Breaking News

Trending right now:
Description
 
May 29, 2014

മുത്തൂറ്റ്‌ ഗ്രൂപ്പിനെതിരേ ഓണ്‍ലൈനില്‍ വ്യാജ പ്രചരണങ്ങള്‍

image മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ്പ്‌ കമ്പനിയായ മുത്തൂറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡിന്റെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഉപയോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്പനി അഭ്യര്‍ത്ഥിച്ചു. ചില വ്യാജന്‍മാര്‍ കമ്പനിയുടെ ബ്രാന്റ്‌ നാമം ഉപയോഗിച്ച്‌ വ്യാജ പരസ്യങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കുകയും, അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യുന്നുവെന്ന്‌ കമ്പനി പറഞ്ഞു.

ചില ഇന്ത്യന്‍ നഗരങ്ങളിലെ പ്രാദേശിക മാധ്യമങ്ങളില്‍, നിശ്ചിത തുക അഡ്വാന്‍സായി നല്‍കിയാല്‍ ലോണ്‍ ലഭിക്കുമെന്ന രീതിയിലുള്ള വ്യാജ പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ഇത്തരം പരസ്യങ്ങള്‍ പൂര്‍ണമായും വ്യാജവും, തെറ്റിധാരണാജനകവും സാധാരണക്കാരായ ആളുകളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന്‌ കമ്പനി ഈ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ അറിയിച്ചു. മാത്രമല്ല മുത്തൂറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡ്‌ ഒരു പത്രത്തിലും ഇത്തരത്തിലുള്ള സ്‌കീമുകളോ, പലിശനിരക്കോ ഡിസ്‌കൗണ്ടുകളോ പ്രഖ്യാപിക്കുന്ന ക്ലാസിഫൈഡ്‌ പരസ്യങ്ങള്‍ നല്‍കിയിട്ടുമില്ലെന്നും കമ്പനിയുടെ എല്ലാ ബിസിനസ്‌ ഇടപാടുകളും അതിന്റെ ശാഖകളില്‍, അവിടത്തെ ജീവനക്കാര്‍ മുഖേന മാത്രമാണ്‌ നടക്കുന്നതെന്നും കമ്പനി അറിയിച്ചു.

അഡ്വാന്‍സ്‌ പേയ്‌മെന്റിനെതിരെ ഇത്തരം ഇന്‍സ്റ്റന്റ്‌ ലോണുകള്‍ വാഗ്‌ദാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കും കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കരുതിയിരിക്കാന്‍ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ഉപഭോക്താക്കളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. ഇത്തരം വ്യാജ പരസ്യങ്ങളും പ്രചരണങ്ങളും ഉപയോക്താക്കളെ കബളിപ്പിക്കുന്നതു ലക്ഷ്യമിട്ടുള്ളതും മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ 127 വര്‍ഷത്തെ വിശ്വാസ്യതയ്‌ക്ക്‌ കളങ്കമേല്‍പ്പിക്കുന്നതുമാണ്‌.