Breaking News

Trending right now:
Description
 
Nov 12, 2012

മരണത്തെ ഭയക്കാതെ രശ്‌മി അനിശ്ചിതകാല നിരാഹാരത്തില്‍

image "ഞാന്‍ ചെയ്‌ത തെറ്റ്‌ എന്താണ്‌? സംഘടിക്കുന്നത്‌ തെറ്റാണോ? ഞങ്ങള്‍ക്ക്‌ വേണ്ടി സംസാരിക്കാന്‍ ഇവിടെ സ്‌ത്രീ സംഘടനകള്‍ ഇല്ലേ, വനിതാ നേതാക്കള്‍ ഇല്ലേ?" മദര്‍ ഹോസ്‌പിറ്റലില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങിയ ടി. രശ്‌മി ചോദിക്കുന്നു. 

"ഇനി ഞാനീ ഹോസ്‌പിറ്റല്‍ വിട്ടിനി ഒരിടത്തേയ്‌ക്കുമില്ല. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലെങ്കില്‍ മരണം വരെയും ഞാന്‍ നിരാഹാരമിരിക്കും," മരണത്തപ്പോലും ഭയക്കാത്ത ഒരു പോരാളിയുടെ ഉറച്ച സ്വരമാണ്‌ രശ്‌മിയുടേത്‌. എങ്കിലും താന്‍ നേരിട്ട ദുരന്തങ്ങള്‍ ഓരോന്നായി പറയുമ്പോള്‍ രശ്‌മി പൊട്ടിക്കരഞ്ഞുപോയി. 

മദര്‍ ഹോസ്‌പിറ്റലില്‍ പത്തുവര്‍ഷമായി ജോലി ചെയ്യുന്ന നഴ്‌സാണ്‌ രശ്‌മി. ഹോസ്‌പിറ്റലിലെ ഹെഡ്‌ നേഴ്‌സായിരുന്ന രശ്‌മിക്ക്‌ ഐസിയു നൈറ്റ്‌ സൂപ്പര്‍വൈസര്‍ ചാര്‍ജും ഉണ്ടായിരുന്നു. എന്നിട്ടും കിട്ടിയിരുന്നത്‌ വെറും 7200 രൂപ. കഴിഞ്ഞ വര്‍ഷം യുഎന്‍എയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന്റെ മുന്‍പന്തിയില്‍ തന്നെ രശ്‌മിയും ഉണ്ടായിരുന്നു. സമരത്തെ തുടര്‍ന്ന്‌ ശമ്പളം 9400 ആയി വര്‍ധിപ്പിക്കുവാന്‍ മാനേജ്‌മെന്റ്‌ നിര്‍ബന്ധിതരായി. സമരം നടത്തിയതില്‍ പക പൂണ്ട മാനേജ്‌മെന്റ്‌ അവസരത്തിനായി കാത്തിരുന്നു. 

ഷഫ്‌ളിങ്‌ എന്ന പേരില്‍ സമര നേതാക്കളെ അങ്ങോട്ടും ഇങ്ങോട്ടും തട്ടുവാന്‍ തുടങ്ങിയപ്പോള്‍ രശ്‌മിയടക്കമുള്ളവര്‍ വീണ്ടും പ്രതികരിച്ചു. മാനേജ്‌മെന്റ്‌ നടത്തിയ പീഡനങ്ങള്‍ വനിതാ നഴ്‌സുമാര്‍ മാനഭിമാനങ്ങള്‍ കാരണം പുറത്തു പറയാന്‍ പലപ്പോഴും മടിച്ചു. നഴ്‌സിങ്‌്‌ സംഘടന രൂപീകരിച്ചപ്പോള്‍ രശ്‌മിയെപ്പോലെയുള്ളവരാണ്‌ ഏറെ സന്തോഷിച്ചത്‌. 

"എല്ലാവരെയും പോലെ വിദേശത്തു പോയി രക്ഷപ്പെടണമെന്ന്‌ എനിക്ക്‌ ആഗ്രഹമില്ലാഞ്ഞിട്ടില്ല, പക്ഷേ, എന്റെ വീട്ടിലെ സാഹചര്യങ്ങള്‍ അതിനനുകൂലമല്ല, എന്റെ കുഞ്ഞുങ്ങള്‍ ഇരട്ടകളാണ്‌. ആദ്യം സാഹചര്യം വന്നെങ്കിലും പോകാന്‍ കഴിഞ്ഞില്ല. വൃദ്ധരായ മാതാപിതാക്കള്‍ രോഗികളായി ഹോസ്‌പിറ്റലില്‍ ആയി. അപ്പോഴാണ്‌ എന്റെ മകനു സ്‌കൂളില്‍ വച്ച്‌ ഒരപകടം സംഭവിച്ചത്‌. ഏതോ കുട്ടി കല്ലെടുത്ത്‌ എറിഞ്ഞത്‌ മോന്റെ കണ്ണില്‍ കൊണ്ടു കാഴ്‌ച തന്നെ നഷ്ടപ്പെട്ടു സര്‍ജറി കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും കണ്ണില്‍ പഴുപ്പുണ്ടായി. പാതി കാഴ്‌ച അടഞ്ഞ കുട്ടിയുടെ ചികിത്സയ്‌ക്ക്‌ ഞാന്‍ കൂടെവേണം. ഭര്‍ത്താവിന്‌ ഈ അടുത്തകാലത്തായി അടിയന്തര സര്‍ജറി വേണ്ടി വന്നു. ഞാന്‍ നാട്ടില്‍ ഉണ്ടാവണം. ജോലി എനിക്ക്‌ കൂടിയേ തീരൂ. ഒട്ടക പക്ഷിയെപ്പോലെയാണ്‌ ഞാന്‍, എനിക്ക്‌ ചിറകുണ്ടങ്കിലും പറക്കാന്‍ ആവില്ല."

പക്ഷേ രശ്‌മിയുടെ നിലവിളി പതിക്കേണ്ട കാതുകളില്‍ പതിച്ചിട്ടില്ല. സമരം ചെയ്‌തുവെന്ന്‌ ആരോപിച്ചാണ്‌ മാനേജ്‌മെന്റ്‌ എന്നെ പിരിച്ചുവിട്ടത്‌. പത്തു വര്‍ഷത്തോളമായി ഞാനീ ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്നു, ഇന്ന്‌ ഞാന്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണം സ്വഭാവഹത്യവരെയാണ്‌. പറഞ്ഞു വിടുന്നതിന്‌ മാനേജ്‌മെന്റ്‌ പറഞ്ഞ കാരണം നിങ്ങള്‍ സമരം ചെയ്‌തുവെന്നും സംഘടിച്ചുവെന്നുമാണ്‌. വയ്യ ഇനി മരണമെങ്കില്‍ മരണം, വേദനകളില്‍ പതറിയ ഒരു സ്‌ത്രീയുടെ നിസഹായമായ തേങ്ങലല്ല രശ്‌മിയുടേത.്‌