Breaking News

Trending right now:
Description
 
Nov 12, 2012

കുവൈറ്റില്‍ നിന്നു മടങ്ങാന്‍ അക്‌ബര്‍ ഷാ കനിവു തേടുന്നു

image 51 കാരനായ അക്‌ബര്‍ ഷായ്‌ക്ക്‌ സ്വന്തം നാട്ടിലേയ്‌ക്ക്‌ മടങ്ങണമെന്നുണ്ട്‌. പക്ഷേ തന്റെ ദുരവസ്ഥ വിവരിക്കാന്‍ ഇയാള്‍ക്ക്‌ ഉച്ഛരിക്കാന്‍ കഴിയുന്നത്‌ ഒരേ ഒരുവാക്ക്‌ 'ഓക്കെ', മസ്‌തിഷ്‌കാഘാതത്തെ തുടര്‍ന്ന്‌ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു വീണ അക്‌ബര്‍ ഷാ ഹോസ്‌പ്‌ിറ്റലില്‍ കരുണയ്‌ക്കായി കേഴുകയാണ്‌. 

ഏഴുവര്‍ഷം മുമ്പ്‌ കുവൈറ്റിലെ ഒരു ഷോപ്പില്‍ പണിയ്‌ക്ക്‌ എത്തിയതാണ്‌ അക്‌ബര്‍ ഷാ. കോടതി വിധിയെ തുടര്‍ന്ന്‌ സ്‌പോണ്‍സറായ കുവൈറ്റി കട പൂട്ടിയതോടെ ഇദ്ദേഹത്തിന്റെ തൊഴില്‍ നഷ്ടമായി. കഴിഞ്ഞ ആറുമാസമായി തൊഴില്‍ ഇല്ലാതെ അന്യനാട്ടില്‍ കഷ്ടപ്പെടുന്ന അക്‌ബറിനെ സ്‌പോണ്‍സറായ കുവൈറ്റി മറ്റു തൊഴില്‍ തേടുവാന്‍ അനുവദിച്ചില്ല. നാട്ടിലേയ്‌ക്ക്‌ മടങ്ങി പോകാന്‍ പാസ്‌പോര്‍ട്ടും തിരികെ തരാന്‍ തയാറാകാതെ വന്നതോടെ ദുരിതത്തില്‍ കഴിയുകയായിരുന്ന അക്‌ബറിനെ കഴിഞ്ഞ ദിവസം താമസസ്ഥലത്തും നിന്നും സ്‌പോണ്‍സര്‍ പുറത്താക്കിയിരുന്നു. ഈ വാര്‍ത്ത അറിഞ്ഞ്‌ തളര്‍ന്ന്‌ വീണ അക്‌ബറിന്‌ മസ്‌തിഷ്‌കാഘാതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരികരിച്ചു. 

കുവൈറ്റില്‍ മറ്റു ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത അക്‌ബറിന്‌ ആകെയുള്ള ഒരു പരിചയക്കാരന്‍ കുവൈറ്റിലെ ഒരു റെസ്റ്റോറന്റില്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ചാവക്കാട്‌ സ്വദേശിയായ അക്‌ബര്‍ മാത്രമാണ്‌. ഇയാള്‍ എല്ലാ ദിവസവും ഹോസ്‌പിറ്റലില്‍ അക്‌ബറിനെ സന്ദര്‍ശിക്കുന്നുണ്ട്‌.

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സ്വദേശിയായ ഇദ്ദേഹത്തിന്‌ സ്വന്തമായൊരു കിടപ്പാടം പോലും ഇല്ല. ഭാര്യയും ഒന്‍പതും പന്ത്രണ്ടും വയസുള്ള രണ്ടു കുട്ടികളുമടങ്ങിയ കുടുംബം എവിടെ സഹായം തേടണമെന്നറിയാതെ നിസഹായതോടെ കേഴുകയാണ്‌ സുമനസുകളുടെ കരുണയ്‌ക്കായി. ഭര്‍ത്താവിനു തൊഴില്‍ നഷ്ടപ്പെട്ടതോെട വാടകയ്‌ക്കും വീട്ടു ചിലവിനു വഴിയില്ലാതെയായ ഈ കുടുംബം ഒന്നു മാത്രമേ പ്രാര്‍ത്ഥിക്കുന്നുള്ളു. തന്റെ ഭര്‍ത്താവിനെ എങ്ങനെയെങ്കിലും നാട്ടില്‍ എത്തിച്ചാല്‍ മതി.
അന്യ നാട്ടില്‍ ദുരിതത്തില്‍ കഴിയുന്ന ഇദ്ദേഹത്തെ സഹായിക്കാന്‍ തയാറുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കബീറിന്റെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക 50663246
കേരളത്തിലെ വിലാസം

അഹ്മാന്‍ ഖാന്‍ അക്‌ബര്‍ഷാ, ജാമല്‍ മന്‍സില്‍,നിയര്‍ പിഎച്ച്‌ സെന്റര്‍, വിഴിഞ്ഞം,തിരുവനന്തപുരം,
അക്കൗണ്ട്‌ നമ്പര്‍

സലോജ എന്‍,67171179675

എസ്‌ബിടി ബ്രഹ്മപുരം ബ്രാഞ്ച്‌, തിരുവനന്തപുരം ഫോണ്‍ നമ്പര്‍ 9895894063