Nov 15, 2012
നഴ്സുമാര്‍ക്ക് പ്രാണവേദന, മന്ത്രിക്ക് ചാനല്‍ ചര്‍ച്ച
കൊച്ചി: ഹൈക്കോടതി തൃശൂര്‍ ഹോസ്പിറ്റല്‍ സമരം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക അനുരഞ്ജന ചര്‍ച്ച വിളിച്ചിട്ടും മദര്‍ മാനേജ്മെന്റ് പ്രതിനിധി എത്തിയില്ല. കേരള ഹോസ്പിറ്റല്‍ മാനേജ്മെന്‍്റ് അസോസിയേഷന് പ്രതിനിധികളായി കെഎച്ച്എംഎ പ്രതിനിധിയായ പ്രസിഡന്റ് ഇ.കെ. റഷീദ്, സെക്രട്ടറി ഹുസൈന് എന്നിവര്‍ ചര്‍ച്ചക്ക് എത്തിയിരുന്നുവെങ്കിലും മദര്‍ മാനേജ്മെന്റ് പ്രതിനിധി എത്താത്തതിനാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. രാവിലത്തെ ചര്‍ച്ച ഉച്ചകഴിഞ്ഞും തുടര്‍ന്നു. മദര്‍ മാനേജ്മെന്റ് പ്രതിനിധിയെ നാളെ 2 മണിക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ച നാളത്തേയ്ക്ക് മാറ്റി വച്ചു.ടി. രശ്മിയുടെ അനിശ്ചിതകാല സമരം 5-ാം ദിവസത്തിലേയ്ക്ക് കടന്നിട്ടും തൊഴില്‍ വകുപ്പോ സര്‍ക്കാര്‍ പ്രതിനിധികളോ സമരത്തില്‍ ഇടപെടാതെ മാറി നില്‍ക്കുകയാണ്. നിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച സുഗുണന് ഹോസ്പിറ്റലിലും സമരം തുടരുകയാണ്. സഹിഷ്ണുതയുടെ എല്ലാ അതിര് വരമ്പുകളും കാത്തു സൂക്ഷിച്ച് നഴ്സുമാര്‍ സമരം സമാധാനപരമായി നടത്തിയിട്ടും സര്‍ക്കാര്‍ തുടരുന്ന മെല്ലെപ്പോക്കിനെതിരെ ജീവിതത്തിന്റെ നാനാതുറകളിലും ഉള്ളവര്‍ ശക്തമായി പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. വിവിധ രാഷ്ട്രീയ സാമുദായിക രംഗത്തുള്ളവര്‍ സമരത്തിനു പിന്തുണയുമായി ദിനംപ്രതി സമരപന്തലില്‍ എത്തുന്നുണ്ട്. നാളെ ന്യുനപക്ഷ മോര്‍ച്ചയുടെ പ്രതിനിധി മദര്‍ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ഉപവാസം ഇരിക്കും.ജീവിക്കാന്‍ നഴ്സുമാര്‍ പെടാപെട്ടു സമരം നടത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ചാനല്‍ ചര്‍ച്ചകളിലാണ് മന്ത്രിക്ക് താല്പര്യം. നഴ്സുമാര്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് മന്ത്രി പറഞ്ഞതോടെ മന്ത്രിയുടെ വാക്കിലുള്ള വിശ്വാസം നഴ്സുമാര്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. ഇന്നലെ വരെ നഴ്സുമാര്ക്കൊപ്പമെന്നു ഭാവിച്ച മന്ത്രിയാണ് ഇപ്പോള്‍ വിട്ടുവീഴ്ചയെക്കുറിച്ച് ഉപദേശവുമായി എത്തിയിരിക്കുന്നത്.പഠനകാലം മുതല്‍ സ്വകാര്യ ഹോസ്പിറ്റലുകള്‍ നഴ്സുമാരെ ചൂഷണം ചെയ്യുകയാണ്. പഠനത്തിന്റെ ഭാഗമെന്ന വ്യാജേന കഠിനമായ ജോലിയാണ് ഇവര്‍ക്ക് ചെയ്യേണ്ടി വരുക. പിന്നീട് ട്രെയിനിംങ് കാലം. അതുകഴിഞ്ഞ് ജോലിക്കു കയറുമ്പോഴും നഴ്്സുമാര്‍ ദുരിതക്കയത്തിലാണ്. അവരോടാണ് വിട്ടുവീഴ്ച കാണിക്കാന്‍ മന്ത്രിയുടെ ഉപദേശം. നിസാര തുകയ്ക്ക് ജോലി ചെയ്യുന്ന ഇവര്‍ ലോണ്‍ തുകയുടെ പലിശ അടയ്ക്കാനുള്ള പണം പോലും തികയാതെ ജപ്തി ഭീഷണിയിലുമാണ്. ഈ തുകയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുമെന്ന മന്ത്രിയുടെപ്രഖ്യാപനവും വെറും വീണ്വാക്കായി മാറി. കോതമംഗലത്തു നഴ്സുമാരെ പിരിച്ചു വിടുന്നു, അമൃതയിലെ കഥ ആരും ഇപ്പോള്‍ പുറത്തു പറയാറില്ല, ലേക്ഷോറില്‍ സമരം ചെയ്ത പലരും ഇന്ന് മാനേജ്മെന്റിന്റെ പ്രതികാര നടപടിക്ക് ഇരയായിക്കൊണ്ടിരിക്കുന്നു... ഇതെല്ലാം സഹിച്ചിട്ടും നഴ്സുമാര്‍ ക്ഷമിക്കണമെന്നാണ് മാനേജ്മെന്റ് ആവശ്യപ്പെടുന്നത്.