Breaking News

Trending right now:
Description
 
Apr 21, 2014

കേരളത്തിലെ വീട്ടുമാവുകളെ സംരക്ഷിച്ച് മാങ്ങ ഉത്പാദനം കൂട്ടണം: ടി.ആര്‍.എ

image

ആലപ്പുഴ: കേരളത്തിലെ വീട്ടുമാവുകളെ സംരക്ഷിച്ച് മാങ്ങയുടെ ഉത്പാദനം
പരമാവധി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ പദ്ധതി
ആവിഷ്‌ക്കരിക്കണമെന്ന് ആവശ്യമുയരുന്നു. അങ്ങനെയായാല്‍ സംസ്ഥാനത്ത്
ആവശ്യത്തിനുള്ള പുതുമാമ്പഴം ഓരോ സീസണിലും കേരളത്തിലെ വീട്ടു മാവുകളില്‍
നിന്നു തന്നെ ലഭ്യമാകും. ഇപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന്
എത്തിക്കുന്ന മാമ്പഴങ്ങള്‍ പഴുപ്പിക്കാന്‍ വിഷരാസവസ്തുക്കള്‍
ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഭീഷണിയാകുന്നതായി പരാതിയുണ്ട്.

പട്ടണപ്രദേശങ്ങളിലെ വീട്ടുമുറ്റങ്ങളില്‍ ഒറ്റയ്ക്കും പെട്ടയ്ക്കും
നില്ക്കുന്ന മാവുകളിലെ ഉത്പാദനം കുറയാതെയും നഷ്ടപ്പെടാതെയുമിരിക്കാന്‍
നാട്ടുകാരും സര്‍ക്കാരും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം
അതിക്രമിച്ചിരിക്കുകയാണെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍
(ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി.
ഏതാനും മാസങ്ങളിലേക്ക് ഭക്ഷ്യസമൃദ്ധിക്കു കാരണമാകുന്ന മാമ്പഴങ്ങള്‍
എത്രയും അധികം ഉത്പാദിപ്പിക്കുക എന്നതായിരിക്കണം എല്ലാവരുടേയും ലക്ഷ്യം.

മാമ്പഴം നശിപ്പിക്കുന്ന പുഴു, ഈച്ച, കീട ശല്യങ്ങള്‍ നിയന്ത്രണ
വിധേയമാക്കുന്നതിന് സംസ്ഥാന വ്യാപകമായി ബോധവത്കരണ നടപടികളും കീടനിയന്ത്രണ
പദ്ധതികളും ആരംഭിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ പലരും പുഴുക്കളെ
നശിപ്പിക്കുന്നതിന് അനിയന്ത്രിതമായി കീടനാശിനി പ്രയോഗം നടത്തുന്നതായും
സൂചനയുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ വിവേചനമില്ലാതെ വിഷവസ്തുക്കള്‍
ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും.
അതിനാല്‍ ജൈവമാര്‍ഗങ്ങള്‍ കൂടുതലായി പരീക്ഷിക്കണം. പക്ഷേ, ആധുനിക
കാലഘട്ടത്തില്‍ കീടനാശിനികള്‍ അപ്പാടെ ഉപേക്ഷിക്കാനും പെട്ടെന്ന് ആകില്ല.

താമസിക്കുന്ന വീടിനു ചുറ്റും അല്പം സ്ഥലമുണ്ടെങ്കില്‍ ഒരു മാവെങ്കിലും
വച്ചു പിടിപ്പിക്കാന്‍ താത്പര്യമുള്ളവരാണ് കേരളത്തിലെ പട്ടണവാസികള്‍.
വലിയ പരിചരണം കൊടുത്തില്ലെങ്കില്‍ പോലും അവ വളര്‍ന്നു ഫലം
നല്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. രോഗങ്ങളും കീടങ്ങളും
വന്‍തോതില്‍ ബാധിക്കുന്നു. വളം കൃത്യമായി നല്കിയില്ലെങ്കില്‍ ഉണക്കു
ബാധിക്കുന്നു. അതിനാല്‍ വര്‍ഷങ്ങളായി പരിപാലിച്ചു നിലനിര്‍ത്തുന്ന
മാവുകളില്‍ നിന്നുള്ള വിളവ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുത്തനേ
കുറയുകയാണ്.

കേരളത്തില്‍ ധാരാളം മാവുകള്‍ വീട്ടുവളപ്പുകളിലും തോട്ടങ്ങളിലും
ഉണ്ടെങ്കിലും കീടശല്യം മൂലം മാങ്ങ വിളവെത്താതെ നശിക്കുകയും വിളവെത്തുന്നവ
പുഴുശല്യം മൂലം ഉപയോഗശൂന്യമാകുകയും മാവുകള്‍ തന്നെ ഉണങ്ങിപ്പോകുകയും
ചെയ്യുന്നത് അത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല. കഴിഞ്ഞ എല്ലാ സീസണിലും
ഇത് ആവര്‍ത്തിക്കുന്നു. ഒരു കാലഘട്ടത്തിനുള്ള ഭക്ഷണവും വില്ക്കാനുള്ള
മാമ്പഴവുമാണ് ഇതുമൂലം നഷ്ടമാകുന്നത്.

മാവിന്റെ എല്ലാ വളര്‍ച്ചാഘട്ടങ്ങളിലും രോഗങ്ങളും കീടശല്യവും ക്രമഭംഗവും
ഉണ്ടാകാം. എന്നാല്‍ ഇവയ്‌ക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
നടത്താന്‍ പട്ടണവാസികള്‍ക്ക്് അവരുടെ പരിമിതിക്കുള്ളില്‍
ഒറ്റയ്‌ക്കൊറ്റയ്ക്ക് സാധിച്ചെന്നു വരികില്ല. വളര്‍ന്നു വലുതായ
വൃക്ഷങ്ങളില്‍ കീടനാശിനി തളിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ വിവിധ
ബുദ്ധിമുട്ടുകളാല്‍ സാധാരണ നടക്കാറില്ല. കീടബാധയ്ക്കും പ്രാണികള്‍ക്കും
എതിരേ ഒരു പ്രദേശമാകെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി
നടത്തിയില്ലെങ്കില്‍ അതു ഫലവത്താകുകയുമില്ല. അങ്ങനെ തീവ്രമായ നടപടികള്‍
സ്വീകരിച്ചാലേ മാങ്ങ കേടുകൂടാതെ വിളവെടുക്കാനാകൂ.

അങ്ങനെയിരിക്കെയാണ് കേരളത്തിലെ വീട്ടുമാവുകളെ സംരക്ഷിച്ചു
പുഷ്ടിപ്പെടുത്തി സീസണുകളില്‍ മാങ്ങാപ്രളയം ഉണ്ടാക്കാന്‍ സര്‍ക്കാര്‍
മുന്നിട്ടിറങ്ങണമെന്ന ആവശ്യത്തിന്റെ പ്രാധാന്യം. അതു വളരെ ചെലവു കുറഞ്ഞ
രീതിയില്‍ വ്യാപകമായി നടത്താവുന്നതേയുള്ളു. അതിനുള്ള ഭൗതിക സാഹചര്യം
ഒരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റസിഡന്റ്‌സ്
അസോസിയേഷനുകള്‍ക്കുമാകും. കാര്‍ഷിക സര്‍വകലാശാല ഇക്കാര്യത്തില്‍
പിന്നോട്ടു പോകാതെ നൂതനവിദ്യകള്‍ അവതരിപ്പിക്കുകയും വേണം. എന്നാല്‍
നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ പലവര്‍ഷങ്ങളായി ഇതൊന്നും അധികൃതര്‍
ശ്രദ്ധിക്കുന്നില്ല. മാങ്ങ പോലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വരാന്‍
കാത്തിരിക്കുന്നു. ഇതേസമയം, മറ്റു ചില സംസ്ഥാനങ്ങളാകട്ടെ മികച്ചയിനം
മാമ്പഴങ്ങള്‍ വന്‍തോതില്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത്
വിദേശനാണ്യം സമ്പാദിക്കുന്നു.

ഇക്കാര്യം അധികൃതര്‍ അറിഞ്ഞിട്ടില്ലെന്നു പറഞ്ഞു കൈയൊഴിയാനാകില്ല. കഴിഞ്ഞ
കുറേ വര്‍ഷങ്ങളായി ബന്ധപ്പെട്ടവര്‍ക്ക് ഈ വിഷയം സൂചിപ്പിച്ചുള്ള
കത്തുകള്‍ ആവര്‍ത്തിച്ച് അയച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രി, കൃഷി
വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, കൃഷി
ഡയറക്ടര്‍ തുടങ്ങിവര്‍ക്കും സര്‍വകലാശാലയ്ക്കും ബന്ധപ്പെട്ട മറ്റ്
ഉദ്യോഗസ്ഥര്‍ക്കും വിവരം കൈമാറിയിട്ടുണ്ട്. പക്ഷേ ആരും
പ്രതികരിച്ചിട്ടില്ല. കാര്‍ഷിക സര്‍വകലാശാല, കൃഷിഭവന്‍ അധികൃതര്‍ പോലും
നിസംഗതാ മനോഭാവം കാട്ടുന്നതാണ് കൂടുതല്‍ ഖേദകരം. സംസ്ഥാനത്തെ സംബന്ധിച്ച്
നിസ്സാരമല്ല ഈ കാര്യം. കേരളത്തിലെ ഫലവൃക്ഷങ്ങളില്‍ നിന്ന് ഏറ്റവും
മികച്ചതായ ഉത്പാദനമുണ്ടാക്കാന്‍ പൊതുജനങ്ങളെ സഹായിക്കേണ്ട ചുമതല
ഭരണകര്‍ത്താക്കള്‍ക്കുണ്ട്.

സംസ്ഥാനത്തൊട്ടാകെ വിവിധയിനം മാവുകളില്‍ കാണുന്ന കീട-രോഗ ബാധയ്‌ക്കെതിരേ
ഫലപ്രദമായ നടപടി സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണം. മാമ്പൂക്കള്‍ മാങ്ങയായി
മാറിയതിനാല്‍ ഈ സീസണിലും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാകില്ല. അടുത്ത
വര്‍ഷം മുതലെങ്കിലും മുന്‍കൂട്ടി മുന്‍കരുതല്‍ നടപടികള്‍
സ്വീകരിക്കുകയാണ് വൈകിയ വേളയിലാണെങ്കിലും ഒരു ജനാഭിമുഖ്യ സര്‍ക്കാര്‍
ചെയ്യേണ്ടത്. അതിനായി വര്‍ഷം തോറും ആവര്‍ത്തിക്കേണ്ട കര്‍മ്മപദ്ധതി
ആവിഷ്‌ക്കരിക്കണമെന്നു ടി.ആര്‍.എ ആവശ്യപ്പെട്ടു.

കേരളീയര്‍ക്ക് സീസണില്‍ ആവശ്യാനുസരണം ഭക്ഷിക്കാനും കൂടാതെ ശേഖരിച്ച്
മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും നല്ല തോതില്‍ കയറ്റി
അയക്കുന്നതിനും തക്ക വിളവ് സംസ്ഥാനത്ത് ഉണ്ടാകുമെന്ന കാര്യത്തില്‍
സംശയമില്ല. മാങ്ങ പുഴു തിന്ന് നശിക്കാതെ വിളവെടുത്ത്
പഴുപ്പിക്കുന്നതിനാവശ്യമായ ശാസ്ത്രീയമായ നടപടികളാണ് സര്‍ക്കാര്‍തലത്തില്‍
എത്രയും വേഗം ഉണ്ടാകേണ്ടത്. വീട്ടുവളപ്പുകളില്‍ വളരുന്ന മാവുകളെ കൈവിടാതെ
സംരക്ഷണം നല്കാന്‍ ഉതകുന്ന നടപടികളും ആവശ്യമാണ്.

കുറഞ്ഞപക്ഷം മാമ്പഴയീച്ച കെണിയെങ്കിലും കുറഞ്ഞവിലയ്ക്ക് എല്ലായിടത്തും
എല്ലാ സീസണിലും വില്ക്കാന്‍ സര്‍ക്കാരിനാകുമെന്നു ടി.ആര്‍.എ
സൂചിപ്പിച്ചു. പൊതുവിപണിയില്‍ 250 രൂപ വില വരുന്ന കെണിക്ക് സര്‍ക്കാര്‍
വിചാരിച്ചാല്‍ അതിന്റെ അഞ്ചിലൊന്നിനു താഴയേ വിലവരൂ. ഗന്ധകം പുകച്ചു
കീടങ്ങളെ അകറ്റുക തുടങ്ങിയ നാടന്‍ വിദ്യകളും റസിഡന്റസ്
അസോസിയേഷനുകള്‍ക്കു പരീക്ഷിക്കാം.