Breaking News

Trending right now:
Description
 
Apr 07, 2014

ചൊരിമണലില്‍ പൊന്നു വിളയിച്ച്‌ സെന്റ്‌ മൈക്കിള്‍സ്‌

image ചൊരിമണലില്‍ പാവലും പയറും വാഴയും കശുമാവും കൃഷി ചെയ്‌തു ഹരിത വര്‍ണ്ണം ചാര്‍ത്തി കൃഷി വിജയത്തിന്റെ വെന്നികൊടി ചാര്‍ത്തി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സെന്റ്‌ മൈക്കിള്‍ കോളേജ്‌ കേരളത്തിന്‌ മുഴുവനും മാതൃകയാകുന്നത്‌.

വളക്കൂറുള്ള മണ്ണില്‍ പോലും കൃഷി ചെയ്യാതിരിക്കാന്‍ കാരണങ്ങല്‍ കണ്ടെത്തി ഒഴിവു കഴിവു പറയുമ്പോഴാണ്‌ ചേര്‍ത്തല സെന്റ്‌ മൈക്കിള്‍സ്‌ പൊന്നുപോലെ പരന്നു കിടക്കുന്ന മണലാരിണ്യത്തില്‍ മനസുണ്ടെങ്കില്‍ കൃഷി ചെയ്യാമെന്നു തെളിയിച്ചിരിക്കുന്നത്‌. കോളെജിലെ ഏകദേശം 10 ഏക്കര്‍ സ്ഥലത്ത്‌ പാവല്‍, പീച്ചില്‍, വെണ്ടയ്‌ക്ക, കത്തിരിക്ക, തക്കാളി, പടവലം, പയര്‍, കോവല്‍ മുന്നുറോളം കശുമാവ്‌, 2000 വാഴകള്‍ അങ്ങനെ ഹരിത ലാസ്യഭംഗി വിടര്‍ത്തി കോളെജിനെ സുന്ദരിയാക്കുന്നു.



വളക്കൂറില്ലാത്തതും ഈര്‍പ്പരഹിതവുമായ ചുട്ടു പൊള്ളുന്ന ചൊരി മണലിലെ അധ്വാനം പാഴാകുമെന്നു നിരുത്സാഹപ്പെടുത്തിയവര്‍ക്കുള്ള ഉത്തരമായിരുന്നു കോളെജില്‍ ആഘോഷപൂര്‍വം നടത്തിയ വിളവെടുപ്പ്‌ മഹോത്സവം. പച്ചക്കറിയുടെ വിളെവെടുപ്പ്‌ മഹോത്സവം നടത്തിയത്‌ കേന്ദ്രമന്ത്രി കെ.സി വേണുഗോപാലായിരുന്നു.


കഠിനാധ്വാനവും കൃഷിപ്പണിയിലെ മിടുക്കും മാത്രമല്ല മണ്ണിനെ സ്‌നേഹിക്കുന്ന ഒരു മനസും വേണം കൃഷി വിജയിക്കാനെന്ന ബാലപാഠമാണ്‌ കോളേജ്‌ കുട്ടികള്‍ക്ക്‌ പറഞ്ഞു നല്‌കുന്നത്‌.



ഗവണ്‍മെന്റിന്റെ സഹായത്തോടെ കോളെജിലെ ഏകദേശം 10 ഏക്കര്‍ സ്ഥലത്ത്‌ പരമ്പരാഗത സമിശ്ര കൃഷിയും ഹൈടെക്‌ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത വിത്തുകളും ഉപയോഗിച്ചാണ്‌ കൃഷി ചെയ്‌തത്‌. കൃഷി സ്‌നേഹിക്കുന്ന അധ്യാപകരെയും കുട്ടികളെയും ഒരു കുടക്കീഴില്‍ അണി നിരത്തുവാന്‍ കോളേജ്‌ മാനേജര്‍ ഫാ. സോളമന്‍ ചാരങ്കാട്ടിനുംകോളെജ്‌ പ്രിന്‍സിപ്പല്‍ പ്രഫ.എബി ജോണ്‍ ജോസഫിനും സാധിച്ചതോടെയാണ്‌ പൊന്നുവിളയിക്കാന്‍ കോളെജിന്‌ സാധിച്ചത്‌. കോളെജിലെ ഫാം ക്ലബ്‌ യുവഹരിതയില്‍ അംഗങ്ങളായ 70 കുട്ടികളാണ്‌ കൃഷിപണികള്‍ക്ക്‌ നേതൃത്വം നല്‌കുന്നത്‌. യുവഹരിത കോര്‍ഡിനേറ്റര്‍ ജ്യോതി മരിയ മാത്യുവിന്റെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക്‌ കൃഷിയില്‍ പ്രത്യേക പരിശീലനം കൃഷിഭവന്‍ വഴി നല്‌കിയിരുന്നു.


പരമ്പരാഗത കൃഷി രീതിയായ റിലേ ഫാമിംങ്ങിലൂടെ മികച്ച ആദായം കൊയ്യനുള്ള ശ്രമത്തിലാണ്‌ വിദ്യാര്‍ത്ഥികള്‍. ജൈവവളം ഉപയോഗിച്ചുള്ള കൃഷി രീതിയാണ്‌ കോളെജില്‍ നടത്തുന്നത്‌. ഇതിനായി മണ്ണിര കമ്പോസ്‌റ്റിന്റെ ഒരു യൂണിറ്റ്‌ കേളെജില്‍ പ്രവൃത്തിക്കുന്നുണ്ട്‌. പ്രകൃത്തി ദത്ത കീടനിയന്ത്രണം എടുത്തു പറയേണ്ടതാണ്‌. കുരിശാകൃതിയില്‍ മരകഷണങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ പക്ഷിക്കാലുകള്‍ പച്ചക്കറിത്തോട്ടത്തില്‍ പലഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്‌. ഈ കാലില്‍ വന്നിരിക്കുന്ന പക്ഷികള്‍ കീടനിയന്ത്രണത്തിന്‌ സഹായിക്കുന്നു. കൂടാതെ ഫിറമോണ്‍ കെണിയും തുളസി കെണിയും ഉപയോഗിക്കുന്നു.


പച്ചക്കറികള്‍ക്ക്‌ പുറമേ മുന്നുറോളം കശുമാവും 2000 വാഴകളും ഇവിടെ കൃഷി ചെയ്യുന്നു. കൂടാതെ ഇടവിളയായി കോവലും കൃഷി ചെയ്യുന്നുണ്ട്‌. വിമണ്‍ സെല്‍ നേതൃത്വം നല്‌കുന്ന കുറ്റിമുല്ല കൃഷിയാണ്‌ മറ്റൊരു പ്രത്യേകത. മത്സ്യകൃഷിയായി മുഷി, റെഡ്‌ ബെല്ലീസ്‌, എന്നീ വ്യത്യസ്‌തയിനം മത്സ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്‌ ഇവിടെ.


വിപണി കണ്ടെത്താന്‍ പ്രയാസമില്ലാത്തതിനാല്‍ പച്ചക്കറി ഉത്‌പാദിപ്പിച്ചാല്‍ എങ്ങനെ വിറ്റഴിക്കുമെന്നോര്‍ത്ത്‌ വിഷമിക്കേണ്ട കാര്യവുമില്ല. പച്ചക്കറികള്‍ വാങ്ങിക്കാന്‍ കോളെജിലെ ജീവനക്കാര്‍ തന്നെ തയാറാണ്‌. കോളെജിനു മുന്നില്‍ വൈകുന്നേരങ്ങളില്‍ സ്ഥാപിക്കുന്ന സ്റ്റാളില്‍ നിന്ന്‌ വഴിയാത്രക്കാരും പച്ചക്കറി വാങ്ങുവാന്‍ തയാറാണ്‌.



മറ്റൊരു കോളെജിനും അവകാശപ്പെടുവാന്‍ സാധിക്കാത്ത മറ്റൊരു പെരുമയും ഈ കോളെജിനുണ്ട്‌. കോളെജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്‌ കേളെജില്‍ വാഴ കൃഷി നടത്തുന്നത്‌. റിട്ടേര്‍ഡായ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പുലര്‍ച്ചേ കാമ്പസില്‍ എത്തി കേളെജ്‌ കോമ്പൗണ്ടിലെ വാഴ തോട്ടത്തില്‍ കൃഷിപ്പണിയും നനയ്‌ക്കലിനുമായി സമയം കണ്ടെത്തുന്നു.

ചേര്‍ത്തല സൗത്ത്‌ കൃഷിഭവനിലെ ഓഫീസറും ഉദ്യോഗസ്ഥരുമടങ്ങുന്നവരുടെ മേല്‍നോട്ടവും സഹായസഹകരണവും കൃഷിയെ പത്തരമാറ്റ്‌ വിജയത്തിലേക്ക്‌ നയിക്കുന്നു.

കോളെജിന്റെ കാര്‍ഷിക വിജയത്തിന്‌ അംഗീകാരമായി 2012-13ലെമികച്ച കൃഷി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡ്‌, ഏറ്റവും കൂടുതല്‍ കശുമാവ്‌ കൃഷി നടത്തുന്നതിനുള്ള കാര്‍ഷിക സര്‍വകലാശാലയുടെ അംഗീകാരം എന്നിവയാണ്‌ കോളെജിനെ തേടിയെത്തിയിരുന്നു. വരും വര്‍ഷം കൂടുതല്‍ കരുത്തോടെ കൃഷി വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ സെന്റ്‌ മൈക്കിള്‍സ്‌.