Breaking News

Trending right now:
Description
 
Apr 05, 2014

ഫാ. പോള്‍ ആച്ചാണ്ടി, സി.എം.ഐ. പ്രിയോര്‍ ജനറാള്‍

image കൊച്ചി: സി.എം.ഐ. സഭയുടെ പുതിയ പ്രിയോര്‍ ജനറാളായി റവ. ഡോ. പോള്‍ ആച്ചാണ്ടി തിരഞ്ഞെടുക്കപ്പെട്ടു. കാക്കനാട്‌ സി.എം.ഐ. ജനറലേറ്റില്‍ നടന്ന മുപ്പത്തിയേഴാമത്‌ പൊതുസംഘത്തിലാണ്‌ സി.എം.ഐ. സഭയുടെ ഇരുപത്തിഒന്നാമത്തെ ജനറാളായി റവ. ഡോ. പോള്‍ ആച്ചാണ്ടി തിരഞ്ഞെടുക്കപ്പെട്ടത്‌. ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍ ആയിരുന്നു ഇതുവരെ പ്രിയോര്‍ ജനറാള്‍.

സി.എം.ഐ. സഭാ സ്ഥാപകരില്‍ പ്രമുഖനായ ചാവറ കുര്യക്കോസ്‌ ഏലിയാസ്‌ അച്ചനെ വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ ചാവറ ആദ്ധ്യാത്മിക ചൈതന്യം സി.എം.ഐ. സന്യാസ സമൂഹത്തിലും അതുവഴി ലോകം മുഴുവനിലുമുള്ള കുടുംബങ്ങളിലേക്ക്‌ പകര്‍ന്നു നല്‍കുക എന്നതാണ്‌ തന്റെ ദൗത്യം എന്ന്‌ റവ. ഡോ. പോള്‍ ആച്ചാണ്ടി പറഞ്ഞു. സി.എം.ഐ. സഭയുടെ മിഷനറി ചൈതന്യത്തിന്‌ കൂടുതല്‍ ഊന്നല്‍ നല്‍കി ഭാരതത്തിനു പുറമേ ആഫ്രിക്ക, ലാറ്റിനമേരിക്ക രാജ്യങ്ങളിലും സഭയുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും. വിശുദ്ധനായ ചാവറപ്പിതാവിന്റെ ആദ്ധ്യാത്മികതയില്‍ അടിയുറച്ച്‌ സി.എം.ഐ. സഭയെ നയിക്കാനും അതുവഴി തിരുസഭയ്‌ക്ക്‌ ശുശ്രൂഷ ചെയ്യുവാനും ഇടയാകുന്നതിനായി തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‌ ഫാ. പോള്‍ ആച്ചാണ്ടി അഭ്യര്‍ത്ഥിച്ചു.

1963 മെയ്‌ മൂന്നിന്‌ ഇരിഞ്ഞാലക്കുട രൂപതയില്‍ വെള്ളാഞ്ചിറയില്‍ ആച്ചാണ്ടി കുടുംബത്തില്‍ കുര്യാപ്പന്റെയും ത്രേസ്യാമ്മയുടെയും മൂത്തമകനായി ഫാ. പോള്‍ ജനിച്ചു. 1978-ല്‍ സി.എം.ഐ. സഭയില്‍ പ്രവേശിച്ച ഫാ. പോള്‍, വരന്തരപ്പള്ളി, എല്‍ത്തുരുത്ത്‌, എന്നിവിടങ്ങളില്‍ നിന്ന്‌ മൈനര്‍ സെമിനാരി പരിശീലനം പൂര്‍ത്തിയാക്കി. 1981-ല്‍ എല്‍ത്തുരുത്ത്‌ സെന്റ്‌ അലോഷ്യസ്‌ കോളേജില്‍ നിന്നും പ്രീഡിഗ്രി സമ്പാദിച്ചതിനു ശേഷം അമ്പഴക്കാട്‌ നവസന്യാസഭവനത്തില്‍ പ്രവേശിച്ച്‌, 1983 മെയ്‌ 31-ാം തിയതി ആദ്യ വ്രതം സ്വീകരിച്ചു.

ബാംഗളൂര്‍ ധര്‍മ്മാരാം കോളേജില്‍ നിന്ന്‌ തത്വശാസ്‌ത്രത്തിലും ദൈവശാസ്‌ത്രത്തിലും ബിരുദങ്ങള്‍ പൂര്‍ത്തിയാക്കി. 1988 ല്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌ കോളേജില്‍ നിന്നും ബി. കോം ബിരുദം പാസായതിനു ശേഷം 1985 ല്‍ മഹാരാഷ്‌ട്ര ജാല്‍ഗണ്‍ സര്‍വ്വകലാശാലയില്‍ നിന്ന്‌ എം.ബി.എ. സമ്പാദിച്ചു. 1992 ഡിസംബര്‍ 29-ാം തീയതി ചാലക്കുടി കാര്‍മ്മലില്‍ വച്ച്‌ അഭിവന്ദ്യ ജയിംസ്‌ പഴയാറ്റില്‍ പിതാവില്‍ നിന്ന്‌ പൗരോഹിത്യം സ്വീകരിച്ചു. 2002 ല്‍ മദ്രാസ്‌ ഐ.ഐ.റ്റി. യില്‍ നിന്ന്‌ മാനേജുമെന്റില്‍ ഡോക്‌ടറേറ്റ്‌ നേടി.

ബാംഗളൂര്‍ ക്രൈസ്റ്റ്‌ കോളേജില്‍ എം.ബി.എ. ഡയറക്‌ടര്‍, തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജ്‌ ഡയറക്‌ടര്‍, തൃശ്ശൂര്‍ ദേവമാതാ പ്രവശ്യയുടെ വികാര്‍ പ്രൊവിന്‍ഷ്യല്‍ എന്നീ തലങ്ങളില്‍ സേവനമനുഷ്‌ഠിച്ച ഫാ. പോള്‍ ആച്ചാണ്ടി 2008 മുതല്‍ തൃശ്ശൂര്‍ ദേവമാതാ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യലായിരുന്നു.