Breaking News

Trending right now:
Description
 
Apr 24, 2014

ഇന്ത്യയുടെ ആത്മാവിനെ തൊടാതെ വൈകാരിക കാര്‍ഡ്‌ ഇറക്കി മോഡിയും രാഹൂലും കളിക്കുമ്പോള്‍ ജനം എവിടെ നില്‍ക്കണം

image
കഴിഞ്ഞ ദിവസം രാഹൂലിനായി പ്രചരണത്തിനിറങ്ങിയ സോണിയ പറഞ്ഞത്‌ ഇന്ദിരാഗാന്ധി രാജീവ ്‌ഗാന്ധിയെ അമേഠിയായിലെ ജനങ്ങളെ ഏല്‌പ്പിച്ചപോലെ രാഹൂലിനെ ഞാന്‍ നിങ്ങളുടെ കയ്യില്‍ ഏല്‍പ്പിച്ചുവെന്നാണ്‌ 
നിങ്ങള്‍ നന്നായി എന്റെ കുഞ്ഞിനെ നോക്കി വളര്‍ത്തിയെന്നും അവനിതാ പ്രധാനമന്ത്രിയാകാന്‍ പോകുന്നുവെന്നുമാണ്‌ അമ്മയുടെ അഭിമാനപൂരിതമായ സ്വരം പറയുന്നത്‌. അനിയത്തി പ്രീയങ്കയും എത്തി ചായകുടിച്ചും ചിരിച്ചും അമേഠിക്കാരെ മയക്കാന്‍.
സമ്പന്ന കുടുംബത്തില്‍ പിറന്നവര്‍ ജോലിക്കാരോട്‌ ഇത്തിരി വാത്സല്യം കാണിച്ചാല്‍ പാവം ജോലിക്കാര്‍ വീണു പോവുകയും യജമാനനു വേണ്ടി എന്തും ചെയ്യാന്‍ തയാറാകുമെന്ന രാഷ്ട്രീയ തന്ത്രം നന്നായി പയറ്റിയാണ്‌ സോണിയജിയുടെ വൈകാരിക കാര്‍ഡ്‌ ഇത്തവണയും അമേഠിയായില്‍ ഇറക്കിയത്‌. അമേഠിയായില്‍ വികസനം എത്തിയോ ഇല്ലയോ എന്നത്‌ ഇവിടുത്തുക്കാര്‍ക്ക്‌ വിഷയമല്ല. കാരണം അവര്‍ക്ക്‌ ഭാവി പ്രധാനമന്ത്രിയുടെ മണ്ഡലം മാത്രമായാല്‍ മതി.

നരേന്ദ്രമോഡിയും കളിക്കുന്നത്‌ വൈകാരിക കാര്‍ഡു തന്നെയാണ്‌ ദേ അപ്പുറത്തെ വീട്ടുകാര്‍ എന്നെ ചായക്കടക്കാരന്‍ എന്നു വിളിച്ചില്ലേ എന്റെ അമ്മ വീട്ടുജോലിക്കാരിയായിരുന്നു. തുടങ്ങിയ തുറുപ്പുഗുലാനാണ്‌ മോഡിയും പയറ്റുന്നത്‌. കേട്ടാല്‍ പട്ടിണി പാവങ്ങള്‍ക്ക്‌ ഇത്തിരി ദണ്ണം തോന്നും. അതു വര്‍ക്ക്‌ ഔട്ടായാല്‍ ഒരു വികസന കുന്തവും വേണ്ട. ഇതൊക്കെ മതിയന്നേ ഇന്ത്യക്കാര്‍ക്ക്‌. കാരണം

ഇന്ത്യയിലെ സാധാരണക്കാര്‍ ഇത്തരം വൈകാരികമായ ഏറ്റുപറച്ചിലുകളില്‍ വീണുപോകുന്നവരാണ്‌. പണക്കാരന്റെ കുലീനമായ തൊഴിലാളികളോടുള്ള സമഭാവനയും പാവപ്പെട്ടവന്റെ ദുരിതങ്ങളുടെ കഥയിലും നാം ഒരേനിമിഷം ആകൃഷ്ടരാകുമ്പോള്‍ ഇന്ത്യന്‍ ജനതയ്‌ക്ക്‌ നഷ്ടമാകുക വിവേചന ബുദ്ധിയാവും. അതോടെ നല്ല ഭരണുപാടവവും ഇന്ത്യന്‍ പുരോഗതി സ്വപ്‌നം കാണാന്‍ കഴിയുന്ന നേതാക്കളും ഇത്തവണയും ലഭിക്കുമെന്നു പ്രതീക്ഷിക്കേണ്ട.