിയ വേക്കന്‍സി അഞ്ചു പേരുടേതാണ്‌. ആ വേക്കന്‍സിയില്‍ അഞ്ചു പേരെ എടുക്കുവാന്‍ മാനേജ്‌മെന്റ്‌ ഒരു ഒത്തു തീര്‍പ്പ്‌ ഫോര്‍മുല എന്ന രീതിയില്‍ സന്നദ്ധമാണ്‌. ആരെ എടുക്കണമെന്നത്‌ മാനേജ്‌മെന്റിന്റെ താല്‌പര്യം. മാനേജ്‌മെന്റ്‌ നിര്‍ദ്ദേശിക്കുന്ന ഷിഫ്‌റ്റ്‌ വ്യവസ്ഥയില്‍ ആയിരിക്കും ഇവര്‍ പ്രവര്‍ത്തിക്കേണ്ടത്‌. ഇപ്പോള്‍ ഹോസ്‌പിറ്റലില്‍ രണ്ട്‌ ഷിഫ്‌റ്റാണ്‌ നിലവില്‍ ഉള്ളത്‌. അത്‌ തുടരും. സമരം ചെയ്‌ത ആര്‍ക്കും സമരക്കാലത്തെ ശമ്പളം നല്‌കുന്നതല്ല. ഈ വ്യവസ്ഥകള്‍ മന്ത്രി അംഗീകരിച്ചു," ഷിബു കുര്യാക്കോസ്‌ വ്യക്തമാക്കി. 

മൂന്നു ഷിഫ്‌റ്റ്‌ വ്യവസ്ഥ പോലും അംഗീകരിക്കാതെ മാനേജ്‌മെന്റ്‌ ധാര്‍ഷ്ട്യത്തിനു മുമ്പില്‍ ഒരു സര്‍ക്കാര്‍ വഴങ്ങേണ്ടി വന്നുവെന്നാണ്‌ ഇതില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഒരു സമരത്തെ അതിന്റെ എല്ലാ പൂര്‍ണതയോടെയും പയറ്റിയിട്ടും നഴ്‌സുമാര്‍ക്ക്‌ നീതി നിഷേധിച്ചുവെങ്കില്‍ കേരളത്തിന്റെ തൊഴിലാളി സൗഹൃദ അന്തരീക്ഷ മാറുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.