ഇ.എസ്. ജിജിമോള്‍
എന്തുകൊണ്ടാണ് ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്ന ദേശീയ രാഷ്ട്രീയ പാര്‍ട്ടിയെ കേരളത്തില്‍ ഇടതുപാളയത്തിനു പുറത്ത് നിറുത്തിയിരിക്കുന്നതെന്ന ചോദ്യം പലപ്പോഴും പല കോണുകളിലുമായി ഉയരാറുണ്ട്. കേരള രാഷ്ട്രീയത്തില്‍ അത്ര വേരുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചെറു പാര്‍ട്ടി മാത്രമാണ് എന്ന ആരോപണമാണ് ഫോര്‍വേര്‍ഡ് ബ്ലോക്കിനു നേരെ കേരളത്തിലെ ഇടതുപക്ഷം ഉന്നയിക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സോഷ്യലിസത്തെ വ്യാഖ്യാനിച്ച സുബാഷ് ചന്ദ്രബോസ് 1939-യിലാണ് ഫോര്‍വേര്‍ഡ് ബ്ലോക്കിനു രൂപം നല്‍കിയത് പാര്‍ട്ടി രൂപീകരിച്ച് രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് നേതാജിക്ക് നാടുവിടേണ്ടി വന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ തന്നെ മാറ്റിമറിക്കാന്‍ ഫോര്‍വേര്‍ഡ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനു സാധിക്കുമായിരുന്നു. ഇന്നത്തെ ഇന്ത്യന്‍ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ പ്രസക്തി അത്ര അപ്രധാനമല്ല. പിസി തോമസിന്റെ കേരള കോണ്‍ഗ്രസിനും കേന്ദ്രത്തില്‍ വലതുപക്ഷത്തു നില്ക്കുന്ന എന്‍സിപിക്കും കേരളത്തിലെ ഇടതു പക്ഷത്തു ചേക്കേറാനായിട്ടും എന്തുകൊണ്ട് ഫോര്വവേര്ഡ് ബ്ലോക്ക് കേരളത്തിലെ ഇടതുപക്ഷത്തിനു തൊട്ടുകൂടാത്തവരാകുന്നു. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പാര്‍ട്ടിയുടെ തൊഴിലാളി യൂണിയനായ ടിയുസിസി സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ എ.പി. അനില്‍ കുമാര്‍ ഗ്ലോബല്‍ മലയാളത്തോട് പങ്കുവയ്ക്കുന്നത്.
എന്തുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷത്തിലേയ്ക്ക് ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ പ്രവേശനം വൈകുന്നത് ? കേരളത്തിലെ ഇടതുപക്ഷം കാണിക്കുന്ന ഈ ചിറ്റമ്മനയം സഹിക്കാവുന്നതല്ല. ദേശീയതലത്തില്‍ പോയിട്ട് കേരളത്തില്‍ പോലും അത്ര വേരോട്ടമില്ലാത്ത പാര്‍ട്ടികള്‍ക്ക് ഇടതുപക്ഷത്ത് കേറിപ്പറ്റാനായി. കേരളത്തിലെ കേരള കോണ്‍ഗ്രസ് എന്ന് അവകാശപ്പെടുന്ന പി.സി തോമസിനെയും കേന്ദ്രത്തില്‍ വലതുപക്ഷത്തു നില്ക്കുന്ന എന്സിപിയെയുമാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഒരു കാര്യം തുറന്നു പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. പിസി തോമസിന്റെതും എന്‍സിപിയുടേതും ഇടതുപക്ഷത്തിലെ പേയ്മെന്റ് സീറ്റുകള്‍ തന്നെയാണ്. അവരുടെ ചരിത്രം നമുക്കറിയാം. എന്ത് രാഷ്ട്രീയ മര്യാദയാണ് ഈ പാര്‍ട്ടികള്‍ പാലിക്കുന്നത്. തികച്ചും അവസരവാദപരമാണിത്. വലതുപക്ഷ ചേരികളായ കോണ്‍ഗ്രസിനെയും ബിജെപിയെയും യാതൊരും മടിയും കൂടാതെ ഈ പാര്‍ട്ടികള്‍ പുല്കുന്നത് നാം സാക്ഷികളായിട്ടുള്ളതാണ്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വേണ്ടിയാണ് ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തിച്ചത്. എന്നിട്ടും ഫോര്‍വേര്‍ഡ് ബ്ലോക്കിന് എല്‍ഡിഎഫില്‍ പ്രവേശനമില്ല. അത് എന്തുകൊണ്ടാണ്?
ദേശീയ രാഷ്ടീയത്തിലെ ഇടതുപക്ഷത്തെ രണ്ടാമത്തെ കക്ഷിയാണ് ഞങ്ങള്‍. ഞങ്ങളുടെ തൊഴിലാളി യൂണിയനായ ടിയുസിസിക്ക് ദേശീയ തലത്തില്‍ ഏഴാം സ്ഥാനമുണ്ട്.
കേരളത്തിലെ മെമ്പര്‍ഷിപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ഫോര്‍വേര്‍ഡ് ബ്ലോക്കിന് അത്ര വലിയൊരു ജനകീയ പിന്തുണ അവകാശപ്പെടുവാന്‍ ഇല്ല എന്നത് വാസ്തവമാണ്. കണക്കുകള്‍ പ്രകാരം 4800 മെമ്പര്‍മാരാണ് പാര്‍ട്ടിയുടെ ആക്ടീവ് അംഗങ്ങള്‍. കൂടാതെ പോഷക സംഘടനാ അംഗങ്ങള്‍ 4000 വരും. പിന്തുണയ്ക്കുന്നവര്‍ അതിന്റെ ഇരട്ടി വരും. പാര്‍ട്ടിയുടെ തൊഴിലാളി യൂണിയന് 11 ലക്ഷം അംഗങ്ങളുണ്ട് കേരളത്തില്‍. ഇത് പാര്‍ട്ടിയുടെ രാഷ്ട്രീയ കണക്കുകള്‍.
എന്തുകൊണ്ടാണ് ഈ അവഗണനകള്‍ സഹിച്ച് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കണമെന്ന് വാശിപിടിക്കുന്നത്? പാര്‍ട്ടിയുടെ ചരിത്രം ഒന്നു പരിശോധിക്കാം. സിപിഐ പോലെയുള്ള കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ പോലും അടിയന്തരാവസ്ഥക്കാലത്ത് വലതുപക്ഷത്തോടൊപ്പമാണ് നിന്നത്. എന്നാല്‍ അന്നും സിപിഎമ്മിന് ഒപ്പം നിന്ന് വലതുപക്ഷ വിരുദ്ധപോരാട്ടം നയിച്ചത് ഫോര്‍വേര്‍ഡ് ബ്ലോക്കാണ്. പശ്ചിമ ബംഗാളില്‍ സിപിഐക്കാള്‍ വേരോട്ടം ഉള്ളത് ഫോര്‍വേര്‍ഡ് ബ്ലോക്കിനാണ്.
തമിഴ്നാട്ടില്‍ ഫോര്‍വേര്‍ഡ് ബ്ലോക്കിനു ഒരു എംഎല്‍എയുണ്ട്. പോണ്ടിച്ചേരിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഫോര്‍വേര്‍ഡ് ബ്ലോക്കിനു വേരോട്ടം ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഒരു വലതുപക്ഷ വിരുദ്ധ ശക്തിവളര്ന്നുവരേണ്ടിയിരിക്കുന്നു. അത് ഇടതു പക്ഷത്തിലൂടെ സാധ്യമാകുവെന്നാണ് ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ വിശ്വാസം.
സംസ്ഥാന പാര്‍ട്ടി സമ്മേളനം കോഴിക്കോട് നടക്കുവാന്‍ പോകുകയാണല്ലോ, ലോക്സഭാ തിരഞ്ഞെടുപ്പിനും അധിക ദൂരമില്ല. എന്താണ് അടുത്ത ലക്ഷ്യം? തീര്‍ച്ചയായും ഞങ്ങള്‍ വിചാരിച്ചാല്‍ ഇടതുമുന്നണിയെ ജയിപ്പിക്കാന്‍ ആവില്ല, പക്ഷേ തോല്‍പ്പിക്കാന്‍ സാധിക്കും. ഇടതു മുന്നണിക്ക് സ്വാധീനമുള്ള നാല്‍പ്പതിലധികം നിയമ സഭാമണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ വ്യക്തമായ സ്വാധീനം ചെലുത്തുവാന്‍ ഞങ്ങള്‍ക്ക് സാധ്യമാകും. ഒപ്പം പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഞങ്ങള്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.
ഇടതുപക്ഷ ഐക്യത്തെക്കുറിച്ച് ഇടതു മുന്നണിയ്ക്കുള്ളിലെ ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുന്നില്ലേ? സിപിഎം ഉള്‍പെടെയുള്ള പാര്‍ട്ടികള്‍ ഇടതുപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഐക്യം എത്രമാത്രം സാധ്യമാകും എന്നറിയില്ല. എങ്കിലും ഇടതുപക്ഷം ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.
സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കം പൂര്‍ത്തിയായോ?ഡിസംബര്‍ 7,8,9 തീയതികളിലായി കണ്ണൂരിലാണ് സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് അയ്യായിരം പേര് പങ്കെടുക്കുന്ന റാലിയാണ് ഞങ്ങള്‍ ഒരുക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയായിരിക്കും സമ്മേളനം നഗരി ഒരുക്കുക.