Breaking News

Trending right now:
Description
 
Nov 13, 2012

നഴ്‌സുമാരുടെ സമരം ഹൈജാക്ക്‌ ചെയ്യാന്‍ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റുകളുടെ പ്രത്യേക ഫണ്ട്‌

Staff Correspondent/Global Malayalam
image തൃശൂര്‍: കേരളത്തിന്റെ രാഷ്ട്രീയ സാക്ഷരതയുടെ മറവില്‍ രാഷ്ട്രീയ സദാചാരമില്ലായ്‌മയുടെ മറ്റൊരു ചിത്രം കൂടി മറനീക്കി പുറത്തു വരുന്നു. കേരളത്തിലെ രാഷ്ട്രീയ സംഘടനകള്‍ അത്ര വളക്കൂറുള്ള മണ്ണാണെന്ന്‌ കരുതാത്ത സ്വകാര്യ നഴ്‌സിംങ്‌ മേഖലയില്‍ സ്വതന്ത്ര യൂണിയനുകള്‍ രൂപീകൃതമാകുകയും അവര്‍ അവകാശ സമരത്തിനായി നടത്തിയ പടയോട്ടം ജനകീയശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്‌തത്‌ അടുത്ത കാലത്തെ ഏറ്റവും ശ്രദ്ധേയമായ സമരചിത്രമായിരുന്നു.

പല ഹോസ്‌പിറ്റലുകള്‍ നല്‌കിയിരുന്ന നക്കാപ്പിച്ച ശമ്പളവും കഠിന ജോലിഭാരവും നഴ്‌സുമാര്‍ സഹിച്ചിരുന്നത്‌ വിദേശ രാജ്യങ്ങള്‍ എന്ന വാഗ്‌ദത്ത ഭൂമിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ കാരണമാണ്‌. എന്നാല്‍ പുതിയ തൊഴില്‍ സാഹചര്യങ്ങള്‍ വിദേശവസരങ്ങള്‍ കുറയുകയും നഴ്‌സുമാരുടെ എണ്ണം കൂടുകയും ചെയ്‌തതോടെ കേരളത്തിലെ അവസ്ഥ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി നഴ്‌സുമാര്‍ സമരത്തിനു മുന്‍പന്തിയില്‍ വന്നു. അവര്‍ യൂണിയനുകള്‍ രൂപീകരിച്ചപ്പോള്‍ അത്‌ തങ്ങളുടെ പോഷക സംഘടനയാക്കാമെന്ന്‌ പലരും വ്യാമോഹിക്കുകയും ചെയ്‌തു. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചതു പോലെയല്ല പോയത്‌.

അതോടെ ഈ സമരങ്ങളെ പ്രത്യക്ഷത്തില്‍ അനുകൂലിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ പരോക്ഷമായി നെഞ്ചിടിപ്പോടെയാണ്‌ ഈ സമരങ്ങളെ കണ്ടത്‌. തൊഴിലാളി യൂണിയന്റെ പേരില്‍ മാനേജ്‌മെന്റിനെ വരച്ചവരയില്‍ നിറുത്തുകയും രഹസ്യ ബാന്ധവത്തിലുടെ പണം വാരുകയും ചെയ്യുന്ന രീതി വ്യാപകമായിരുന്നു. ഇത്തരം യൂണിയനുകളുടെ 'യഥാര്‍ത്ഥ തൊഴിലാളി പ്രേമം' നാട്ടില്‍ പാട്ടാണ്‌. 

കേരളത്തിലെ പല ഹോസ്‌പിറ്റലുകളിലും സ്വതന്ത്ര സംഘടനകള്‍ ശക്തമായതോടെ മാനേജ്‌മെന്റ്‌ രാഷ്ട്രീയയൂണിയനുകളുടെയും മാനേജ്‌മെന്റിന്റെയും പൊതുശത്രുവായ ഈ സ്വതന്ത്ര യൂണിയനുകള്‍ക്കെതിരെ കൈ കോര്‍ത്തിരിക്കുകയാണ്‌.

മാനേജ്‌മെന്റ്‌ അതിനായി ഒരു പ്രത്യേക ഫണ്ടും രൂപീകരിച്ചു കഴിഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളും അവരോടൊപ്പം കൂടിയതോടെ ഈ സമരങ്ങളെ ഹൈജാക്ക്‌ ചെയ്യാന്‍ എളുപ്പത്തില്‍ മാനേജ്‌മെന്റിനു കഴിയുന്നു. സ്വതന്ത്ര യൂണിയനുകളുടെ സമരം പൊളിച്ചടുക്കുവാന്‍ ഈ പ്രത്യേക ഫണ്ട്‌ ഉപയോഗിക്കുകയാണ്‌. 

ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന്‌ കഴിഞ്ഞ ദിവസങ്ങളിടെ സംഭവങ്ങള്‍ തെളിയക്കുകയും ചെയ്യുന്നു. നഴ്‌സ്‌ സമരം നടക്കുന്ന തൃശൂര്‍ ജില്ലയില്‍ ഐഎന്‍ടിയുസി പ്രത്യക്ഷത്തില്‍ സമരത്തില്‍ നിന്ന്‌ പിന്മാറിയെന്നും അവര്‍ക്ക്‌ കാര്യങ്ങള്‍ ഇപ്പോള്‍ മനസിലായെന്നും പറയുന്നത്‌ മാനേജ്‌മെന്റ്‌ സംഘടനയാണ്‌. 

ഐഎന്‍ടിയുസിക്ക്‌ നിലവില്‍ അവിടെ യൂണിയന്‍ ഇല്ലായിരുന്നു. ഇപ്പോള്‍ അവിടെ ഒരു യൂണിയന്‍ രൂപീകരിക്കാന്‍ മാനേജ്‌മെന്റ്‌ അത്യാവശ്യം ഒത്താശ ചെയ്‌തു കൊടുത്തതായി പിന്നാമ്പുറ രഹസ്യം. ഈ ഹോസ്‌പിറ്റലില്‍ ആദ്യകാലത്ത്‌ സമരം ചെയ്‌ത നഴ്‌സുമാരെ പിരിച്ചു വിട്ട മാനേജ്‌മെന്റ്‌ നടപടിയെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്ന സിഐടിയുവും ബിഎംഎസുമൊന്നും മനസുകൊണ്ട്‌ ഈ സ്വതന്ത്ര നഴ്‌സിങ്‌ യൂണിയനുകള്‍ക്കൊപ്പമല്ലെന്ന്‌ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 

കഴിഞ്ഞ ദിവസം കണ്ണൂര്‍ സമരത്തില്‍ സംഭവിച്ചത്‌ അതിന്‌ ഉത്തമ ഉദാഹരണമാണ്‌. 6-6-12 എന്ന ഷിഫ്‌റ്റ്‌ വ്യവസ്ഥയുമായി ഏകദേശ ധാരണയില്‍ എത്തിയ ചര്‍ച്ച പൊളിയാന്‍ കാരണമായത്‌ ഒരിടത്തും കേട്ടു കേള്‍വിയില്ലാത്ത 5-5-14 മണിക്കൂര്‍ എന്ന ഷിഫ്‌റ്റ്‌ വ്യവസ്ഥ പ്രമുഖ യൂണിയനായ സിഐടിയു മുമ്പോട്ട്‌ വച്ചതാണ്‌. ഇതിനെതിരെ അതിശക്തമായ ആരോപണ പ്രത്യാരോപണങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ പൊടിപൊടിക്കുകുയം ചെയ്യുന്നു. 

കോതമംഗലം സമരത്തില്‍ നിന്ന്‌ ഭരണപക്ഷത്തെ പ്രമുഖ പാര്‍ട്ടികള്‍ വിട്ടു നിന്നത്‌ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതിനിടയില്‍ നഴ്‌സുമാര്‍ക്കു വേണ്ടി രൂപീകരിച്ച സ്വതന്ത്ര നഴ്‌സിംങ്‌ സംഘടന രണ്ടായി പിരിഞ്ഞ്‌ പരസ്‌പരം പാര പണിയുവാന്‍ തുടങ്ങിയതോടെ മാനേജ്‌മെന്റുകള്‍ക്കും ട്രേഡ്‌ യൂണിയനുകള്‍ക്കും കൂടുതല്‍ കരുത്തായി. മാനേജ്‌മെന്റുകളാകട്ടെ ഒത്തൊരുമയോടെയാണ്‌ നഴ്‌സുമാരുടെ സമരത്തെ നേരിടുന്നതും. 

മാനേജ്‌മെന്റുകള്‍ എന്ന പണം കായ്‌ക്കുന്ന മരങ്ങളുടെ ചുവട്ടില്‍ നിന്ന്‌ ശക്തമായ സംഘടന കെട്ടിപ്പടുക്കുവാന്‍ രാഷ്ട്രീയ സംഘടനകള്‍ മത്സരിച്ചു തുടങ്ങിയതോടെ പാവം നഴ്‌സുമാരുടെ അവകാശങ്ങള്‍ വെറും പാഴ്‌വാക്കായി മാറും. മാനേജ്‌മെന്റിനാവട്ടെ സ്വതന്ത്ര യൂണിനുകളെ കൈകാര്യം ചെയ്യുന്നതിലും വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത്‌ രാഷ്ട്രീയപാര്‍ട്ടികളുടെ യൂണിയനുകളെയാണ്‌ എന്നതാണ്‌ വാസ്‌തവം. 

സമരം നടത്തി മാനേജ്‌മെന്റിന്‌ അപ്രിയരായവര്‍ പടിക്കുപുറത്തു നില്‌ക്കേണ്ടി വരും. കോതമംഗലത്തും ലേക്ക്‌ഷോറിലും അമൃതയിലും സംഭവിച്ച സമരചരിത്രം രണ്ടാം ഭാഗം രചിക്കാതെ പോയ കഥയാണ്‌.