Breaking News

Trending right now:
Description
 
Apr 28, 2014

ആഴമായ വിശ്വാസത്തിലൂടെ ദൈവവുമായി ബന്ധപ്പെടുക: ഫാ.ഡോമിനിക്‌ വാളന്മനാല്‍

Fr. Sebastian Kollamkunnel
image
കാഞ്ഞിരപ്പള്ളി: ആഴമായ വിശ്വാസത്തിലൂടെയാണ്‌ നാം ദൈവവുമായി ബന്ധപ്പെടേണ്ടതെന്നും വിശ്വാസം ഉള്ളവന്റെ അടുത്തേയ്‌ക്ക്‌ ദൈവം കടന്നുവരുമെന്നും അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്‌ടര്‍ റവ.ഫാ.ഡോമിനിക്‌ വാളന്മനാല്‍ വിശ്വാസിസമുഹത്തെ ഓര്‍മ്മിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ ഇന്നലെ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈശോ ഇന്നും ജീവിക്കുന്നു എന്ന യാഥാര്‍ത്‌ഥ്യം പൂര്‍ണ്ണമായി വിശ്വസിക്കാന്‍ നമുക്കാകുന്നില്ല. വിശ്വാസത്തോടെ ഈശോയുടെ വസ്‌ത്രത്തില്‍ സ്‌പര്‍ശിച്ചപ്പോഴാണ്‌ രക്തസ്രാവക്കാരി സൗഖ്യം പ്രാപിച്ചത്‌. വിശ്വാസികളുടെ പിതാവായ അബ്രാഹം സംശയമില്ലാത്ത വിശ്വാസത്തിന്‌ ഉത്തമ ഉദാഹരണമാണ്‌. തനിക്ക്‌ ചെയ്യാന്‍ പറ്റാത്തത്‌ ദൈവത്തിനും ചെയ്യാന്‍ പറ്റില്ലെന്നുള്ള അഹങ്കാര ചിന്തയാണ്‌ ഇന്ന്‌ മനുഷ്യനെ നയിക്കുന്നത്‌. അഹങ്കാരം, വെറുപ്പ്‌, പരിഹാസം തുടങ്ങിയ തിന്മകള്‍ ദൈവാനുഗ്രഹത്തിന്‌ തടസ്സമാണെന്നും സ്വയം എളിമപ്പെടുന്നവരിലേയ്‌ക്കാണ്‌ ദൈവത്തിന്റെ കൃപ കടന്നുവരുുന്നതെന്നും ഫാ.ഡോമിനിക്‌ വാളന്മനാല്‍ പറഞ്ഞു.
വചനപ്രഘോഷണത്തെത്തുടര്‍ന്ന്‌ രൂപതാ വികാരി ജനറാള്‍ റവ.ഡോ.മാത്യു പായിക്കാട്ട്‌ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കി. റവ.ഫാ.മാത്യു വയലുങ്കല്‍, റവ.ഫാ.അഗസ്‌റ്റിന്‍ പുതുപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
ഇന്ന്‌ രാവിലെ 9 ന്‌ ജപമാലയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ തലശ്ശേരി ബൈബിള്‍ അപ്പസ്‌തോലേറ്റ്‌ ഡയറക്‌ടര്‍ റവ.ഫാ.ജോസഫ്‌ പാംബ്ലാനി വചനപ്രഘോഷണം നടത്തുന്നതുമാണ്‌. ആരാധനാ ശുശ്രൂഷകള്‍ക്ക്‌ റവ.ഫാ.ഡോമിനിക്‌ വാളന്മനാല്‍ നേതൃത്വം നല്‍കും