Breaking News

Trending right now:
Description
 
Nov 12, 2012

സ്‌നേഹത്തിന്റെ തേര്‌, സൗഹൃദത്തിന്റെ കുതിരകള്‍

image ആരും മറന്നു പോകുന്ന 
ചില ചെറിയ കാര്യങ്ങള്‍

കേരളത്തിലെ അതിപ്രശസ്‌തമായ നമ്പൂതിരി ഇല്ലങ്ങളിലൊന്നാണ്‌ പൂമുള്ളി മന. ആയൂര്‍വേദവും കളരിയും മുതല്‍ ഗജചികിത്സയ്‌ക്കു വരെ പേരുകേട്ട വിശാരദന്മാരുടെ തറവാടാണിത്‌. ഈ മനയുടെ ഒരു ഭാഗത്ത്‌ ആരോ കയറി താമസിച്ചിട്ട്‌ വീട്ടിലുള്ളവര്‍ അറിഞ്ഞില്ലെന്നൊരു വര്‍ത്തമാനം നാട്ടില്‍ പരന്നിരുന്നു. പൂമുള്ളിയുടെ വലിപ്പം കാണിക്കാന്‍ ഈ കഥ മതിയായിരുന്നു. പതിനായിരക്കണക്കിന്‌ ചതുരശ്രഅടി വലിപ്പമുള്ള എട്ടുകെട്ടുകളും പതിനാറുകെട്ടുകളും, പുറമേ പത്തായപ്പുരകളുമുള്ള പഴയ നമ്പൂതിരി ഇല്ലങ്ങളുടെ കാര്യത്തില്‍ ഇത്‌ തെല്ലും അതിശയോക്തി ആയിരിക്കില്ല. 

എന്നാല്‍ ഇന്ന്‌ ആയിരം ചതുരശ്ര അടിയില്‍ ഒതുങ്ങുന്ന ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍പോലും പരസ്‌പരം കാണുന്നില്ല. തമ്മില്‍ മിണ്ടുന്നില്ല. 

തമ്മില്‍ കണ്ടൊന്നു മിണ്ടാന്‍തന്നെ സമയമില്ല പലര്‍ക്കും. കൊച്ചുകുട്ടികള്‍ മുതല്‍ വീട്ടിലെ എല്ലാവര്‍ക്കും തിരക്കാണ്‌. മക്കള്‍ക്ക്‌ സ്‌കൂളില്‍ കൃത്യസമയത്തു പോകണമെങ്കില്‍ അതിരാവിലെ എഴുന്നേറ്റേ പറ്റൂ. അതിനുമുമ്പേ അച്ഛനും അമ്മയും ഉണര്‍ന്നിരിക്കും. പിന്നെ ഒരു കൂട്ടപ്പൊരിച്ചില്‍ ആണ്‌. ബാത്‌റൂമില്‍ പോക്കു മുതല്‍ പ്രഭാതഭക്ഷണം വരെ മിനിറ്റുകള്‍ക്കുള്ളില്‍ തീര്‍ത്തുവേണം സ്‌കൂള്‍ വാനിലും വണ്ടിയിലും കയറാന്‍. 

സ്വന്തം കാറിലോ മെട്രോയിലോ പാഞ്ഞുപോകേണ്ടവര്‍ക്ക്‌ തിരിഞ്ഞുനോക്കാന്‍ സമയമില്ല. ഓഫീസിലേക്കു കയറിയാല്‍ പിന്നെ പുറംലോകത്തേക്കുറിച്ച്‌ ചിന്തിക്കാന്‍തന്നെ പലര്‍ക്കും കഴിയുന്നില്ല. ഡെഡ്‌ലൈന്‍ എന്ന വാള്‍ തലക്കുമീതേ തൂങ്ങിക്കിടക്കുമ്പോള്‍ മറ്റു കാര്യങ്ങള്‍ ചിന്തിക്കുന്നത്‌ എങ്ങനെ?

ഈ തിരക്കുകള്‍ക്കിടയില്‍ വ്യക്തിബന്ധങ്ങള്‍ മുറിഞ്ഞുവീഴുന്നതില്‍ അത്ഭുതമില്ല.

പണ്ടൊക്കെ ഒരു വാര്‍ത്ത പുറംലോകം അറിയാന്‍ ദിവസങ്ങള്‍ എടുത്തിരുന്നു. ടൈറ്റാനിക്‌ മുങ്ങിയതും, ജപ്പാനില്‍ അണുബോംബ്‌ ഇട്ടതും ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതും ലോകമറിയാന്‍ സമയമെടുത്തു. 

എന്നാല്‍ ഇന്നു കാര്യങ്ങള്‍ മാറി. സെക്കന്റുകള്‍ക്കുള്ളില്‍ ലോകമെങ്ങും ഒരു വാര്‍ത്ത എത്തും. മനുഷ്യജീവിതം ഇതേ മട്ടില്‍ മാറിമറിഞ്ഞു. തിരക്കുകളുടെ ലോകമാണിന്ന്‌. സൂപ്പര്‍സോണിക്‌ യുഗം. ലോകം ഒരു മൊബൈല്‍ സ്‌ക്രീനിലേക്കോ ഒരു ടാബ്‌ലറ്റ്‌ പിസിയിലേക്കോ ചുരുങ്ങിയിരിക്കുന്നു. ചാറ്റിലും ട്വീറ്റിലും പോസ്‌റ്റിലും ആണ്‌ ലോകബന്ധങ്ങള്‍.

പണ്ടൊക്കെ കത്തുകള്‍ക്കായി ആളുകള്‍ കാത്തിരിക്കുമായിരുന്നു. പോസ്‌റ്റ്‌മാന്‍ ഓരോ ദിവസവും കൊണ്ടുതന്നിരുന്നത്‌ അളവുകളില്ലാത്ത സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും അക്ഷരഖനികളായിരുന്നു. ആഴ്‌ചകള്‍ കാത്തിരുന്നു കിട്ടുന്ന കത്തുകള്‍ക്ക്‌ മടക്കത്തപാലില്‍തന്നെ മറുപടി അയയ്‌ക്കാന്‍ എന്തൊരു ഉത്സാഹമായിരുന്നു. നീലനിറത്തിലെ ഇന്‍ലന്‍ഡിലും ആര്‍ക്കും കാണാവുന്ന തുറന്ന കത്തായ കാര്‍ഡിലും കൂട്ടുകെട്ടുകള്‍ പുത്തുലഞ്ഞിരുന്നു. 

ഇന്ന്‌ വിനിമയങ്ങള്‍ക്ക്‌ ആഴ്‌ചകളുടെ അകലമില്ല. മറുപടികള്‍ക്കായി സെക്കന്‍ഡുകളുടെ പോലും ദൂരവുമില്ല. നേരില്‍ കണ്ടും ചിരിച്ചും സംസാരിക്കാനുളള സൗകര്യങ്ങളായി. എന്നിട്ടും ഇന്ന്‌ സൗഹൃദങ്ങളുടെ ആഴം കുറയുന്നുവെന്നത്‌ സത്യമല്ലേ? 

പരസ്‌പരം കാണാനും മിണ്ടാനും സമയമില്ലാത്തപ്പോള്‍ ഇത്‌ സ്വാഭാവികമാണ്‌. അതിനപ്പുറം തൊട്ടയല്‍പക്കക്കാരനെ പോലും അടുത്തറിയാത്തത്ര അപരിചിതത്വം വളരുന്നു. തമ്മിലൊന്നു മിണ്ടാതെ ഒരു കൂരയ്‌ക്കു കീഴില്‍ ജീവിക്കുന്ന ദമ്പതികളുടെ എണ്ണം കൂടി വരികയാണെന്നാണ്‌ കണക്കുകള്‍. വെറും യാന്ത്രികമായി മാത്രം സംസാരിക്കുകയും ഔദ്യോഗികമായൊരു കരാറിന്റെ പിന്‍ബലത്തില്‍ ജീവിതം ഉന്തിനീക്കുകയും ചെയ്യുന്നവരും വര്‍ദ്ധിച്ചുവരുന്നു. 

ഇതിനൊരു മാറ്റം വരുത്താന്‍ നമുക്കു കഴിയും. ഫെയ്‌സ്‌ബുക്കിലെ വഷളന്‍ പോസ്‌റ്റുകളിലൂടെ പരതുന്ന നേരത്തെ പഴയൊരു സൗഹൃദത്തെ ഓര്‍ത്തെടുത്ത്‌ ഒരു മെയില്‍ അയയ്‌ക്കാം. അല്ലെങ്കില്‍ ഒന്നോ രണ്ടോ മിനിട്ടില്‍ ഒതുങ്ങുന്ന ഒരു ഫോണ്‍ വിളി. അതിന്റെ പേരില്‍ നിങ്ങളുടെ തിരക്കിട്ട ജീവിതത്തിന്റെ താളംതെറ്റില്ല. 

സമയമില്ല എന്നതിന്റെ പേരില്‍ ഇത്തരം കൂട്ടുകെട്ടുകളെ തള്ളിക്കളയുകയും വേണ്ട. ദിവസം പത്തു മിനിട്ടില്‍ താഴെ മതി ഇതിനായി നീക്കിവയ്‌ക്കുന്ന സമയം. അതുമതി പല പഴയ കണ്ണികളെയും വിളക്കിച്ചേര്‍ക്കാന്‍. 

ദാമ്പത്യത്തിന്റെ വിശുദ്ധബന്ധത്തെ ഈഗോയുടെ പേരില്‍, കൊച്ചുപിടിവാശികളുടെ പേരില്‍ തച്ചുടയ്‌ക്കേണ്ടതുണ്ടോ? ഒന്നുമിണ്ടാനാവാതെ കാഞ്ചനക്കൂട്ടിലെന്ന പോലെ കഴിയേണ്ടവരാണോ ഇണകള്‍?

പ്രഫഷണല്‍ തിരക്കുകളുടെ പേരില്‍ ജീവിതത്തിലെ ഇനിയൊരിക്കലും മടങ്ങിവരാത്ത മനോഹര സായാഹ്നങ്ങളെ എന്നന്നേയ്‌ക്കുമായി ഇല്ലാതാക്കണോ? ഓര്‍ത്തു നോക്കൂ. രാവുകള്‍ പകലാക്കി കിട്ടുന്ന പണംകൊണ്ട്‌ വായ്‌പകള്‍ അടഞ്ഞു തീരുന്നതിനൊപ്പം ജീവിതവും കത്തിത്തീരുകയാണെന്നത്‌ ഓര്‍ത്തുവയ്‌ക്കുക. 

ഈ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ എന്താണ്‌ വഴിയെന്ന്‌ ഇന്നു മുതല്‍ ചിന്തിച്ചുനോക്കൂ. പരസ്‌പരം മിണ്ടാത്തവര്‍ മിണ്ടിത്തുടങ്ങട്ടെ. കാണാത്തവര്‍ കണ്ടുതുടങ്ങട്ടെ. സംസാരിക്കുന്നവര്‍ കൂടുതല്‍ നേരം കണ്ണുകളില്‍നോക്കി സംസാരിക്കട്ടെ. അങ്ങനെയങ്ങനെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരായിരം പൂവുകള്‍ നമുക്കു ചുറ്റും വിടരട്ടെ... ഈ ലോകംതന്നെ മാറിമറിയട്ടെ... 

നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കുക: globalmalayalam@gmail.com