Breaking News

Trending right now:
Description
 
May 02, 2014

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍: ഇര്‍വിംഗില്‍ നാളെ തുടക്കം

ഷാജി രാമപുരം
image


ഡാലസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍ പിതാവും, ശ്രേഷ്ഠ രക്തസാക്ഷിയുമായ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2014 മെയ് 2, വെള്ളി മുതല്‍ 4, ഞായര്‍ വരെ നടത്തപ്പെടുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൂടാതെ ഡാലസ്സിലെ മറ്റ് വൈദീക ശ്രേഷ്ഠരും ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതും, കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതുമാണു്‌. 

ഏപ്രില്‍ 27 ഞായറാഴ്ച നടന്ന കൊടിയേറ്റത്തോടെ ആരംഭിച്ച പെരുന്നാള്‍ ആഘോഷങ്ങളില്‍ മെയ് രണ്ടു്‌ വെള്ളി, മെയ് മൂന്നു്‌ ശനി എന്നീ ദിവസങ്ങളില്‍ വൈകീട്ടു്‌ 6:30-നു്‌ സന്ധ്യാനമസ്കാരവും, ആത്മീയ പ്രഭാഷണവും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 9 മണിമുതല്‍ 1 മണിവരെ എം.ജി.ഒ.സി.എസ്.എം ഡാലസ് ഏറിയയുടെ റിട്രീറ്റ് പ്രോഗ്രാം നടക്കും. ഞായറാഴ്ച രാവിലെ 8:30നു്‌ പ്രഭാത നമസ്കാരവും, 9:30-നു്‌ വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. ശനിയാഴ്ച വൈകീട്ട് 8 മണിക്കും, ഞായറാഴ്ച രാവിലെ 11:30 നും വര്‍ണ്ണശബളവും, ഭക്തിനിര്‍ഭരവുമായ റാസ ഉണ്ടായിരിന്നതാണു്‌. 

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്സസ്സിലുള്ള ഏക ദേവാലയമായ ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകളിലും, ഭക്തി നിര്‍ഭരമായ പ്രദക്ഷിണത്തിലും ഏവരും നേര്‍ച്ചകാഴ്ചകളോടെ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഇടവകയ്ക്കുവേണ്ടി വികാരി റവ.ഫാ. തമ്പാന്‍ വര്‍ഗീസ്, ട്രസ്റ്റി ബേബി ഉതുപ്പു്‌, സെക്രട്ടറി റജി മാത്യൂസ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

പള്ളിയുടെ വിലാസം: 1627 ഈസ്റ്റ് ഷാഡി ഗ്രോവ് റോഡ്, ഇര്‍വിങ്, ടെക്സസ്: 75060