Breaking News

Trending right now:
Description
 
May 05, 2014

പ്രകൃതി സംരക്ഷണത്തിന്‌ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണം: മന്ത്രി അനൂപ്‌ ജേക്കബ്‌

image തട്ടേക്കാട്‌: നിയമങ്ങളിലൂടെ പ്രകൃതിയെ സംരക്ഷിക്കുന്നതിലുപരിയായി ജനങ്ങളില്‍ ഇതേപ്പറ്റി അവബോധം സൃഷ്ടിക്കുകയാണ്‌ വേണ്ടതെന്ന്‌ ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി അനൂപ്‌ ജേക്കബ്‌. ജയ്‌ജി പീറ്റര്‍ ഫൗണ്ടേഷന്റെ 2013-ലെ പരിസ്ഥിതി പുരസ്‌കാരം കല്ലൂര്‍ ബാലന്‌ നല്‍കിക്കൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതി നിലനില്‍ക്കേണ്ടത്‌ സമൂഹത്തിന്റെ ആവശ്യമാണെന്ന ബോധം ഓരോ വ്യക്തികളിലും ഉണ്ടാകേണ്ടതുണ്ട്‌. അതിന്‌ വിദ്യാലയങ്ങളില്‍ നിന്നുതന്നെ പ്രവര്‍ത്തനം തുടങ്ങണം. പ്രകൃതി സംരക്ഷണത്തിന്റെ നല്ല സന്ദേശം കുട്ടികളിലെത്തിക്കുന്നതിലൂടെ ഭാവിയില്‍ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുമെന്ന്‌ അനൂപ്‌ ജേക്കബ്‌ ചൂണ്ടിക്കാട്ടി.

പാലക്കാട്‌ ജില്ല കേന്ദ്രീകരിച്ച്‌ പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്ന പുരസ്‌കാര ജേതാവ്‌ കല്ലൂര്‍ ബാലന്‍ ഇതിനോടകം നാലു ലക്ഷത്തിലധികം മരങ്ങളാണ്‌ വച്ചുപിടിപ്പിച്ചിട്ടുള്ളത്‌. പശ്ചിമഘട്ടസംരക്ഷണ വിഷയത്തില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ പി.ടി.തോമസ്‌ എം.പിക്കും ഇത്തവണ ജെയ്‌ജി പീറ്റര്‍ ഫൗണ്ടേഷന്‍ പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു. 


ജയ്‌ജി പീറ്റര്‍ ഫൗണ്ടേഷന്റെ 2013-ലെ പരിസ്ഥിതി പുരസ്‌കാരം തട്ടേക്കാട്‌ പക്ഷി സങ്കേതത്തില്‍ നടന്ന ചടങ്ങില്‍ വ്‌ൃക്ഷസ്‌നേഹി കല്ലൂര്‍ ബാലന്‌ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ സമ്മാനിക്കുന്നു 


ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ കെ.വി. സുധാകരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുരസ്‌കാര ജേതാവ്‌ കല്ലൂര്‍ ബാലന്‍, ഫൗണ്ടേഷന്‍ സെക്രട്ടറി ബാബു പീറ്റര്‍, വൈസ്‌ പ്രസിഡന്റ്‌ ജോസഫ്‌ കരൂര്‍, കോ ഓര്‍ഡിനേറ്റര്‍ രവിവര്‍മ തമ്പുരാന്‍ എന്നിവര്‍ പ്രസംഗിച്ചു.
തട്ടേക്കാട്‌ സാലിം അലി പക്ഷിസങ്കേതത്തില്‍ നടന്നു വന്ന ജെയ്‌ജി പീറ്റര്‍ ഫൗണ്ടേഷന്റെ പരിസ്ഥിതി സംവാദ പരിപാടിയായ 'ഇക്കോലോഗി'നും ഞായറാഴ്‌ച സമാപനമായി.